ആരാധകര്‍ ഏറെ കാത്തിരുന്ന വിശാല്‍ ചിത്രം മകുടത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങി. ഒരു ഹാര്‍ബറിന്റെ രാജാവായി വെള്ള നിറത്തിലുള്ള കോട്ട് അണിഞ്ഞ് പുറംതിരിഞ്ഞ് നില്ക്കുന്ന വിശാലിനെയാണ് ടീസറില്‍ കാണാന്‍ കഴിയുന്നത്. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് രവി അരശ് ആണ്.
ജില്ല, കീര്‍ത്തിചക്ര, തിരുപ്പാച്ചി തുടങ്ങി നിരവധി ഹിറ്റ് തമിഴ്, മലയാളം സിനിമകള്‍ നിര്‍മിച്ച സൂപ്പര്‍ ഗുഡ് ഫിലിംസ് ആണ് ഈ ചിത്രം നിര്‍മിക്കുന്നത്. സൂപ്പര്‍ ഗുഡ് ഫിലിംസ് നിര്‍മിക്കുന്ന 99-ാമത് സിനിമയാണിത്. ദുഷാര വിജയനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. കൂടാതെ അഞ്ജലി, യോഗി ബാബു എന്നിവരും മകുടത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്.
വിശാലിന്റെ മാര്‍ക്ക് ആന്റണിയുടെ സംഗീത സംവിധാനം നിര്‍വഹിച്ച ജി വി പ്രകാശ് തന്നെയാണ് മകുടത്തിന്റെയും സംഗീതം. റിച്ചാര്‍ഡ് എം നാഥന് ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് ശ്രീകാന്ത് എന്‍ബി നിര്‍വഹിക്കുന്നു. ചെന്നൈയില്‍ 45 ദിവസം നീണ്ട ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായ ശേഷമാണ് ടീസര്‍ പുറത്തിറങ്ങിയത്.
















