ശിവകാര്‍ത്തികേയനെ നായകനാക്കി എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് മദ്രാസി. ചിത്രത്തിന്റെ ട്രെയ്ലര്‍ ഇന്നലെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മികച്ച പ്രതികരണമാണ് ട്രെയ്ലറിന് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ട്രെയ്ലര്‍ ലോഞ്ചില്‍ നടന്‍ ശിവകാര്‍ത്തികേയന്‍ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
ശിവകാര്‍ത്തികേയന്റെ വാക്കുകള്‍……….
’14 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എനിക്ക് മുരുഗദോസ് സാറിന്റെ പ്രൊഡക്ഷന്‍ കമ്പനിയില്‍ നിന്നൊരു ഫോണ്‍ വന്നു. അദ്ദേഹത്തിന്റെ നിര്‍മാണത്തില്‍ ഒരുങ്ങുന്ന മാന്‍ കരാട്ടെ എന്ന സിനിമയില്‍ അഭിനയിക്കാനായിരുന്നു അത്. ആ സിനിമയുടെ ഓഡിയോ ലോഞ്ചില്‍ വെച്ച് ഞാന്‍ എന്നെങ്കിലും ഒരു എ ആര്‍ മുരുഗദോസ് സിനിമയിലും ഷങ്കര്‍ സിനിമയിലും അഭിനയിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അന്ന് സോഷ്യല്‍ മീഡിയയിലൂടെ എല്ലാവരും എന്നെ ട്രോളി. പക്ഷെ എനിക്ക് സിനിമ ചെയ്യുമെന്നുള്ള കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നു. ഇന്നിതാ മുരുഗദോസ് സാറിനൊപ്പം ഞാന്‍ മദ്രാസി ചെയ്തു’.
മദ്രാസിയില്‍ മലയാളികളുടെ പ്രിയപ്പെട്ട താരം ബിജു മേനോനും പ്രധാന കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. പോലീസ് വേഷത്തിലാണ് ബിജു മേനോന്‍ സിനിമയില്‍ എത്തുന്നത്. ട്രെയിലറിലെ അനിരുദ്ധിന്റെ ബാക്ക്ഗ്രൗണ്ട് സ്‌കോറിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. വിദ്യുത് ജംവാള്‍ ആണ് സിനിമയില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്.
ശിവകാര്‍ത്തികേയന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന ബജറ്റിലാണ് സിനിമയൊരുങ്ങുന്നത്. ഇത് ആദ്യമായാണ് എ ആര്‍ മുരുഗദോസ്സ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശിവകാര്‍ത്തികേയന്‍ അഭിനയിക്കുന്നത്.
















