ബിഗ് ബോസ് ഹൗസിൽ മൂന്നാഴ്ചയാണ് കെ ബി ശാരികയ്ക്ക് പിടിച്ചു നിൽക്കാനായത്. എന്നാൽ തന്റെ ഹോട് സീറ്റിലെത്തുന്നവരെ പൊരിക്കുന്ന ശാരികയെ അല്ല ബിഗ് ബോസ് വീട്ടിനുള്ളിൽ കണ്ടത്. തനിക്ക് ശരിക്ക് പെർഫോം ചെയ്യാൻ പറ്റിയില്ലെന്ന് പുറത്തായതിന് ശേഷം അവർ പറഞ്ഞിരുന്നു. ശരിക്കും നരകത്തിൽ ജീവിക്കുന്നത് പോലെ ആയിരുന്നു എന്നാണ് മോഹൻലാലിന്റെ അടുത്തെത്തിയ ശാരിക പറഞ്ഞത്. എന്നാലിത ശാരികയുടെ ഹോട് സീറ്റിലേക്ക് എത്തിയ ബിഗ് ബോസിനെ ശാരിക പൊരിക്കുന്ന വിഡിയോ വൈറലായിരിക്കുകയാണ്.
ബിഗ് ബോസ്, നിങ്ങൾ ഒരു മനുഷ്യന് ഏഴിന്റെ പണി കൊടുക്കുമ്പോൾ മര്യാദ കുറച്ചെങ്കിലും ആവാം. പണിപ്പുര ടാസ്ക് ആയാലും മറ്റ് ടാസ്കുകളിൽ ആയാലും ഉടുതുണി കൊടുക്കാതെയാണോ മനുഷ്യാ നിങ്ങൾ ഒരു വീട്ടിൽ മത്സരാർഥികളെ കൊണ്ടുവന്ന് താമസിപ്പിക്കുന്നത്. പ്രാഥമിക ആവശ്യങ്ങൾ പോലും നിഷേധിക്കുന്നതിനെ എങ്ങനെയാണ് ഒരു ഗെയിം ആയിട്ട് പറയാൻ കഴിയുക,” ഹോട്സീറ്റിൽ ബിഗ് ബോസ് എന്ന് സങ്കൽപ്പിച്ച് ശാരികയുടെ വാക്കുകൾ ഇങ്ങനെ.
“എങ്ങനെയാണ് ഇതൊരു സീസൺ ആവുന്നത്. ദൈന്യരൂപത്തിലാണ് നിങ്ങൾ മത്സരാർഥികളെ അവിടെ കൊണ്ടുവന്ന് ഇട്ടിരിക്കുന്നത്. ഇതിനെയൊക്കെ സീസൺ എന്നല്ല, ഇതിനെയൊക്കെ വേറെ പേരാണ് ഇടേണ്ടത് ബിഗ് ബോസ്. പല മത്സരാർഥികളും അവിടെ പല കള്ളത്തരങ്ങളും കാണിക്കുന്നു. മറ്റ് മത്സരാർഥികൾ അതിന്റെ പിറകെ നടക്കുന്നു. ഇതെല്ലാം നിങ്ങൾ 71 ക്യാമറ വെച്ചിട്ടാണ് ചെയ്യുന്നത് എന്ന് പറയുന്നു. എന്നിട്ടും എന്തുകൊണ്ട് നിങ്ങൾ അവിടെ വാ തുറന്ന് സംസാരിക്കുന്നില്ല.”
“അവിടെ നോമിനേഷൻ എന്നൊരു പരിപാടിയുണ്ട്. ആ നോമിനേഷനിൽ ബിഗ് ബോസ് പറയുന്ന കുറേ ന്യായങ്ങളുണ്ട്. എന്നാൽ അവിടെ എവിക്ഷനിലേക്ക് നോമിനേറ്റ് ചെയ്യുന്നത് വ്യക്തി വൈരാഗ്യം കാരണമാണ്. അതൊരു നിയമമായി നിങ്ങൾക്ക് കൊണ്ടുവന്നൂടെ. വ്യക്തി വൈരാഗ്യം അവിടെ ഒരിക്കലും പാടില്ല എന്ന് നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ? ആരാണ് നിങ്ങളെ ഈ ഗെയിം പഠിപ്പിച്ചത്?” ഇങ്ങനെ പോകുന്നു ശാരകയുടെ ബിഗ് ബോസിനെ പൊരിക്കൽ.
















