അനുപമ പരമേശ്വരനെയും ദര്‍ശന രാജേന്ദ്രനേയും കേന്ദ്ര കഥാപാത്രമാക്കി പ്രവീണ്‍ കാണ്ട്രെഗുല സംവിധാനം ചെയ്യുന്ന ചിത്രമാണ് പര്‍ദ്ദ. ഇപ്പോഴിതാ തനിക്ക് സ്ത്രീ സൗഹൃദങ്ങള്‍ കുറവാണെന്നും ദര്‍ശനയുടെ സ്ത്രീ സൗഹൃദങ്ങള്‍ കണ്ട് അസൂയ തോന്നിയിട്ടുണ്ടെന്നും പറയുകയാണ് അനുപമ പരമേശ്വരന്. അടുത്തിടെ നല്കിയ ഒരു അഭിമുഖത്തിലാണ് അനുപമ ഇക്കാര്യം പറയുന്നത്.
അനുപമയുടെ വാക്കുകള്‍………
‘പതിനെട്ട് വയസ്സിലേ സിനിമയിലെത്തിയ ഒരാളാണ് ഞാന്‍. അന്ന് ഉണ്ടായ പെണ് സുഹൃത്തുക്കളെല്ലാം മറ്റ് രാജ്യങ്ങളിലാണ്. എനിക്ക് സൗഹൃദങ്ങള്‍ കൊണ്ടുപോകാന്‍ വളരെയധികം ബുദ്ധിമുട്ടുള്ള കാര്യമാണ്. ആദ്യ സിനിമ കഴിഞ്ഞ് ഞാന്‍ പിന്നെ മറ്റൊരു ഇന്‍ഡസ്ട്രിയിലേക്കാണ് പോയത്. എനിക്കുണ്ടായിരുന്ന പല സുഹൃത്തുക്കളും ഞാന്‍ നടിയാണ്, എന്റെ ആറ്റിട്യൂഡ് മാറിയെന്ന തോന്നലില്‍ മാറി പോയിട്ടുണ്ട്. എനിക്കവരുടെ കൂടെ സമയം ചെലവഴിക്കാന്‍ കഴിയാത്തത് കൊണ്ടാണ് അങ്ങനെ സംഭവിച്ചിട്ടുള്ളത്. എന്റെ അമ്മയാണ് എന്റെ ഏറ്റവും അടുത്ത സ്ത്രീ സുഹൃത്ത്. പിന്നെ എന്നോടൊപ്പം ജോലി ചെയ്യുന്ന ഹെയര്‍ സ്റ്റൈലിസ്റ്റ്. പിന്നെ ലച്ചു എന്നൊരു സുഹൃത്ത്. ഞാന്‍ എന്നും സംസാരിക്കുന്ന വളരെ ചുരുക്കം സുഹൃത്തുക്കളേയുള്ളൂ. അതുകൊണ്ട് തന്നെ പര്‍ദ്ദയിലെ സൗഹൃദം എന്നെ സംബന്ധിച്ച് എനിക്ക് അത്ര പരിചയമില്ലാത്ത ഒന്നായിരുന്നു.
എനിക്ക് അറിയില്ലായിരുന്നു എങ്ങനെയാണ് സ്ത്രീ സൗഹൃദങ്ങളെന്ന്. പര്‍ദ്ദയില്‍ ഞങ്ങള്‍ മൂന്നുപേരുടെയും ട്രാവലില്‍ അറിയാതെ ഒരു ബോണ്ട് ഉണ്ടാവുകയായിരുന്നു. അതെനിക്ക് ആദ്യ അനുഭവമാണ്. ദര്‍ശനയ്ക്ക് ഒരുപാട് സ്ത്രീ സുഹൃത്തുക്കളുണ്ട്. അതില്‍ എനിക്ക് നല്ല അസൂയയുണ്ട്. എന്തൊരു ഫണ്‍ ആയിരിക്കും ജീവിതം. അതുമാത്രമല്ല ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ മനസിലാക്കുന്ന പോലെ മറ്റൊരാള്‍ക്കും കഴിയില്ല. എനിക്കും അങ്ങനെയുള്ള പെണ് സുഹൃത്തുക്കള്‍ വേണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.’
സിനിമാ ബണ്ടി, ശുഭം എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ പ്രവീണ്‍ കാണ്ട്രെഗുല ഒരുക്കുന്ന പര്‍ദ്ദ 22 ന് തിയേറ്ററുകളിലെത്തുകയാണ്. ആനന്ദ മീഡിയയുടെ ബാനറില്‍ വിജയ് ഡോണ്‍കട, ശ്രീനിവാസലു പി.വി., ശ്രീധര്‍ മക്കുവ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
















