ആമാശയത്തെ പരിപാലിക്കാൻ വൈകുന്നേരം 6.30ന് മുമ്പ് അത്താഴം കഴിക്കണമെന്ന് ബോളിവുഡ് താരം അക്ഷയ് കുമാർ. ഒരു പുസ്തക പ്രകാശന വേളയ്ക്കിടെയാണ് അത്താഴം കഴിക്കേണ്ട സമയത്തിന്റെ പ്രധാന്യം താരം പങ്കുവെച്ചത്.
അത്താഴം നേരത്തെ കഴിക്കുന്ന തന്റെ ശീലത്തെക്കുറിച്ചും അക്ഷയ് പറഞ്ഞു. എല്ലാ രോഗങ്ങളും ആമാശയത്തിൽ നിന്നാണ് വരുന്നതെന്നും ആമാശയത്തെ പരിപാലിക്കേണ്ടത് പ്രധാനമാണെന്നും അക്ഷയ് കുമാർ പറഞ്ഞു.
രാത്രിയിൽ നമ്മൾ ഉറങ്ങാൻ പോകുമ്പോൾ നമ്മുടെ കണ്ണുകൾ വിശ്രമിക്കുന്നുണ്ട് കാലുകൾ വിശ്രമിക്കുന്നുണ്ട് കൈകളും ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും വിശ്രമിക്കുന്നു.
പക്ഷേ, ഭക്ഷണം വൈകി കഴിച്ചതിനാൽ വയറിന് മാത്രം വിശ്രമമില്ലാത്ത അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. നമ്മൾ ഉറക്കം എഴുന്നേൽക്കുമ്പോൾ പ്രഭാതഭക്ഷണം കഴിക്കുന്നതിനാൽ വീണ്ടും വയറ് പ്രവർത്തിക്കാൻ തുടങ്ങും.
എപ്പോഴും 6.30ന് മുമ്പ് ഭക്ഷണം കഴിച്ചാൽ ഭക്ഷണം ദഹിപ്പിക്കാൻ സമയം ലഭിക്കും. ഉറങ്ങാൻ പോകുമ്പോഴേക്കും ആമാശയം വിശ്രമിക്കാൻ പൂർണമായും തയാറാകുമെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച താൻ ഉപവസിക്കുന്നുവെന്ന് നടൻ വെളിപ്പെടുത്തി.
ഞായറാഴ്ചത്തെ അവസാന ഭക്ഷണം കഴിഞ്ഞാൽ ചൊവ്വാഴ്ച രാവിലെയാകും അടുത്ത ഭക്ഷണം കഴിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ, ഭക്ഷണ സമയ ക്രമീകരണം ശരീരഭാരം കുറയ്ക്കാൻ എങ്ങനെ സഹായിച്ചുവെന്ന് നടിയും പ്രമുഖ ഹാസ്യ ടെലിവിഷൻ അവതാരകയുമായ ഭാരതി സിങ് വെളിപ്പെടുത്തിയിരുന്നു.
വൈകുന്നേരം 6.30 ന് അത്താഴം കഴിക്കാൻ തുടങ്ങിയ ശേഷമാണ് തന്റെ ശരീരം മാറിത്തുടങ്ങിയതെന്ന് അവർ പറഞ്ഞിരുന്നു.
















