അര്‍ജുന്‍ അശോകനെ നായകനാക്കി അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘തലവര’.തിയേറ്ററുകളില്‍ നിന്നും മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ റിലീസിന് ശേഷം അണിയറപ്രവര്‍ത്തകര്‍ ചേര്‍ന്ന് നടത്തിയ പ്രസ് മീറ്റില്‍ മനസ്സ് തുറന്നിരിക്കുകയാണ് അര്‍ജുന്‍ അശോകന്‍.
അര്‍ജുന്റെ വാക്കുകള്‍…..
‘ആദ്യമായിട്ടാണ് എന്റെ സിനിമ കണ്ട് അച്ഛന്‍ കെട്ടിപ്പിടിച്ച് എനിക്കൊരുമ്മ തന്നത്, അല്ലെങ്കില്‍ കുഴപ്പമില്ല കൊള്ളാമെന്നൊക്കെയേ മാത്രമേ പറയാറുള്ളൂ. ഫാമിലിയുമായാണ് ആദ്യ ഷോയ്ക്ക് വന്നത്, ആദ്യ ഷോ കഴിഞ്ഞപ്പോള്‍ തന്നെ എന്റെ കൈയ്യില്‍ നിന്ന് പോയി. പ്രേക്ഷകരുടെ റെസ്‌പോണ്‍സ് കണ്ട് ഞാനാകെ ഇമോഷണലായി. അത് കഴിഞ്ഞ് പത്തുമണിയുടെ ഷോയ്ക്ക് കസിന്‍സ് കയറി, അവര്‍ പുറത്തിറങ്ങിയപ്പോള്‍ ഞങ്ങള്‍ കൂട്ടക്കരച്ചിലായി. ഇത്രയും നാള്‍ ഞാനഭിനയിച്ച സിനിമകളില്‍ എവിടെയെങ്കിലുമൊക്കെ എന്നെ കാണാമായിരുന്നു പക്ഷേ ഈ പടത്തില്‍ ജ്യോതിഷിനെ മാത്രമേ കണ്ടുള്ളൂ എന്നാണ് അവര്‍ പറഞ്ഞത്. അഖിലും അപ്പുവും അത്രയും ഡീപ്പായിട്ടാണ് സ്‌ക്രിപ്റ്റ് എഴുതിയിരുന്നത്. അതാണ് അതിന് കാരണം, നല്ല അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്, ഇനിയും തിയേറ്ററുകളിലേക്ക് ആളുകള്‍ എത്തണം. അതിനായി കുറെ ശ്രമിക്കുന്നുണ്ട്, അത്രയും നല്ല സിനിമ ആയതുകൊണ്ടാണത്’,
സംവിധായകന്‍ അഖില്‍ അനില്‍ കുമാര്‍ വ്യക്തമാക്കി. അര്‍ജുനേയും അഖിലിനേയും കൂടാതെ നായിക രേവതി ശര്‍മ്മ, താരങ്ങളായ റാഫി ഡിക്യു, മനോജ് മോസസ്, സോഹന്‍ സീനുലാല്‍, അഭിറാം രാധാകൃഷ്ണന്‍, ഷെബിന്‍ ബെന്‍സണ്‍, ആതിര മറിയം, തിരക്കഥാകൃത്ത് അപ്പു അസ്ലം തുടങ്ങിയവരും പ്രെസ് മീറ്റില്‍ പങ്കെടുത്തു.
ഷെബിന്‍ ബക്കറും മഹേഷ് നാരായണനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പാലക്കാടിന്റെ പശ്ചാത്തലത്തില്‍ തിയേറ്ററുകളില്‍ എത്തിയിരിക്കുന്ന ചിത്രത്തില്‍ വിറ്റിലിഗോ രോഗാവസ്ഥയുള്ളൊരു യുവാവിന്റെ ജീവിതവും പ്രണയവും സംഘര്‍ഷങ്ങളുമൊക്കെയാണ് അവതരിപ്പിച്ചിരിക്കുന്നത്.
















