തിയേറ്ററുകളിൽ സർപ്രൈസ് ഹിറ്റായി മാറിയ ചിത്രമാണ് ‘സു ഫ്രം സോ’ എന്ന കന്നഡ ചിത്രം. ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ജെ പി തുമിനാട് ആണ്. കന്നഡ നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയുടെ ലൈറ്റർ ബുദ്ധ ഫിലിംസ് ആണ് ചിത്രത്തിൻ്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്.
ഇപ്പോഴിതാ ഈ ഹിറ്റ് ചിത്രത്തിന് ശേഷം ബോളിവുഡ് താരം അജയ് ദേവ്ഗണുമൊത്ത് ജെ പി തുമിനാട് സിനിമ ചെയ്യാൻ ഒരുങ്ങുന്നെന്ന അപ്ഡേറ്റ് ആണ് പുറത്തുവരുന്നത്.
അജയ് ദേവ്ഗണിനെ ജെ പി തുമിനാട് സ്ക്രിപ്റ്റുമായി സമീപിച്ചെന്നും തിരക്കഥ ഇഷ്ടമായ നടൻ ഓക്കെ പറഞ്ഞെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. ഹൊറർ കോമഡി ചിത്രമായിട്ടാണ് ഈ അജയ് ദേവ്ഗൺ സിനിമ എത്തുന്നത് എന്നാണ് സൂചന.
ജെ പി തുമിനാടിനോട് സ്ക്രിപ്റ്റ് പൂർത്തിയാക്കാൻ അജയ് ദേവ്ഗൺ ആവശ്യപ്പെട്ടതായും 2026 തുടക്കത്തോടെ സിനിമയുടെ ഷൂട്ട് ആരംഭിക്കുമെന്നുമാണ് റിപ്പോർട്ട്. ജനനായകൻ, യഷ് ചിത്രം ടോക്സിക് എന്നിവ നിർമിക്കുന്ന കെവിഎൻ പ്രൊഡക്ഷൻസ് ആണ് ഈ നിർമ്മിക്കാൻ ഒരുങ്ങുന്നത്.
സു ഫ്രം സോ ബോക്സ് ഓഫീസിൽ നിന്ന് 50 കോടിയും കടന്ന് മുന്നേറുകയാണ്. ജെ പി തുമിനാട് തന്നെയാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്തിരിക്കുന്നതും. ഷാനിൽ ഗൗതം, ദീപക് രാജ് പണാജെ, പ്രകാശ് തുമിനാട്, മൈം രാമദാസ്, സന്ധ്യ അരേകേരേ , രാജ് ബി ഷെട്ടി എന്നിവരും ചിത്രത്തിൽ കൈയ്യടി നേടുന്ന പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.
















