വിജയ് ദേവരകൊണ്ട നായകനായെത്തിയ ആക്ഷൻ ഡ്രാമ ചിത്രമാണ് ‘കിംഗ്ഡം’. ഗൗതം തന്നൂരി ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത്. ജൂലൈ 31 ന് തിയേറ്ററുകളിലെത്തിയ ചിത്രം സമ്മിശ്ര പ്രതികരണമായിരുന്നു നേടിയത്. ചിത്രത്തിലെ പെര്‍ഫോമന്‍സുകളും അനിരുദ്ധിന്റെ സംഗീതവും പ്രശംസ നേടി. തിയേറ്ററില്‍ നിന്നും 80 കോടിയോളമാണ് ചിത്രം ആഗോളതലത്തില്‍ സ്വന്തമാക്കിയത്. 130 കോടിയായിരുന്നു ചിത്രത്തിന്റെ ബജറ്റ് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
കൂടാതെ, മലയാളി താരം വെങ്കിടേഷ് വി പിയുടെ വില്ലന്‍ വേഷം തെന്നിന്ത്യയിലെമ്പാടും ശ്രദ്ധ നേടുകയും ചെയ്തിരുന്നു. തിയേറ്ററില്‍ പ്രതീക്ഷിച്ച വിജയം നേടാത്തതിനാല്‍ സിനിമ വൈകാതെ തന്നെ ഒടിടിയിലെത്തുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇപ്പോള്‍ ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് തീയതി ഔദ്യോഗികമായി പുറത്തുവന്നിരിക്കുകയാണ്. നെറ്റ്ഫ്‌ളിക്‌സില്‍ ഓഗസ്റ്റ് 27നാണ് സിനിമയുടെ സ്ട്രീമിംഗ് ആരംഭിക്കുക. നിര്‍മാതാക്കള്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഈ വിവരം പങ്കുവെച്ചത്.
അര്‍ജുന്‍ റെഡ്ഡിയിലൂടെ തെലുങ്കിന് പുറത്തും കാഴ്ചക്കാരുള്ള താരമായതിനാല്‍ വിജയ് ദേവരകൊണ്ട ചിത്രത്തിന് ഒടിടിയില്‍ മികച്ച പ്രതികരണം നേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. അഭിനേതാവ് എന്ന നിലയില്‍ വിജയ് ദേവരകൊണ്ടയുടെ തിരിച്ചുവരവാണ് കിംഗ്ഡം എന്നും മികച്ച പ്രകടനമാണ് നടന്‍ കാഴ്ചവെച്ചിരിക്കുന്നതെന്ന് നേരത്തെ തന്നെ അഭിപ്രായങ്ങളുയര്‍ന്നിരുന്നു.
ഗൗതം തിന്നൂരി തന്നെ രചനയും നിര്‍വഹിച്ച കിംഗ്ഡത്തിനായി ക്യാമറ ചലിപ്പിച്ചത് ജോമോന്‍ ടി ജോണും ഗിരീഷ് ഗംഗാധരനുമായിരുന്നു. നവീന്‍ നൂലിയായിരുന്നു എഡിറ്റ്. നാഗ വംശി, സായ് സൗജന്യ, അരവിന്ദ് എന്നിവര്‍ ചേര്‍ന്നായിരുന്നു നിര്‍മാണം.
















