ഐക്കണിക് ഫിലിം പോസ്റ്ററുകളും ലോഗോകളും ഡിസൈൻ ചെയ്ത പ്രശസ്ത ഗ്രാഫിക് ഡിസൈനർ ജോ കരോഫ് അന്തരിച്ചു. 104–ാം ജന്മദിനത്തിന് ഒരു ദിവസം മുമ്പ് മാൻഹട്ടനിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. വിഖ്യാതമായ ജെയിംസ് ബോണ്ട് 007 ഗൺ ലോഗോ രൂപകൽപ്പന ചെയ്തത് ജോ കരോഫ് ആണ്.
‘വെസ്റ്റ് സൈഡ് സ്റ്റോറി’, ‘എ ഹാർഡ് ഡേയ്‌സ് നൈറ്റ്’ എന്നിവയുടെ പോസ്റ്ററുകൾ, ‘ലാസ്റ്റ് ടാംഗോ ഇൻ പാരീസ്’, ‘മാൻഹട്ടൻ’, ‘റോളർബോൾ’ തുടങ്ങിയ ചിത്രങ്ങളുടെ ടൈപ്പോഗ്രാഫിയും സൃഷ്ടിച്ചത് ഗ്രാഫിക് ഡിസൈനറായ ജോ കരോഫാണ്. ഓറിയോൺ പിക്‌ചേഴ്‌സിന്റെ ലോഗോയും ടൈറ്റിൽ സിഗ്നേച്ചറും, ഡെക്കാ റെക്കോർഡ്‌സിനായി നിരവധി ആൽബം കവറുകളും എബിസിയുടെ ഒളിമ്പിക് കവറേജിനുള്ള ലോഗോകളും ഡിസൈൻ ചെയ്തത് കരോഫാണ്.
ആദ്യ ബോണ്ട് ചിത്രമായ ‘ഡോക്ടർ നോ’യുടെ പോസ്റ്റർ ഡിസൈനറായ ഡേവിഡ് ചാസ്മാൻ ‘വെസ്റ്റ് സൈഡ് സ്റ്റോറി’യുടെ പോസ്റ്റർ ഡിസൈൻ ചെയ്യാൻ 1961ൽ ആണ് അദ്ദേഹത്തെ വിളിക്കുന്നത്. തുടർന്ന് ചാസ്മാൻ ഏൽപ്പിച്ച ദൗത്യത്തിൽ നിന്നാണ് വിഖ്യാതമായ ജയിംസ് ബോണ്ടിന്റെ ലോഗോ പിറക്കുന്നത്. 300 ഡോളറാണ് ആ ഡിസൈന് അന്ന് പ്രതിഫലമായി കരോഫിന് ലഭിച്ചത്. ഇന്നും അതേ ലോഗോയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാണ് ജയിംസ് ബോണ്ട് ചിത്രങ്ങളിൽ ഉപയോഗിക്കുന്നത്. എന്നാൽ കരോഫിന് ഇതിന്റെ റോയൽറ്റിയോ ക്രെഡിറ്റോ ലഭിച്ചിട്ടില്ല.
ന്യൂജേഴ്സിയിൽ പെയിന്ററായിരുന്ന ജൂലിയസിന്റെ അഞ്ചാമത്തെ മകനായാണ് ജോസഫ് കരോഫ് എന്ന ജോ കരോഫ് ജനിക്കുന്നത്. ചാർളി ചാപ്ലിൻ ചിത്രം ‘ദ് കിഡ്’ പോസ്റ്റർ ഡിസൈൻ ചെയ്ത ഫ്രഞ്ച് ഡിസൈനർ ജീൻ കാർലുവിന്റെ അസിറ്റന്റായി കരോഫ് പഠനകാലത്ത് ജോലി ചെയ്തിരുന്നു. 1942ൽ കരോഫ് അഡ്വർടൈസിങ് ഡിസൈനിൽ ബിരുദം നേടി. അമേരിക്കൻ സൈന്യത്തിന്റെ പ്രൊപഗാൻഡ ലീഫ്‌ലെറ്റുകളും കരോഫ് ഡിസൈൻ ചെയ്ത് നൽകിയിട്ടുണ്ട്.
















