ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള ഹനുമാന്റെ സാഹസികതകളെ ആസ്പദമാക്കിയുള്ള ‘ചിരഞ്ജീവി ഹനുമാൻ: ദി എറ്റേണൽ’ എന്ന ചിത്രത്തിനെതിരെ സംവിധായകൻ അനുരാഗ് കശ്യപ് രംഗത്ത്. വിജയ് സുബ്രഹ്‌മണ്യത്തിന്റെ നേതൃത്വത്തിലുള്ള കളക്ടീവ് ആര്‍ട്ടിസ്റ്റ് നെറ്റ്‌വർക്കിനെതിരെയും അനുരാഗ് കശ്യപ് വിമർശനം ഉന്നയിച്ചു.
“വിജയ് സുബ്രഹ്‌മണ്യത്തിന് അഭിനന്ദനങ്ങള്‍. കലാകാരന്മാരെയും എഴുത്തുകാരെയും സംവിധായകരെയും പ്രതിനിധീകരിക്കുന്ന കളക്ടീവ് ആര്‍ട്ടിസ്റ്റ് നെറ്റ്‌വര്‍ക്കിന് നേതൃത്വം നല്‍കുന്ന വ്യക്തി ഇതാ ഇപ്പോള്‍ എഐ നിര്‍മിച്ച ഒരു സിനിമ അവതരിപ്പിക്കുന്നു. ഇത്തരം ഏജന്‍സികള്‍ക്കെല്ലാം പണം സമ്പാദിക്കുക എന്നതില്‍ മാത്രമാണ് താല്‍പര്യം. അതുകൊണ്ട് തന്നെ അവര്‍ പൂര്‍ണമായും എഐയിലേക്ക് പോകുന്നു”, അനുരാഗ് കശ്യപ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഏതൊരു നടനും അല്ലെങ്കില്‍ സ്വയം കലാകാരന്‍ എന്ന് വിളിക്കുന്ന നട്ടെല്ലുള്ള ആരാണെങ്കിലും ഈ എഐ സിനിമ അവതരിപ്പിക്കുന്നതില്‍ അദ്ദേഹത്തെ ചോദ്യം ചെയ്യുകയോ ഏജന്‍സി വിടുകയോ ചെയ്യണം. ഹിന്ദി ചലച്ചിത്ര മേഖലയിലെ നട്ടെല്ലില്ലാത്തവരും ഭീരുക്കളുമായ കലാകാരന്മാരുടെ ഭാവി ഇതാണ്. നിങ്ങള്‍ ചെയ്തത് വളരെ നന്നായി വിജയ് സുബ്രഹ്‌മണ്യം. നാണക്കേട് തോന്നുന്നു”, അനുരാഗ് കശ്യപ് കൂട്ടിച്ചേര്‍ത്തു.
മുഴുവനായും എഐ ഉപയോഗിച്ച് നിർമ്മിച്ചെന്നു മാത്രമല്ല, ചിത്രത്തിനായി സംഗീതമൊരുക്കുന്നത് ത്രിലോക് എന്ന എഐ ടെക്നോളജിയാണെന്നതും ശ്രദ്ധേയമാണ്. സാംസ്കാരിക പഠന വിദഗ്ധരുടെ നിർദ്ദേശത്തോടെ 50 പേരടങ്ങുന്ന ടീമാണ് ചിത്രത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. ചിത്രം അടുത്ത വർഷം ഹനുമാൻ ജയന്തിക്ക് തിയേറ്ററുകളിലെത്തിക്കാനാണ് പദ്ധതി.
അനുരാഗ് കശ്യപിനൊപ്പം സംവിധായകനായ വിക്രമാദിത്യ മോത്‌വാനിയും പ്രതിഷേധമറിയിച്ചിട്ടുണ്ട്. എന്നാൽ ചിത്രം പ്രഖ്യാപിച്ചു കൊണ്ട് അണിയറപ്രവത്തകർ പങ്ക് വെച്ച പോസ്റ്റിന് നടൻ രൺവീർ സിങ്ങും, മറ്റ് ചില താരങ്ങളും ലൈക്ക് ചെയ്ത് സപ്പോർട്ട് ചെയ്തു എന്നതും സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായിട്ടുണ്ട്.
















