രൺബീർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും 250 കോടി രൂപയുടെ ബംഗ്ലാവിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. രൺബീറിന്റെ മുത്തശ്ശിയും പ്രശസ്ത സംവിധായകൻ രാജ് കപൂറിന്റെ ഭാര്യയുമായ കൃഷ്ണ കപൂറിന്റെ പേരാണ് ഈ ബംഗ്ലാവിന് നൽകിയിരിക്കുന്നത്. ആറുനിലകളുള്ള ഈ വീടിന്റെ നിർമാണം അവസാനഘട്ടത്തിലാണ്.
2022 ഏപ്രിലിൽ ഇരുവരും വിവാഹിതരാവുന്നതിനു മുൻപു തന്നെ ബംഗ്ലാവിന്റെ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. വർഷങ്ങളായി രൺബീറും ആലിയയും ഈ ബംഗ്ലാവിന്റെ മേൽനോട്ടവുമായി തിരക്കിലായിരുന്നു. തിരക്കുകൾക്കിടയിലും ഇരുവരും നിരന്തരം സൈറ്റ് സന്ദർശിച്ച് നിർമാണ പുരോഗതി പരിശോധിക്കാറുണ്ടായിരുന്നു. ഇപ്പോഴിതാ, ആലിയയുടെയും രൺബീറിന്റയും ആ വലിയ സ്വപ്നം സഫലമാവുകയാണ്.
ബാന്ദ്രയിലാണ് ആറുനിലകളുള്ള കൃഷ്ണരാജ് ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. ഏകദേശം 250 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ചിരിക്കുന്ന ഈ വീടിന്റെ ഓരോ ബാൽക്കണികളിലും പച്ചപ്പിന്റെ സാന്നിധ്യം കാണാം. അകത്തായി വലിയതും സുന്ദരവുമായ ഷാൻഡ്ലിയേഴ്‌സും കാണാം.
റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം ഒരു മാസംകൊണ്ട് ഇന്റീരിയർ ജോലികൾ പൂർത്തിയാക്കി, വീട് താമസത്തിനൊരുങ്ങും. ഒക്ടോബർ അവസാനം ദീപാവലി സമയത്ത് ആലിയയും റൺബീറും പുതിയ വീട്ടിലേക്ക് താമസം മാറുമെന്നാണ് റിപ്പോർട്ട്. നവംബർ 8ന് മകൾ റാഹ കപൂറിന്റെ മൂന്നാം പിറന്നാൾ പുതിയ വീട്ടിൽ ആഘോഷിക്കാനുമെന്ന പ്രതീക്ഷയിലാണ് താരദമ്പതികൾ. ഇപ്പോൾ, റൺബീറും ആലിയയും ബാന്ദ്രയിലെ വാസ്തു അപ്പാർട്ട്മെന്റിലാണ് താമസിക്കുന്നത്. 2022ൽ വിവാഹം നടന്നതും ഈ വീട്ടിലാണ്.
















