രാം ചരണ്‍ നായകനാക്കി ബുചി ബാബു സന സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ പാന്‍ ഇന്ത്യന്‍ ചിത്രമാണ് പെഡ്ഡി. ഇപ്പോഴിതാ ചിത്രത്തില്‍ രാംചരണിന്റെ അമ്മ വേഷത്തിലേക്ക് തന്നെ വിളിച്ചിരുന്നെന്നും എന്നാല്‍ ആ വേഷം താന്‍ നിരസിച്ചുവെന്നും പറയുകയാണ് നടി സ്വാസിക.
സ്വാസികയുടെ വാക്കുകള്‍…….
‘തുടര്‍ച്ചയായി എനിക്ക് അമ്മ വേഷങ്ങള്‍ വരാറുണ്ട്. അതില്‍ എനിക്ക് ഷോക്ക് ആയത് രാംചരണിന്റെ അമ്മയായി ഒരു സിനിമയിലേക്ക് വിളിച്ചപ്പോഴാണ്. പെഡ്ഡി എന്നൊരു വലിയ സിനിമയിലാണ് എന്നെ ആ ഒരു കഥാപാത്രത്തിനായി വിളിച്ചത്. പക്ഷെ ആ കഥാപാത്രത്തിനോട് ഞാന്‍ നോ പറഞ്ഞു. ഞാന്‍ ആ കഥാപാത്രം ചെയ്താല്‍ എങ്ങനെ വരുമെന്ന് എനിക്കറിയില്ല. പക്ഷെ ഇപ്പോ രാംചരണിന്റെ അമ്മയായി അഭിനയിക്കാനുള്ള ആവശ്യം എനിക്കില്ല. പിന്നീട് ചെയ്യണമെന്ന് തോന്നിയാല്‍ ചെയ്യാം പക്ഷെ ഇപ്പോ അതിനോട് ഞാന്‍ നോ പറഞ്ഞു’.
അതേസമയം, ജാന്‍വി കപൂര്‍ നായികയായെത്തുന്ന ‘പെഡ്ഡി’ രാം ചരണിന്റെ പതിനാറാമത്തെ ചിത്രമാണ്. വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് ചിത്രത്തിന്റെ നിര്‍മാണം. മൈത്രി മൂവി മേക്കര്‍സ്, സുകുമാര്‍ റൈറ്റിങ്സ് എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാറും നിര്‍ണായക വേഷം ചെയ്യുന്നുണ്ട്. എ ആര് റഹ്മാന് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.
















