പരീക്ഷാ രജിസ്‌ട്രേഷന് ആധാർ കാർഡ് ഹാജരാക്കണമെന്ന സിബിഎസ്ഇ നിർദേശം ഗൾഫിലെ രക്ഷിതാക്കളെ ആശങ്കയിലാക്കുന്നു. വിദ്യാർത്ഥികളുടെ പ്രാഥമിക തിരിച്ചറിയൽ രേഖയായ ആപാർ നമ്പർ തയാറാക്കാനാണ് ആധാർ കാർഡ് ആവശ്യപ്പെടുന്നത്.
പ്രവാസി വിദ്യാർത്ഥികളിൽ ഭൂരിപക്ഷം പേർക്കും ആധാർ കാർഡില്ല. ഗൾഫിലെ സിബിഎസ്ഇ സ്‌കൂളുകളിൽ പഠിക്കുന്ന ഇന്ത്യക്കാരല്ലാത്ത വിദ്യാർത്ഥികൾ ഇക്കാര്യത്തിൽ എന്ത് ചെയ്യുമെന്ന ചോദ്യത്തിനും സിബിഎസ്ഇ മറുപടി നൽകിയിട്ടില്ല.
വിദ്യാർത്ഥികളുടെ അക്കാദമിക രേഖകളും, കലാകായിരംഗത്തെ നേട്ടങ്ങൾ വ്യക്തമാക്കുന്ന രേഖകളും ഏകീകൃത നമ്പറിന് കീഴിൽ കൊണ്ടുവരുന്ന സംവിധാനമാണ് ആപാർ. ഒമ്പത് മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികളെയാണ് ആദ്യഘട്ടത്തിൽ ആപാറിന് കീഴിൽ കൊണ്ടുവരിക.
ആപാറിൽ വിദ്യാർഥികളുടെ പേര് വിലാസം എന്നിവയുടെ ആധികാരികത ഉറപ്പാക്കാൻ രക്ഷിതാക്കളുടെയും കുട്ടികളുടെയും ആധാർ കാർഡ് ഹാജരാക്കണം. ഇത് സംബന്ധിച്ച് സിബിഎസ്ഇ പുറപ്പെടുവിച്ച നിർദേശം ഇന്ത്യയിലെന്ന പോലെ ഗൾഫിലെ സ്‌കൂളുകൾക്കും ലഭിച്ചിട്ടുണ്ട്.
എന്നാൽ, ആധാർ കാർഡില്ലാത്ത പ്രവാസി വിദ്യാർത്ഥികളും ഇന്ത്യക്കാരല്ലാത്ത വിദേശി വിദ്യാർത്ഥികളും എന്ത് ചെയ്യുമെന്ന ചോദ്യവുമായി വിവിധ സ്‌കൂളുകൾ ദുബൈയിലെ സിബിഎസ്ഇ മേഖലാ ഓഫീസിനെ സമീപിച്ചിട്ടുണ്ടെങ്കിലും ഉത്തരം ലഭിച്ചിട്ടില്ല.
















