അത്തം തുടങ്ങിയാല്‍ പിന്നെ ഓണത്തെ അറിയിച്ചുക്കൊണ്ട് നാട്ടിന്‍പുറത്തൊക്കെ മണികിലുക്കവുമായി ഓണപ്പൊട്ടന്മാരുമുണ്ടാകും. പൊട്ടന് ചുറ്റും കൂറേ കുട്ടികളും. ഇതാണ് ഇനി കോഴിക്കോടിന്റെ ഗ്രാമവീഥികളിൽ നിറയുന്ന കാഴ്ച.എല്ലാവര്‍ഷവും ഉത്രാടത്തിനും തിരുവോണ നാളുകളിലുമാണ് ഓണപ്പൊട്ടന്‍മാര്‍ ജാതിഭേദമന്യേ വീടുകളില്‍ കയറിയിറങ്ങാറുള്ളത്.
ആരോടും ഒന്നും മിണ്ടില്ല, എല്ലാം ആംഗ്യത്തിലാണ്. അതുകൊണ്ടാണ് ഓണപ്പൊട്ടന്‍ എന്ന പേര് വന്നത്. ഓണേശ്വരനെന്നും ചിലര്‍ വിളിക്കാറുണ്ട്. ഓണനാളുകളില്‍ മണിക്കിലുക്കം കേട്ടാല്‍ അറിയാം ഓണപ്പൊട്ടന്‍റെ വരവാണെന്ന്. വീടുവീടാന്തരം കയറി ഒരു നുള്ള് അരിയും ദക്ഷിണയും സ്വീകരിക്കും. മുഖത്ത് ഛായം തേച്ച് കുരുത്തോലക്കുട ചൂടി കൈതനാരുകൊണ്ട് മുടിവച്ച് കിരീടം ചൂടി ആടയാഭരണങ്ങളണിഞ്ഞാണ് ഓണപ്പൊട്ടന്‍റെ വരവ്. കോലം കെട്ടിക്കഴിഞ്ഞാൽ ദൈവത്തിന്‍റെ പ്രതിരൂപമാണ് ഓണപ്പൊട്ടന്.
നേരം വെളുത്താല്‍ ആറുമണിയോടെ വീട്ടിലുള്ളവര്‍ക്ക് അനുഗ്രഹം നല്കി മറ്റ് വീടുകളിലേക്ക് ഐശ്വര്യ പ്രാര്‍ത്ഥനകളുമായി ഓണപ്പൊട്ടന്‍ തിരിക്കും. ഒരിടത്തും നില്‍ക്കാതെ ഗ്രാമീണ വഴികളിലൂടെ വേഗത്തിലുള്ള നടപ്പാണ് ഓണപ്പൊട്ടന്റേത്. പരമാവധി വീടുകളിലെത്താനുള്ള പ്രയത്‌നമാണത്. ഓണപ്പൊട്ടന്‍ ഒരിക്കലും കാല്‍ നിലത്തുറപ്പിക്കില്ല. താളം ചവിട്ടുകയും ഓടുകയും ചെയ്യും. മണികിലുക്കിയാണ് വരവ്. ഓണപ്പൊട്ടന്‍ വാ തുറന്ന് ഒന്നും ഉരിയാടാറില്ല. അതുകൊണ്ടാണ് ഓണപ്പൊട്ടന്‍ എന്ന വിളിപ്പേര് ഉണ്ടായതും. വൈകിട്ട് 7-ന് വീട്ടില്‍ തിരിച്ചെത്തും വരെ ആരോടും മിണ്ടാന്‍ പാടില്ലെന്നാണ് ചിട്ട.
