മകൻ പ്രണവിന് പിന്നാലെ മോഹൻലാലിന്റെ മകൾ വിസ്മയയുടെ സിനിമാ പ്രവേശനം ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. താരരാജാവിന്റെ പിന്മുറക്കാർ സിനിമാലോകത്ത് സജീവമാകുന്നു എന്നുള്ളതാണ് ഇതിൽ ഏറ്റവും സന്തോഷം.
മകളുടെ സിനിമാ പ്രവേശനത്തിന് ആശംസ നേർന്നുകൊണ്ട് വികാര നിർഭരമായ കുറിപ്പ് ലാലേട്ടൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ വിസ്മയ സിനിമയിലെത്താനുള്ള കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് മോഹൻലാൽ.
അവർക്ക് സിനിമയിൽ അഭിനയിക്കണമെന്ന് പറഞ്ഞെന്നും ഒരുപക്ഷേ പ്രണവ് സിനിമയിലഭിനയിച്ചതു കണ്ടതു കൊണ്ടാകാം വിസ്മയക്കും അങ്ങനെ തോന്നിയതെന്നും മോഹൻലാൽ പറഞ്ഞു. സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
മോഹൻലാലിന്റെ വാക്കുകളിങ്ങനെ…
അവർക്ക് സിനിമയിൽ അഭിനയിക്കണമെന്ന് പറഞ്ഞു. ആക്ടിങ് സ്കൂളിലൊക്കെ പഠിച്ചയാളാണ് അവർ. ഒരുപാട് കാര്യങ്ങൾ പഠിക്കുന്ന കുട്ടിയാണ്. ആ കുട്ടി സിനിമയിൽ അഭിനയിക്കണമെന്ന് താല്പര്യം പ്രകടിപ്പിച്ചു. തുടർച്ചയായി സിനിമ ചെയ്യണമെന്നൊന്നും പറഞ്ഞില്ല. ഒരു സിനിമ ചെയ്യണമെന്നേ പറഞ്ഞുള്ളൂ. ഒരുപക്ഷേ പ്രണവ് സിനിമയിലഭിനയിച്ചതു കണ്ടതു കൊണ്ടാകാം വിസ്മയക്കും അങ്ങനെ തോന്നിയത്. എനിക്കും സിനിമ ചെയ്യാൻ സമയമായി, ഐ ആം പ്രിപ്പയേർഡ് എന്ന് പറഞ്ഞപ്പോഴാണ് ഈ സിനിമയുണ്ടായത്. ജൂഡ് ആന്തണിയുടെ ഒരു കഥ ഇവർക്ക് വളരെ ആപ്റ്റ് ആയിട്ട് തോന്നി. അതും മാർഷ്യൽ ആർട്സുമായി ബന്ധമുള്ള സിനിമയാണ്.
ആ കഥ വിസ്മയയോട് പറഞ്ഞപ്പോൾ, ഞങ്ങൾ കേൾക്കുകയും ചെയ്തപ്പോൾ ഈ സിനിമയുണ്ടായി. പ്രണവും അങ്ങനെയായിരുന്നു. അയാൾ സ്കൂളിലെ ബെസ്റ്റ് ആക്ടർ ഒക്കെയായിരുന്നു. പക്ഷേ അഭിനയത്തോട് വലിയ പ്രതിപത്തിയൊന്നും ഉണ്ടായിരുന്നില്ല. ഒരുഘട്ടം വന്നപ്പോൾ ഒരു സിനിമ ചെയ്യാമെന്ന് തീരുമാനിച്ചു. അങ്ങനെയാണ് അയാൾ സിനിമയിലെത്തിയത്. ഒരു ആക്ടറുടെ മകനോ മകളോ സിനിമയിലെത്തണമെന്ന് ഒരു നിർബന്ധവുമില്ല. തങ്ങള്‍ക്ക് സ്വന്തമായി ഒരു പ്രൊഡക്ഷന്‍ ഹൗസും മറ്റ് സൗകര്യങ്ങളുമെല്ലാമുള്ളതു കൊണ്ടാണ് അവര്‍ക്ക് സിനിമ ചെയ്തു കൊടുക്കാന്‍ സാധിക്കുന്നത്.
മോഹന്‍ലാലിന്റെ മകളായതു കൊണ്ട് അവര്‍ക്ക് നാളെ ഒരു സിനിമ കിട്ടില്ലെന്നും അവര്‍ സ്വയം തെളിയിക്കേണ്ടതുണ്ട്. അവര്‍ എക്‌സൈറ്റഡാണോ എന്ന കാര്യം എനിക്കറിയില്ല. അങ്ങനെയായിരിക്കുമെന്ന് കരുതുന്നു. നമ്മുടെ ഫാമിലിയെല്ലാം സിനിമയുമായി ബന്ധമുള്ളവരാണ്. വൈഫിന്റെ കുടുംബമൊക്കെ സിനിമയുമായി ബന്ധപ്പെട്ടവരായതു കൊണ്ട് അതിലെ എക്‌സൈറ്റ്‌മെന്റ് എനിക്ക് അത്ര അറിയില്ല. എനിക്ക് അങ്ങനെയില്ല. നന്നായി ചെയ്താല്‍ അവര്‍ക്ക് കൊള്ളാം. എന്റെ മകനും മകളും വലിയ ആക്ടേഴ്‌സാകണമെന്ന് ഞാന്‍ ആഗ്രഹിച്ചിട്ടില്ല. എന്നെക്കുറിച്ച് പോലും ഞാന്‍ അങ്ങനെ ചിന്തിച്ചിട്ടില്ല. ഇതെല്ലാം ഒരു ഭാഗ്യമാണ്.
content highlight: Vismaya Mohanlal
















