സല്‍മാന്‍ ഖാനെ നായകനാക്കി തമിഴ് സംവിധായകനായ എ ആര്‍ മുരുഗദോസ് ഹിന്ദിയിലൊരുക്കിയ ചിത്രമായിരുന്നു സിക്കന്ദര്‍. വലിയ ഹൈപ്പോടെ എത്തിയ ചിത്രം പക്ഷെ തിയേറ്ററില്‍ പരാജയമായിരുന്നു. തെന്നിന്ത്യയിലെ സൂപ്പര്‍ഹിറ്റ് സംവിധായകനും ബോളിവുഡ് സൂപ്പര്‍സ്റ്റാറും ഒന്നിക്കുമ്പോള്‍ വമ്പന്‍ എന്റര്‍ടെയ്നര്‍ തന്നെയാകും ലഭിക്കുക എന്നായിരുന്നു പ്രേക്ഷകരുടെ പ്രതീക്ഷ.എന്നാല്‍ വിപരീതമായിരുന്നു സംഭവിച്ചത്. ഇപ്പോഴിതാ സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്ന് പറയുകയാണ് മുരുഗദോസ് . ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് മുരുഗദോസ് ഇതേ കുറിച്ച് സംസാരിച്ചത്.
മുരുഗദോസിന്റെ വാക്കുകള്‍…….
‘സ്പോട്ട് ചേഞ്ചസ് എന്ന പറയുന്ന കാര്യമുണ്ടല്ലോ. അത് ഒരുപാട് നടക്കും. അതേ കുറിച്ച് എനിക്ക് കൂടുതല്‍ പറയാനാകില്ല. അത് പലരെയും വേദനിപ്പിക്കും. അങ്ങനെ ചെയ്യാന്‍ എനിക്ക് താല്‍പര്യമില്ല. ഷൂട്ടിലും ചില നിയന്ത്രണങ്ങളുണ്ടായിരുന്നു. ആ സമയത്ത് സല്‍മാന്‍ ഖാന് സുരക്ഷാ ഭീഷണിയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഏറെ വൈകിയാണ് അദ്ദേഹം വരുക. രാത്രിയിലായിരുന്നു ഷൂട്ട്. രാത്രി 9 മണിക്ക് രാവിലത്തേത് പോലെ ലൈറ്റ് സെറ്റ് ചെയ്ത് ഷൂട്ട് ചെയ്യുന്നത് ഏറെ ബുദ്ധിമുട്ടാണ്. പുറത്തുള്ള സ്ഥലങ്ങളിലും ഷൂട്ട് ചെയ്യാന്‍ പറ്റില്ലായിരുന്നു. എല്ലാം സി ജിയിലും, ഗ്രീന്‍മാറ്റിലും എടുത്താല്‍ ശരിയാകില്ലല്ലോ. പിന്നെ, വരുന്നതും ലേറ്റ്. ഇതില്‍ കൂടുതലൊന്നും പറയാനില്ല. ഞാന്‍ കുറച്ചധികം കഷ്ടപ്പെട്ടു’.
സിക്കന്ദര്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 141.15 കോടി നേടിയെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. സല്‍മാനോടൊപ്പം രശ്മിക മന്ദാന, സത്യരാജ്, ഷര്‍മാന്‍ ജോഷി, പ്രതീക് ബബ്ബര്‍, കാജല്‍ അഗര്‍വാള്‍ എന്നിവരടങ്ങിയ താരനിര സിക്കന്ദറില്‍ അണിനിരന്നിരുന്നു. സാജിദ് നദിയാദ്വാലയുടെ സാജിദ് നദിയാദ്വാല ഗ്രാന്റ് സണ്‍സാണ് ചിത്രം നിര്‍മ്മിച്ചത്.
















