അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്ത് അര്‍ജുന്‍ അശോകന്‍ നായകനായെത്തിയ ചിത്രം ‘തലവര’ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ മനോഹരമായ പ്രണയ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. ‘ഇലകൊഴിയേ തണലായ് അരികേ…’ എന്ന് തുടങ്ങുന്ന ഗാനത്തിന് ഈണം നല്‍കിയിരിക്കുന്നത് ഇലക്ട്രോണിക് കിളിയാണ്. എഴുതിയിരിക്കുന്നത് മുത്തുവും പാടിയിരിക്കുന്നത് രാകൂ, ഇസൈ എന്നിവരും ചേര്‍ന്നാണ്.
മഹേഷ് നാരായണനും ഷെബിന്‍ ബക്കറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തില്‍ ‘പാണ്ട’ എന്ന കഥാപാത്രമായി അര്‍ജുന്‍ അശോകനെത്തിയപ്പോള്‍ ജ്യോതി എന്ന നായികാ കഥാപാത്രമായാണ് രേവതി ശര്‍മ്മ എത്തിയിരിക്കുന്നത്. അശോകന്‍, ഷൈജു ശ്രീധര്‍, അശ്വത് ലാല്‍, പ്രശാന്ത് മുരളി, അഭിറാം രാധാകൃഷ്ണന്‍, ദേവദര്‍ശിനി, അമിത് മോഹന്‍ രാജേശ്വരി, സാം മോഹന്‍, മനോജ് മോസസ്, സോഹന്‍ സീനുലാല്‍, മുഹമ്മദ് റാഫി, വിഷ്ണു രെഘു, ശരത് സഭ, ഷെബിന്‍ ബെന്‍സണ്‍, ആതിര മറിയം, വിഷ്ണുദാസ്, ഹരീഷ് കുമാര്‍, സുമ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ ഒരുമിച്ചിരിക്കുന്നത്.
പാലക്കാടിന്റെ തനത് സംസാരശൈലിയുമായി എത്തിയിരിക്കുന്ന ചിത്രത്തില്‍ മലയാളത്തിലെ യുവതാരനിരയില്‍ ശ്രദ്ധേയനായ അര്‍ജുന്‍ അശോകന്‍ ഇതുവരെ അവതരിപ്പിക്കാത്ത രീതിയിലുള്ളൊരു ഗെറ്റപ്പിലാണുള്ളത് എന്നതാണ് പ്രത്യേകത. ഷെബിന്‍ ബെക്കര്‍ പ്രൊഡക്ഷന്‍സിന്റേയും മൂവിംഗ് നരേറ്റീവ്‌സിന്റേയും ബാനറില്‍ ഷെബിന്‍ ബെക്കറും മഹേഷ് നാരായണനും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്നതാണ് ചിത്രം.
അഖില്‍ അനില്‍കുമാറും അപ്പു അസ്ലമും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മനോഹരമായ ദൃശ്യങ്ങള്‍ ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് അനീഷും എഡിറ്റിംഗ് രാഹുല്‍ രാധാകൃഷ്ണനും ഹൃദ്യമായ പാട്ടുകള്‍ ഒരുക്കിയിട്ടുള്ളത് ഇലക്ട്രോണിക് കിളിയുമാണ്.
















