നീണ്ട വർഷത്തെ ഇടവേളയ്ക്ക് ശേഷം ഡാനിയേൽ ഡേ ലൂയിസ് അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നു. മൂന്ന് തവണ ഓസ്കാർ ജേതാവായ ഡാനിയേൽ ഡേ-ലൂയിസ് തന്റെ മകൻ റോണൻ ഡേ-ലൂയിസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ അനിമോണിലൂടെയാണ് താരം തിരിച്ചെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. ഡാനിയേൽ ഡേ ലൂയിസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഡാനിയേൽ ഡേ ലൂയിസിനൊപ്പം ഷോൺ ബീൻ, സാമന്ത മോർട്ടൻ, സാമുവേൽ ബോട്ടംലി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. ഒക്ടോബർ 3നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.
രണ്ട് സഹോദരങ്ങൾ തമ്മിലും അവരുടെ മക്കൾ തമ്മിലുമുള്ള അഗാധവും എന്നാൽ വിചിത്രവുമായ ബന്ധങ്ങളും വൈകാരികതയുമാണ് ചിത്രത്തിന്റെ പ്രമേയം. ഡാനിയേൽ ഡേ ലൂയിസിന്റെ മടങ്ങി വരവിൽ ഹോളിവുഡ് പ്രേക്ഷകർ ആവേശത്തിലാണ്. 2017ൽ റിലീസ് ചെയ്ത ഫാന്റം ത്രെഡ് ആണ് താരത്തിന്റേതായി അവസാനം റിലീസായ ചിത്രം.
മൈ ലെഫ്റ്റ് ഫുട്ട് എന്ന ചിത്രത്തിൽ ഓട്ടിസം ബാധിതനായ ഒരു ചിത്രകാരന്റെ വേഷം അഭിനയിച്ചതിനായിരുന്നു ഡാനിയേൽ ഡേ ലൂയിസ് ആദ്യ ഓസ്കർ നേടിയത്. പിന്നീട ദെയർ വിൽ ബി ബ്ലഡ് എന്ന ചിത്രത്തിൽ പെട്രോൾ ഖനന വിദഗ്ധനായുള്ള പ്രകടനത്തിനും പിന്നീട് സ്പിൽബെർഗ് സംവിധാനം ചെയ്ത ലിങ്കൺ എന്ന ചിത്രത്തിൽ എബ്രഹാം ലിങ്കണായി അഭിനയിച്ചും അദ്ദേഹം 2 ഓസ്കാറുകൾ കൂടെ നേടി.
















