തുടരുമെന്ന മോഹൻലാൽ ചിത്രത്തിൽ നായകനെക്കാൾ ജനശ്രദ്ധ നേടിയ താരമാണ് ജോർജ് സാർ. പ്രകാശ് വർമ്മ എന്ന നടനാണ് ഈ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ജോർജ് സാറിൽ നിന്നും പുറത്തിറങ്ങാൻ സമയമായെന്ന് തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് താരം. അമ്മ പോലും ഇപ്പോൾ എന്നെ വിളിക്കുന്നത് ജോർജ് സാറെന്നാണെന്നും അതിൽ നിന്ന് പുറത്തിറങ്ങാൻ സമയമായെന്നാണ് പ്രകാശ് വർമയുടെ പ്രതികരണം. കൊച്ചിയിൽ നടന്ന കോൺക്ലേവിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.
പ്രകാശ് വർമ പറയുന്നു..
ഞാനെന്റെ ജീവിതത്തിൽ ഇതുവരെ അനുഭവിക്കാത്ത കാര്യങ്ങളാണ് കഴിഞ്ഞ കുറച്ചു മാസങ്ങളായി അനുഭവിക്കുന്നത്. ഞാൻ ചെയ്ത പല പരസ്യങ്ങളും ഇപ്പോൾ കൂടുതൽ പേർ കാണുന്നു. അത് തുടരും എന്ന സിനിമയ്ക്ക് ശേഷം സംഭവിച്ചതാണ്.
പുലർച്ചെ 3 മണി വരെ എനിക്ക് വന്ന കോളുകൾ ഞാനെടുത്തിട്ടുണ്ട്. നെഗറ്റീവ് കഥാപാത്രം ആയിട്ടു പോലും കുട്ടികൾ വരെ ആ കഥാപാത്രത്തെ ഇഷ്ടപ്പെട്ടു. ആ സ്നേഹം വല്ലാത്ത ഒരു അനുഭൂതിയാണ്. പുറത്ത് ഇറങ്ങി ഒരു ചായ കുടിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ. പക്ഷേ, അത് ഞാൻ ആസ്വദിക്കുന്നു. പ്രേക്ഷകർ ഏറ്റെടുത്തതിൽ വലിയ സന്തോഷം. എന്റെ അമ്മ പോലും ഇപ്പോൾ എന്നെ വിളിക്കുന്നത് ‘ജോർജ് സർ’ എന്നാണ്.
അതിൽ നിന്ന് പുറത്തിറങ്ങാൻ സമയമായി. എന്റെ ഉള്ളിൽ ഞാനൊരു ഫിലിംമേക്കറാണ്. പക്ഷേ, ‘തുടരും’ എന്ന സിനിമയിലൂടെ അഭിനയം ഞാൻ ശരിക്കും ആസ്വദിച്ചു. എന്നെക്കുറിച്ചു പോലും പല കാര്യങ്ങൾ ഞാൻ മനസ്സിലാക്കി. ഞാനൊരു ഉൾവലിഞ്ഞ പ്രകൃതക്കാരനാണെന്നായിരുന്നു എന്റെ ധാരണ.
എന്നാൽ, ആ സിനിമയുടെ ചിത്രീകരണത്തിന് ഇടയിൽ കാണികളുടെ എണ്ണം കൂടുമ്പോൾ അത് ഞാൻ ആസ്വദിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞു. അങ്ങനെ പല കാര്യങ്ങൾ! തീർച്ചയായും അഭിനയം തുടരും. പക്ഷേ, മറ്റു കാര്യങ്ങളും ചെയ്യും.
content highlight: Prakash Varmma
