ഓണപ്പൊട്ടന്റെ വേഷവും മനോഹരമാണ്. മനയോലയും ചായില്യവും ചേര്‍ത്ത മുഖത്തെഴുത്ത്. ചൂഡകവും ഹസ്തകടവും ചേര്‍ന്ന ആടകള്‍. തെച്ചിപ്പൂവിനാല്‍ അലങ്കരിച്ച പൊക്കമുള്ള കിരീടം. ചിത്രത്തുന്നലുള്ള ചുവന്ന പട്ടും ഉടുക്കും. തോളില്‍ സഞ്ചിയും കൈയ്യില്‍ ചെറിയ ഓലക്കുടയും ഉണ്ടാകും. എന്നാലും ഒറ്റനോട്ടത്തില്‍ ഓണപ്പൊട്ടനെ വ്യത്യസ്തനാക്കുക ആ താടി തന്നെ. കമുകിന്‍ പൂക്കുല കൊണ്ടുള്ള നീണ്ട വെള്ളത്താടി ഓണപ്പൊട്ടന്‍ ചുണ്ടിന് മുകളിലാണ് കെട്ടുക. അതുകൊണ്ട് മൗനിയായ ഓണപ്പൊട്ടന്‍ ചുണ്ടനക്കിയാലും ആരും കാണില്ല. അരിയും ഓണക്കോടിയും ദക്ഷിണയും വീട്ടുകാര്‍ നല്കാറുണ്ട്. ചിലര്‍ ഭക്ഷണവും നല്കും. അരി നിറച്ച നാഴിയില്‍ നിന്ന് അല്പം അരിയെടുത്ത് പൂവും ചേര്‍ത്ത് ചൊരിഞ്ഞ് ഓണപ്പൊട്ടന്‍ അനുഗ്രഹിക്കും. വേഗത്തില്‍ അടുത്ത വീട്ടിലേക്ക് നീങ്ങും.
കൊച്ചിയും തിരുവിതാംകൂറും മലബാറുമൊക്കെ വേറെവേറെ ദേശങ്ങളായിരുന്ന കാലത്ത് കോഴിക്കോട് ജില്ല ഉൾപ്പെടുന്ന പ്രദേശം സാമൂതിരിയുടെ ഭരണത്തിൻ കീഴിലായിരുന്നു. മലബാറിൽ അന്നത്തെ പ്രധാനപ്പെട്ട നാട്ടുരാജ്യങ്ങളിൽ ഒന്നായിരുന്നു കടത്തനാട് (ഇന്നത്തെ വടകര ഉൾപ്പെടുന്ന പ്രദേശം). ഈ നാട്ടിലുള്ള മലയ സമുദായക്കാര്‍ക്ക് ഓണപ്പൊട്ടന്‍ തെയ്യം കെട്ടാനുള്ള അവകാശം നാടുവാഴിയാണ് കല്‍പിച്ചു നല്‍കിയത്. മഹാബലിയുടെ പ്രതിരൂപമായാണ് ഓണപ്പൊട്ടനെ ഏവരും കണക്കാക്കുന്നത്.
ഓണത്തെയ്യത്തെപ്പോലെ ചിങ്ങത്തിലെ ഉത്രാടത്തിനും തിരുവോണത്തിനുമാണ് ഓണേശ്വരൻ വീടുതോറും കയറിയിറങ്ങുന്നത്. ഓണപ്പൊട്ടൻ ഓരോവീടുകളിലുമെത്തി ഐശ്വര്യം സമൃദ്ധിയും നൽകുന്നു എന്നാണ് വിശ്വാസം. ഓണപ്പട്ടൻ ഒരിക്കലും കാൽ നിലത്തുറപ്പിക്കില്ല. താളം ഓണപ്പൊട്ടനും മണിയൊച്ചയുമൊക്കെ ഓണം വന്നു എന്ന സന്ദേശമാണ് നൽകുന്നത്. പൂക്കളം ഒരുക്കി നിലവിളക്ക് കത്തിച്ചു വച്ച് പ്രദേശത്തെ പഴമക്കാർ ഇന്നും ഓണപ്പൊട്ടനെ സ്വീകരിക്കുന്നു…
















