തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ തുടരും സിനിമയിലെ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് പ്രകാശ് വര്‍മ .എന്നാല്‍ ഇതിന് മുന്നേ തന്നെ നിരവധി ഹിറ്റ് പരസ്യ ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ സിനിമ സംവിധാനത്തിലേക്ക് കടക്കുകയാണ് പ്രകാശ് വര്‍മ . അടുത്ത വര്‍ഷം സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും പ്രകാശ് വര്‍മ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് പ്രകാശ് വര്‍മ ഇക്കാര്യം വെളിപ്പെടുത്തിയത്.
പ്രകാശ് വര്‍മയുടെ വാക്കുകള്‍…..
‘അഭിനയം ഒരിക്കലും ഞാന്‍ ആഗ്രഹിച്ച ഒന്നായിരുന്നില്ല. സംവിധാനം ചെയ്യണമെന്ന ആഗ്രഹം എപ്പോഴും എന്റെ ഉള്ളില്‍ ഉണ്ടായിരുന്നു. ഒരു സിനിമ സംവിധാനം ചെയ്യുക എന്നത് എന്റെ ലക്ഷ്യമാണ്. ഉടന്‍ തന്നെ ഞാന്‍ അവിടെ എത്തും. 2026 ല്‍ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കാന്‍ പദ്ധതിയുണ്ട്. പക്ഷെ സിനിമയുടെ കാര്യമാണ് എന്തും സംഭവിക്കാം. ഇപ്പോള്‍ ഒരു സിനിമ ചെയ്തില്ലെങ്കില്‍ ഇനി എപ്പോഴാണ് ചെയ്യുക. നിങ്ങള്‍ ആഗ്രഹിച്ച രീതിയില്‍ ചിലപ്പോള്‍ കാര്യങ്ങള്‍ വര്‍ക്ക് ഔട്ട് ആയില്ലെങ്കിലും വീണ്ടും ശ്രമിക്കാനുള്ള കരുത്ത് ഉണ്ടാക്കിയെടുക്കണം.’
അതേസമയം, അടുത്തിടെ വീണ്ടും പ്രകാശ് വര്‍മയും മോഹന്‍ലാലും ഒന്നിച്ച ഒരു പരസ്യ ചിത്രം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. പ്രകാശ് വര്‍മ്മയുടെ സംവിധാനത്തില്‍ നിര്‍വാണ പ്രൊഡക്ഷന്‍സ് നിര്‍മിച്ച വിന്‍സ്‌മേര ജുവല്‍സിന്റെ പരസ്യത്തില്‍ മോഹന്‍ലാല്‍ ആണ് അഭിനയിച്ചിരുന്നത്. സ്‌ത്രൈണ ഭാവത്തില്‍ മോഹന്‍ലാല്‍ എത്തിയ ഈ പരസ്യം നിമിഷ നേരം കൊണ്ടാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്.
















