മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിക്കുന്ന കളങ്കാവൽ എന്ന ചിത്രത്തിന് വേണ്ടി ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ്. ആവേശമുണര്‍ത്തിയ ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്ക് ശേഷം പുതിയ അപ്‌ഡേറ്റിനായി കൊതിയോടെ കാത്തിരിക്കുകയായിരുന്നു സിനിമാപ്രേമികൾ. ഇപ്പോഴിതാ കളങ്കാവലിന്റെ ടീസര്‍ ഉടനെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുകയാണ്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്ല, തിയേറ്ററില്‍ തന്നെയാണ് ചിത്രത്തിന്റെ ടീസര്‍ വരാന്‍ ഒരുങ്ങുന്നത്. അതും ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന ലോക എന്ന പുതിയ ചിത്രത്തിനൊപ്പം. ലോകയുടെ മുന്‍പോ ശേഷമോ ആയിരിക്കും സ്‌ക്രീനില്‍ മമ്മൂട്ടി കളങ്കാവല്‍ ടീസറുമായി എത്തുക. ലോകയ്ക്ക് ടിക്കറ്റെടുക്കാന്‍ ഒരു കാരണം കൂടിയായി എന്നാണ് ഇതിന് പിന്നാലെ വരുന്ന കമന്റുകള്‍. ടീസറിനൊപ്പം റിലീസിങ് തീയതി കൂടിയുണ്ടാകുമെന്ന പ്രതീക്ഷയും പലരും പങ്കുവെക്കുന്നുണ്ട്.
പുറത്തുവരുന്ന ഓരോ പോസ്റ്ററും ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ച് ആകാംക്ഷയും കൗതുകവും വര്‍ധിപ്പിക്കുകയാണ്. ചിത്രത്തില്‍ വിനായകനാണ് മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്. നേരത്തെ പുറത്തുവന്ന മമ്മൂട്ടിയുടെയും വിനായകന്റെയും ക്യാരക്ടര്‍ പോസ്റ്ററുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘കുറുപ്പ്’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിന്‍ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്. വേഫറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.
















