പവൻ കല്യാണ്‍ നായകനായി എത്തിയ ചിത്രമാണ് ഹരി ഹര വീര മല്ലു. കഴിഞ്ഞ മാസം 24 നായിരുന്നു ചിത്രം തിയറ്ററുകളിലെത്തിയത്. വൻ ഹൈപ്പോടെയാണ് ചിത്രം തിയറ്ററുകളിലെത്തിയതെങ്കിലും ബോക്സോഫീസിൽ തിളങ്ങാനായില്ല. ഇപ്പോഴിതാ ഒരു മാസത്തിനുള്ളിൽ തന്നെ ചിത്രം ഒടിടിയിലെത്തിയിരിക്കുകയാണ്. ആമസോൺ പ്രൈം വിഡിയോയിലൂടെ ചിത്രം ഇന്ന് മുതൽ സ്‍ട്രീമിംഗ് തുടങ്ങി കഴിഞ്ഞു.
കൃഷ്, ജ്യോതി കൃഷ്ണ എന്നിവർ ചേർന്നാണ് ഈ ബ്രഹ്മാണ്ഡ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബോബി ഡിയോൾ, നിധി അഗർവാൾ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. ഇന്ത്യയിൽ നിന്ന് 84.3 കോടി മാത്രമാണ് ചിത്രത്തിന് നേടാനായത്. ആഗോളത്തലത്തിൽ 113.85 കോടിയാണ് ചിത്രം നേടിയത്.
കോഹിനൂർ രത്നം വീണ്ടെടുക്കാനായി വീര മല്ലു ഗോൽക്കൊണ്ടയിൽ നിന്ന് ഡൽഹിയിലേക്ക് നടത്തുന്ന യാത്രയാണ് സിനിമയുടെ ഇതിവൃത്തം. വിമത യോദ്ധാവായ വീര മല്ലുവായാണ് പവൻ കല്യാൺ ചിത്രത്തിലെത്തിയത്. ഔറംഗസേബായി ബോബി ഡിയോളുമെത്തി. പാൻ ഇന്ത്യൻ റിലീസ് ആയിട്ടാണ് ചിത്രമെത്തിയതെങ്കിലും ഒരു ഭാഷയിലും മികച്ച കളക്ഷൻ നേടാൻ ചിത്രത്തിനായില്ല. രണ്ട് ഭാഗങ്ങളിലായാണ് ചിത്രമെത്തുന്നത്.
രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നാണ് സിനിമാ പ്രേക്ഷകരുടെ പ്രതീക്ഷ. മെഗാ സൂര്യ പ്രൊഡക്ഷന്റെ ബാനറിൽ എഎം രത്‌നമാണ് ഹരി ഹര വീര മല്ലു നിർമിച്ചിരിക്കുന്നത്. എം എം കീരവാണി ആണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്.
അതേസമയം ‘ഭീംല നായക്’ ആയിരുന്നു മുമ്പ് താരത്തിന്റെതായി പ്രദര്‍ശനത്തിനെത്തിയ ചിത്രം. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ അയ്യപ്പനും കോശിയുടെയും തെലുങ്ക് റീമേക്കായിരുന്നു ‘ഭീംല നായക്’. ‘ഭീംല നായക്’ എന്ന ചിത്രം സംവിധാനം ചെയ്‍തത് സാഗര്‍ കെ ചന്ദ്രയാണ്. സൂര്യദേവര നാഗ വംശിയാണ് നിര്‍മാതാവ്. സിത്താര എന്റര്‍ടെയ്‍ൻമെന്റ്‍സിന്റെ ബാനറിലാണ് ചിത്രത്തിൻ്റെ നിര്‍മാണം നിർവ്വഹിച്ചിരുന്നത്.
സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. പവന്‍ കല്ല്യാണ്‍ ബിജു മേനോന്‍റെ ‘അയ്യപ്പന്‍ നായര്‍’ എന്ന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുമ്പോള്‍ പൃഥ്വിരാജിന്റെ കഥാപാത്രത്തെയാണ് റാണ ദഗുബാട്ടി അവതരിപ്പിച്ചത്. നിത്യ മേനോൻ ആണ് ചിത്രത്തില്‍ പവൻ കല്യാണിന്റെ നായികയായി എത്തിയത്.
















