പ്രദീപ് രംഗനാഥനെ നായകനാക്കി വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലവ് ഇന്‍ഷുറന്‍സ് കമ്പനി’ (LIK) . ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ ആരാധകര്‍. 100 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടി വന്‍ ഹിറ്റായ ഡ്രാഗണ്‍’നു ശേഷം വരുന്ന പ്രദീപ് രംഗനാഥന്‍ സിനിമ ആണിത്. പ്രദീപ് രംഗനാഥനെ കൂടാതെ ക്രിതി ഷെട്ടി, എസ്‌ജെ സൂര്യ, മിഷ്‌കിന്‍, യോഗി ബാബു തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. നാം തമിഴര്‍ കക്ഷി നേതാവ് സീമാന്‍ പ്രദീപ് രംഗനാഥന്റെ അച്ഛനായി അഭിനയിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. അനിരുദ്ധിന്റെ സംഗീതത്തില്‍ പുറത്തിറങ്ങിയ ‘ദീമാ’ എന്ന ഗാനം ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിക്കഴിഞ്ഞു. ആദ്യം ഓഗസ്റ്റ് 1-ന് ട്രെയിലര്‍ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, രജനികാന്തിന്റെ ‘കൂലി’ എന്ന സിനിമയുടെ ട്രെയിലര്‍ അന്നേ ദിവസം റിലീസ് ചെയ്തതുകൊണ്ട് ‘LIK’ ടീസര്‍ മാറ്റിവെക്കുകയായിരുന്നു. ആരാധകരെ നിരാശരാക്കാതെ ഓഗസ്റ്റ് 27-ന് ടീസര്‍ എത്തുമെന്ന് ഇപ്പോള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാല്‍, പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, ചിത്രം ദീപാവലി റിലീസായി ഒക്ടോബര്‍ 17-ന് തിയറ്ററുകളില്‍ എത്താനാണ് സാധ്യത. പ്രദീപ് രംഗനാഥന്റെ മറ്റൊരു ചിത്രമായ ‘ഡ്യൂഡ്’ കൂടി ദീപാവലിക്ക് മത്സരിക്കുന്നുണ്ടോ എന്ന ആശയക്കുഴപ്പവും ആരാധകര്‍ക്കുണ്ടായിരുന്നു. എന്നാല്‍, ‘ഡ്യൂഡ്’ മാറ്റിവെക്കാന്‍ സാധ്യതയുണ്ടെന്നും അതുകൊണ്ട് ‘LIK’ ദീപാവലിക്ക് എത്തുമെന്നുമാണ് കരുതുന്നത്. ദീപാവലിക്ക് ധ്രുവ് വിക്രമിന്റെ ‘ബൈസണ്‍’ എന്ന ചിത്രവുമായാണ് ‘LIK’ മത്സരിക്കാന്‍ പോകുന്നത്.
ചിത്രത്തിന്റെ ടൈറ്റില്‍ സംബന്ധിച്ച് നേരത്തെ ചില വിവാദങ്ങളുണ്ടായിരുന്നു. സിനിമയുടെ പേര് ‘ലവ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍’ എന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, സംഗീത സംവിധായകന്‍ എസ്.എസ്. കുമരന്‍ ഈ പേര് തന്റേതാണെന്ന് അവകാശപ്പെട്ടതിനെ തുടര്‍ന്ന്, ‘LIC’ എന്നതിനെ ‘LIK’ എന്ന് മാറ്റുകയായിരുന്നു. ഈ മാറ്റങ്ങള്‍ക്കൊടുവില്‍ പുറത്തുവന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമുണ്ടാക്കിയിരുന്നു.
















