മദ്രാസി എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെ നടൻ വിജയ്‌യെക്കുറിച്ച് ശിവ കാർത്തികേയൻ പറഞ്ഞ വാക്കുകൾ ഏറ്റെടുത്ത് ഇരുവരുടേയും ആരാധകർ. തന്നെ അടുത്ത വിജയ് എന്ന് വിളിക്കുന്നതിനെക്കുറിച്ചും ശിവ കാർത്തികേയൻ സംസാരിച്ചു. തന്നെ ‘കുട്ടി ദളപതി’ എന്ന് വിളിക്കരുതെന്നും വിജയ് തനിക്ക് ഒരു മൂത്ത സഹോദരനെപ്പോലെയാണെന്നും ശിവ കാർത്തികേയൻ പറഞ്ഞു.
വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ‘ഗോട്ട്’ എന്ന സിനിമയിലെ ഒരു രംഗം ചൂണ്ടിക്കാട്ടി, ശിവ കാർത്തികേയൻ വിജയുടെ പിൻഗാമിയാണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾ നടന്നിരുന്നു. ഇതിനെക്കുറിച്ച് സംസാരിച്ചപ്പോൾ, തന്നെ ‘അടുത്ത ദളപതി’, ‘കുട്ടി ദളപതി’ എന്നൊക്കെ വിശേഷിപ്പിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
തനിക്കെപ്പോഴും വിജയ് ‘അണ്ണൻ’ ആണ്, താൻ അദ്ദേഹത്തിന്റെ ‘തമ്പി’ (സഹോദരൻ) ആണെന്നും കൂട്ടിച്ചേർത്തു. ‘ഗോട്ട്’ സിനിമയിലെ ആ രംഗം തനിക്ക് ലഭിച്ച ഒരു നല്ല അവസരം മാത്രമായിരുന്നു, അതിനെ മറ്റൊരു രീതിയിൽ വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
തമിഴ് സിനിമാ വ്യവസായത്തിലെ പ്രധാന താരങ്ങളുടെ വളർച്ചയിൽ ആരാധകർ വഹിച്ച പങ്കിനെക്കുറിച്ചും ശിവ കാർത്തികേയൻ സംസാരിച്ചു. ‘ജനനായകൻ’ എന്ന ചിത്രത്തിനുശേഷം വിജയ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചപ്പോൾ, അദ്ദേഹത്തിന്റെ ആരാധകർ ഉടൻ തന്നെ രാഷ്ട്രീയ പ്രവർത്തകരായി മാറി.
വർഷങ്ങൾക്ക് മുൻപ് സ്വന്തം ഫാൻ ക്ലബ് പിരിച്ചുവിട്ടിട്ടും അജിത്തിന്റെ കാർ റേസ് കാണാൻ വലിയ ജനക്കൂട്ടം എത്തുന്നുണ്ട്. ജയത്തിലും തോൽവിയിലും കൂടെ നിൽക്കുന്ന ആരാധകരാണ് കമൽ ഹാസനുള്ളതെന്നും, രജനികാന്ത് 50 വർഷത്തോളമായി സൂപ്പർസ്റ്റാർ പദവി നിലനിർത്തുന്നത് അദ്ദേഹത്തിന്റെ ശക്തമായ ആരാധകവൃന്ദം ഉള്ളതുകൊണ്ടാണെന്നും ശിവ കാർത്തികേയൻ ചൂണ്ടിക്കാട്ടി.
ഒരു കാലത്ത് സംവിധായകൻ എ.ആർ. മുരുഗദോസിനൊപ്പം പ്രവർത്തിക്കാൻ താൻ ആഗ്രഹിച്ചിരുന്നെന്നും, അദ്ദേഹത്തിന്റെ അടുത്ത ചിത്രമായ ‘മദ്രാസി’യിൽ നായകനായി അഭിനയിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ശിവ കാർത്തികേയൻ പറഞ്ഞു.
വർഷങ്ങൾക്ക് മുൻപ് മുരുഗദോസിന്റെ ‘മാൻ കരാട്ടെ’ എന്ന സിനിമയിൽ അഭിനയിച്ച സമയത്ത്, ഒരു ദിവസം താൻ അദ്ദേഹത്തിന്റെ സിനിമയിൽ നായകനാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. തന്റെ ഒന്നോ രണ്ടോ സിനിമകൾ വിജയിച്ചപ്പോൾ ആളുകൾ തമാശയായി ഇതിനെക്കുറിച്ച് സംസാരിച്ചെങ്കിലും, പ്രേക്ഷകരുടെ പിന്തുണയിൽ വിശ്വസിച്ച് താൻ മുന്നോട്ട് പോവുകയായിരുന്നു. ഇന്ന് തന്റെ സ്വപ്നം യാഥാർത്ഥ്യമായെന്നും ശിവ കാർത്തികേയൻ കൂട്ടിച്ചേർത്തു.
















