ചാന്തുപൊട്ടിലെ ദിലീപിന്റെ കഥാപാത്രത്തെ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. അത്രമാത്രം സ്വീകാര്യത നേടിയതാണ് രാധ എന്ന കഥാുപാത്രം. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് തുറന്ന് പറയുകയാണ് സംവിധായകൻ ലാൽ ജോസ്. രാധ എന്ന രാധാകൃഷ്ണന് ചില ബിഹേവിയറല്‍ പ്രശ്‌നങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും കഥാപാത്രം
ട്രാന്‍സ്‌ജെന്ററല്ലെന്നുമാണ് ലാൽ ജോസ് പറയുന്നത്. ഓൺലൈന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
ലാല്‍ ജോസിന്റെ വാക്കുകള്‍:
ട്രാന്‍സ്‌ജെന്ററല്ല ആ കഥാപാത്രം. ആളുകള്‍ കഥ അറിയാതെ ആട്ടം കണ്ടതാണ്. അയാള്‍ക്ക് ബിഹേവിയറല്‍ പ്രശ്‌നമുണ്ടെന്നേയുള്ളൂ. അയാള്‍ ആ പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും കുഞ്ഞുണ്ടാവുകയും ചെയ്യുന്നുണ്ട്. ലൈംഗികമായി അയാള്‍ക്ക് യാതൊരു പ്രശ്‌നവുമില്ല. അയാളുടെ പെരുമാറ്റ രീതിയില്‍ ചെറിയൊരു സ്വാധീനമുണ്ടായിട്ടുണ്ടെന്ന് മാത്രം. ചാന്തുപൊട്ടിലെ കഥാപാത്രത്തിന്റെ ഔട്ട്‌ലുക്കിന്റെ ക്രെഡിറ്റ് മുഴുവന്‍ ദിലീപിനാണ്. ആ കഥാപാത്രം നേരത്തെ തന്നെ അവന്റെ ഉള്ളിലുണ്ടായിരുന്നു. ബെന്നിയുടെ അറബിക്കടലും അത്ഭുതവിളക്കും എന്ന നാടകമായിരുന്നു സിനിമയായത്. നാടകത്തില്‍ ബെന്നിയാണ് രാധാകൃഷ്ണനായത്.
പക്ഷെ അതിലെ കഥ വ്യത്യസ്തമായിരുന്നു. ആ കഥാപാത്രത്തെയെടുത്ത് സിനിമ ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. കഥാപാത്രത്തെക്കുറിച്ച് പറയുമ്പോള്‍ തന്നെ അതേക്കുറിച്ച് ദിലീപിന്റെ ഉള്ളിലൊരു ധാരണയുണ്ടായിരുന്നു. തമാശയ്ക്ക് അഞ്ച് മിനുറ്റുള്ളൊരു സ്‌കിറ്റ് പല നടന്മാരും ചെയ്തിട്ടുണ്ട്. പക്ഷെ സിനിമ മുഴുവന്‍ 10-60 ദിവസം ക്യാരക്ടര്‍ പിടിക്കുക എന്നത് നടന്റെ മിടുക്കാണ്. കഥാപാത്രത്തിനായി ആദ്യം കൊണ്ടുവന്ന വസ്ത്രങ്ങളെല്ലാം ലൂസ് ഫിറ്റായിരുന്നു. അപ്പോള്‍ ദിലീപാണ് പറയുന്നത് ടൈറ്റ് ആക്കണം, എന്റെ ശരീരം എനിക്ക് ഫീല്‍ ചെയ്യണം എന്ന്. കോസ്റ്റ്യുമർക്ക് എന്തിനാണെന്ന് മനസിലായില്ല. മുടി നീളത്തില്‍ വളര്‍ത്താനുള്ള സമയമൊന്നും ഇല്ല. അതിനാല്‍ വിഗ്ഗ് വേണം, അതും തലയാട്ടുമ്പോള്‍ ഇളകുന്ന തരത്തിലുള്ളത് എന്ന് ദിലീപിന് നിര്‍ബന്ധമുണ്ടായിരുന്നു. അതൊക്കെ പെര്‍ഫോം ചെയ്യാനുള്ള സൗകര്യത്തിന് വേണ്ടിയാണ്. 60 ദിവസത്തെ ഷൂട്ടിങ് കഴിഞ്ഞ ഒരു ദിവസം ഞാന്‍ അവന്റെ റൂമില്‍ ചെല്ലുമ്പോള്‍ കാണുന്നത് അവന്‍ കിടന്നുറങ്ങുന്നതാണ്. രാധ കിടക്കുന്നത് പോലെയാണ് അവന്‍ കിടന്നിരുന്നത്. പിന്നെ ഉഴച്ചിലിനൊക്കെ പോയിട്ടാണ് കയ്യും കാലുമൊക്കെ ശരിയാക്കുന്നത്. അത്രയും ഇന്‍വോള്‍ഡ് ആയിരുന്നു.
സംസ്ഥാന അവാര്‍ഡ് നിര്‍ണ്ണയം വന്നപ്പോള്‍ ഭൂരിപക്ഷം ആളുകളും ദിലീപിന് കൊടുക്കണം എന്ന് പറഞ്ഞപ്പോള്‍ നമ്മുടെ വേണ്ടപ്പെട്ട ചില ആളുകള്‍ തന്നെയാണ് അത് മിമിക്രിയാണ്. മിമിക്രിയില്‍ ഒരുപാട് ആളുകള്‍ ഇത് ചെയ്യുന്നത് കണ്ടിട്ടുണ്ട്. അത്ര വലിയും കാര്യം ഒന്നും അല്ല എന്ന് പറഞ്ഞു. പക്ഷെ ആ വേഷമൊന്ന് ചെയ്ത് നോക്കണം. ഫൈറ്റ് ചെയ്യുമ്പോഴാകട്ടെ, ഡാന്‍സ് ചെയ്യുമ്പോഴാകട്ടെ അദ്ദേഹം ഒരു മില്ലി മീറ്റര്‍ ആ കഥാപാത്രത്തില്‍ നിന്നും മാറിപ്പോയിട്ടില്ല.
content highlight: Lal Jose
















