മമ്മൂട്ടി പൂർണ്ണ ആരോഗ്യവാൻ ആണെന്ന് നടനും മമ്മൂട്ടിയുടെ സഹോദരീ പുത്രനുമായ അഷ്കർ സൗദാൻ പറഞ്ഞു. അദ്ദേഹം കുറച്ച് കാലം വിശ്രമത്തിലായിരുന്നുവെന്നും പുതിയ ഗെറ്റപ്പിൽ ഉടൻ വരും എന്നും അഷ്കർ സൗദാൻ പറഞ്ഞു. കേസ് ഡയറി എന്ന ചിത്രത്തിന്റെ പ്രസ് മീറ്റിനിടെയാണ് നടൻ ഇക്കാര്യം പറഞ്ഞത്.
‘അദ്ദേഹം പൂർണ്ണ ആരോഗ്യവാൻ ആണ്. കുറച്ച് വിശ്രമം എടുത്തുവെന്ന് മാത്രം. അടുത്ത മാസം പുതിയ അദ്ദേഹം ഗെറ്റപ്പിൽ വരും. സെപ്റ്റംബർ 7 ന് പിറന്നാളാണ്. പുതിയ ഗെറ്റപ്പിനായിട്ടാണ് മാറി നിന്നത്. അദ്ദേഹത്തിൻ്റെ തിരിച്ച് വരവിൽ കുടുംബം വലിയ ആകാംക്ഷയിലാണ്,’ അഷ്കർ സൗദാൻ പറഞ്ഞു.
മമ്മൂക്കയുടെ തിരിച്ചു വരവ് ആഘോഷമാക്കുകയാണ് സോഷ്യൽ മീഡിയ. കാറും കോളും ഭീതിയിലാക്കിയ ഒരു വലിയ കടല്‍ താണ്ടിയതിന്റെ ആശ്വാസം ഉണ്ടെന്നും ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചുവെന്നും മമ്മൂട്ടിയുടെ സഹോദരനും നടനുമായ ഇബ്രാഹിം കുട്ടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കിട്ടു. മമ്മൂക്കയുടെ ആരോഗ്യം മെച്ചപ്പെടുവാൻ വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദിയും ഇബ്രാഹിം കുട്ടി അറിയിച്ചിരുന്നു.
സിനിമയില്‍ മമ്മൂട്ടി സജീവമാകുന്നത് കാണാന്‍ കാത്തിരിക്കുകയാണെന്നാണ് നിരവധി പേര്‍ കുറിക്കുന്നത്. കളങ്കാവലാണ് മമ്മൂട്ടിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പേട്രിയറ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെ ആയിരുന്നു മമ്മൂട്ടി ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇടവേള എടുത്തത്. വൈകാതെ തന്നെ അദ്ദേഹം ഷൂട്ടിങ്ങിലേക്ക് തിരിച്ചെത്തുമെന്നാണ് കരുതപ്പെടുന്നത്.
















