വളരെ കട്ടി കുറഞ്ഞ മൃദുവായ ചർമ്മമായതിനാൽ ചുണ്ടിലെ ചർമ്മത്തിന് കേടുപാടുകൾ വരാനുള്ള സാധ്യത ഏറെയാണ്. അൾട്രാവയലറ്റ് രശ്മികൾ അമിതമായി ഏൽക്കുന്നതു മൂലം ഹൈപ്പർപിഗ്മെൻ്റേഷൻ പോലെയുള്ളവ ചുണ്ടുകളേയും ബാധിക്കും. ഇത് തടയാൻ സൺ പ്രൊട്ടക്ഷനുള്ള ലിപ് ബാം ഉപയോഗിക്കണം. എസ്പിഎഫ് 30 ഉള്ള ലിപ് ബാമാണ് ഏറ്റവും നല്ലത്.
ആൻ്റി ഓക്സിഡൻ്റായ വിറ്റാമിൻ ഇ വരണ്ട ചുണ്ടുകളിൽ വളരെ നന്നായി പ്രവർത്തിക്കും. ഇത് ഹൈപ്പർപിഗ്മെൻ്റേഷൻ കുറയ്ക്കാൻ ഗുണകരമാകും. വിറ്റാമിൻ ഇ അടങ്ങിയിരിക്കുന്ന ലിപ് ബാം ചുണ്ടുകൾ മോയിസ്ച്യുറൈസ് ചെയ്ത് അമിതമായി വരണ്ടു പോകുന്നത് തടയും.
ഷിയ ബട്ടർ ഒരു നാച്യുറൽ മോയിസ്ച്യുറൈസർ ആയിട്ട് പ്രവർത്തിക്കും. വിറ്റാമിൻ എ, വിറ്റാമിൻ ഇ എന്നിവ അടങ്ങിയിരിക്കുന്ന ഷിയ ബട്ടർ കേടായ ചർമ്മ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിന് ഇത് ഏറെ ഗുണകരമാണ്. ഇതിൻ്റെ ആൻ്റി ഓക്സിഡൻ്റ്, ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷതകൾ ചുണ്ടുകളിൽ ഉണ്ടാകുന്ന വീക്കം, വരൾച്ച എന്നിവ തടയും.
വെളിച്ചെണ്ണ പ്രകൃതിദത്തമായ മോയിസ്ച്യുറൈസറാണ്. ഇതിന് ധാരാളം ചർമ്മ സംരക്ഷണ ഗുണങ്ങളുണ്ട്. വെളിച്ചെണ്ണയുടെ ആൻ്റി മൈക്രോബിയൽ സവിശേഷതകൾ വിണ്ടു കീറിയ ചുണ്ടുകൾക്ക് മികച്ച പ്രതിവിധിയാണ്. അതിനാൽ ലിപ് ബാമിൽ വെളിച്ചെണ്ണ ഉണ്ടെന്ന് ഉറപ്പാക്കാം.
വിറ്റാമിൻ ഇയുടെ പ്രകൃതിദത്തമായ സ്രോതസ്സാണ് ജോജോബ ഓയിൽ. അത് ചുണ്ടിൻ്റെ ചർമ്മത്തെ കൂടുതൽ സോഫ്റ്റും ഈർപ്പമുള്ളതുമാക്കി തീർക്കുന്നു. അൾട്രാവയലറ്റ് രശ്മികളിൽ നിന്നും സംരക്ഷിക്കാനുള്ള കഴിവും ഇതിനുണ്ട്. അതിനാൽ ലിപ് ബാമിൽ ഇതുള്ളത് സുന്ദരമായ ചുണ്ടുകൾ നേടാൻ സഹായിക്കും.
















