ചർമത്തിൽ കാണപ്പെടുന്ന മാറ്റങ്ങൾ പലപ്പോഴും നമ്മൾ അവഗണിക്കാറുണ്ട്. എന്നാൽ ഇത്തരം മാറ്റങ്ങൾ ചെറുതായി കാണാൻ പാടുള്ള ഒന്നല്ല. കരളിനോ, രക്തത്തിനോ, രോഗപ്രതിരോധ സംവിധാനത്തിനോ എന്തെങ്കിലും തകരാർ സംഭവിച്ചാൽ ആദ്യ ലക്ഷണങ്ങൾ പ്രകടമാകുന്നത് ചർമത്തിലാണ്. സ്‌കിൻ കാൻസർ ഉൾപ്പെടയുള്ള മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുടെ സൂചനയായും ചർമത്തിൽ പലതരം മാറ്റങ്ങൾ കണ്ടുവരാറുണ്ട്. അത്തരത്തിൽ ആരോഗ്യ പ്രശ്‌നങ്ങളെ സൂചിപ്പിക്കുന്ന ചർമത്തിലെ 7 മാറ്റങ്ങൾ ഇതാ.
ഇരുണ്ട നിറം
കഴുത്തിലോ കക്ഷത്തിലോ കട്ടിയുള്ളതും ഇരുണ്ടതുമായ പാടുകൾ കാണപ്പെടുന്നത് പലപ്പോഴും ചർമരോഗമായി നമ്മൾ തെറ്റുധരിക്കപ്പെടാറുണ്ട്. എന്നാൽ ഈ ലക്ഷണങ്ങൾ സാധാരണമായി ഇൻസുലിൻ പ്രതിരോധവുമായി ബന്ധപ്പെട്ടിരിക്കുന്നു. വൈദ്യ ശാസ്ത്രത്തിൽ അകാന്തോസിസ് നൈഗ്രിക്കൻസ് എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്. പ്രമേഹ സാധ്യതയെ കുറിച്ച് ശരീരം നൽകുന്ന ഒരു സൂചനയായും ചർമത്തിൽ ഈ പാടുകൾ കണ്ടുവരാറുണ്ട്. ഇത് കൂടാതെ ചില ആളുകളിൽ ഹോർമോൺ തകരാറുകൾ, വയറ്റിലെ കാൻസർ തുടങ്ങിയ രോഗങ്ങളുടെ ഭാഗമായും ഈ അവസ്ഥ കണ്ടുവരാറുണ്ട്.
ചിത്രശലഭത്തിന്‍റെ ആകൃതിയിൽ കാണപ്പെടുന്ന ചുവപ്പ് നിറം
കവിൾത്തടങ്ങളിലും മൂക്കിലും ചിത്രശലഭത്തിന്‍റെ ആകൃതിയിൽ കാണപ്പെടുന്ന വിട്ടുമാറാത്ത ചുവപ്പ് നിറം ഓട്ടോഇമ്മ്യൂൺ രോഗമായ ലൂപ്പസിന്‍റെ ലക്ഷണമാകാം. ക്ഷീണം, സന്ധിവേദന, പനി എന്നീ ലക്ഷണങ്ങളും ഇതോടൊപ്പം ഉണ്ടാകയേക്കാം.
ചൊറിച്ചിൽ, വരണ്ട ചർമ്മം
ശൈത്യകാലത്ത് ചർമം വരണ്ടതാകുകയും ചൊറിച്ചിൽ അനുഭവപ്പെടുന്നതും സാധാരണമാണ്. എന്നാൽ പതിവായി വരണ്ട ചർമം അനുഭവപ്പെട്ടാൽ ശ്രദ്ധിക്കേണ്ടതുണ്ട്. തൈറോയ്‌ഡ് തകരാറുകൾ, വൃക്കരോഗങ്ങൾ, കരൾ പ്രശ്‌നങ്ങൾ എന്നീ രോഗങ്ങളുടെ ഭാഗമായി ഇത് കണ്ടുവരാം.
മറുകുകൾ
ആകൃതിയോ നിറമോ മാറുന്നതോ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്‌തമായി കാണപ്പെടുകയോ ചെയ്യുന്നതായ മറുകുകളെ അവഗണിക്കരുത്. സ്‌കിൻ കാൻസറുകളുടെ ഭാഗമായി കണ്ടുവരുന്ന ഒരു പ്രധാന ലക്ഷണമാണിത്. നേരത്തെ കണ്ടെത്തിയാൽ ചികിത്സിച്ച് ബേധമാക്കാൻ സാധിക്കുന്നതിനാൽ ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ആരോഗ്യ വിദഗ്‌ധരെ സമീപിക്കുക.
അകാരണമായ ചതവുകൾ
അകാരണമായി ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കാണപ്പെടുന്ന ചതവുകൾ പോലുള്ള പാടുകൾ വിറ്റാമിൻ കുറവ് മൂലം ഉണ്ടാകാം. ചില ആളുകളിൽ പ്ലേറ്റ്‌ലെറ്റ് ഡിസോർഡർ അല്ലെങ്കിൽ രക്താർബുദത്തിന്‍റെ ലക്ഷണമായും ഈ അവസ്ഥ കണ്ടുവരാറുണ്ട്. അതിനാൽ പതിവായി ഈ ലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യ വിദഗ്‌ധന്‍റെ സഹായം തേടേണ്ടതാണ്.
കട്ടിയുള്ള ചർമ്മം
ചർമം അസാധാരണമായി ഇറുകുകയോ കട്ടിയുള്ളതോ ആയി കണ്ടാൽ സ്ക്ലിറോഡെർമയുടെ സൂചനയാകാം. ചർമത്തെ മാത്രമല്ല അവയവങ്ങളെയും ഇത് ബാധിച്ചേക്കാം. വൃക്ക സംബന്ധമായ രോഗങ്ങൾക്കുള്ള മരുന്നുകളുടെ ദീർഘകാലമായുള്ള ഉപയോഗവും ഇത്തരം അവസ്ഥകൾക്ക് കാരണമാകാറുണ്ട്.
ഉണങ്ങാത്ത മുറിവുകൾ
ആഴ്‌ചകളോളം ഉണങ്ങാത്ത മുറിവുകൾ, വീണ്ടും വീണ്ടും വരുന്ന വ്രണങ്ങൾ എന്നിവ രക്തചംക്രമണം ശരിയായി നടക്കുന്നില്ലെന്നതിന്‍റെ ഒരു സൂചനയാണ്. പ്രമേഹം, സ്‌കിൻ കാൻസർ തുടങ്ങിയ അവസ്ഥകളുടെ സൂചനയായും ഈ ലക്ഷണങ്ങൾ കണ്ടുവരാറുണ്ട്.
















