ആന്റണി വർഗീസിനെ നായകനാക്കി ഷെരീഫ് മുഹമ്മദ് നിർമിച്ച് നവാഗതനായ പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന പുതിയ ബിഗ് ബജറ്റ് ചിത്രമാണ് ‘കാട്ടാളൻ’. ചിത്രത്തിൽ ജഗദീഷ് പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന കാട്ടാളന്‍റെ ലോഞ്ച് ഇവന്റ് ചടങ്ങിൽ ജഗദീഷ് നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
”വളരെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ഞാൻ നിൽക്കുന്നത്. കരിയറിൽ ഒട്ടേറെ ടേണിങ് പോയിന്റുകൾ എനിക്ക് ഉണ്ടായിട്ടുണ്ട്. ആദ്യ ചിത്രം മൈ ഡിയർ കുട്ടിച്ചാത്തൻ, ശേഷം പ്രിയനോടൊപ്പമുള്ള സിനിമയിൽ മൂന്ന് നായകന്മാരിൽ ഒരാളായി. ഇൻ ഹരിഹര്‍ നഗർ, സ്ഥലത്തെ പ്രധാന പയ്യൻസ് — ഇങ്ങനെ ഒട്ടേറെ സിനിമകൾ വന്നിട്ടുണ്ട്. എന്നാൽ നെഗറ്റീവ് റോളിൽ എനിക്ക് ലഭിച്ച ഏറ്റവും വലിയ ടേണിങ് പോയിന്റ് മാർക്കോയിലെ ടോണി ഐസക്കാണ്. അതിന് ഹനീഫ് അദേനിയോടും ഷെരീഫ് മുഹമ്മദിനോടും എനിക്ക് വളരെയധികം കടപ്പാടുണ്ട്. അവർ എനിക്ക് നൽകിയിരുന്ന ആത്മവിശ്വാസം തന്നെയായിരുന്നു അത്.”
“പ്രേക്ഷകർ കാശുമുടക്കി ഒരു സിനിമ കാണുമ്പോൾ, അതിലെ ഓരോ ഘടകത്തിനും ഒരു ബേസിക് സിൻസിയാരിറ്റി ഉണ്ടാവണം. അത് പെട്ടെന്ന് തിരിച്ചറിയാൻ കഴിയുന്ന പ്രേക്ഷകരാണ് നമുക്കുള്ളത് എന്നത് അഭിമാനിക്കാവുന്നതാണ്.ഇനി വ്യക്തിപരമായി ഒരു കാര്യം പറയാം. എല്ലാവരും എന്നോട് ചോദിക്കാറുണ്ട്, സ്ക്രീനിലോ റീലിലോ ചെയ്തിട്ടുള്ള ഏതെങ്കിലും കഥാപാത്രവുമായി എന്റെ സ്വഭാവം കൂടുതൽ സാമ്യമുണ്ടോ എന്ന്. ചിലർ പറയും, ‘അപ്പുക്കുട്ടനെ പോലെ’ എന്ന്. ചിലർ പറയും, ‘മാർക്കോയിലെ ടോണിയെ പോലെ ക്രൂരൻ’ എന്ന്.
ഇന്ന്, സംവിധായകൻ പോളിന്റെ അനുമതിയോടെ, ഞാൻ ആ രഹസ്യം പറയുകയാണ്. ഞാൻ ‘കാട്ടാളൻ’ലെ അലിയെ പോലെയാണ്. അത്രമാത്രം പറയാം. സിറ്റുവേഷൻ അനുസരിച്ച് പ്രതികരിക്കുന്നവനാണ് ഞാൻ. സൗമ്യനുമാണ്, കടുപ്പവുമുണ്ട്, ശക്തനുമാണ്, സെന്റിമെന്റലും ഇമോഷണലുമാണ്. ആവശ്യം വന്നാൽ രണ്ടിടി ഇടാൻ പോലും തയ്യാറാണ്. അതാണ് അലി,” ജഗദീഷ് പറഞ്ഞു.
മുമ്പ് ‘മാർക്കോ’ സിനിമയുടെ റിലീസിന് മുമ്പ് ഒരു അഭിമുഖത്തിൽ തൻറെ കരിയറിലെ ഏറ്റവും ക്രൂരമായ വേഷമാണ് താൻ ചെയ്തിരിക്കുന്നത് എന്ന് ജഗദീഷ് വെളുപ്പെടുത്തിയത് വലിയ രീതിയിൽ ചർച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ അതുപോലെ ഈ വെളിപ്പെടുത്തലും ഏവരും ഏറ്റെടുത്തിരിക്കുകയാണ്.ആന്റണി വർഗീസ് പെപ്പെ നായകനായി എത്തുന്ന കാട്ടാളൻ സിനിമയിൽ നായികയായി എത്തുന്നത് രജിഷ വിജയനാണ്. മലയാളത്തിലെ പ്രശസ്തരും പാൻ ഇന്ത്യൻ താരങ്ങളും അടങ്ങുന്ന വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്.
കബീർ ദുഹാൻ സിങ് എന്നിവരോടൊപ്പം ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോൾ, രാജ് തിരൺദാസു, ഷോൺ ജോയ് തുടങ്ങിയ ശ്രദ്ധേയ താരങ്ങളും, റാപ്പർ ബേബി ജീൻ, ഹനാൻ ഷാ, കിൽ താരം കിൽ താരം പാർത്ഥ് തീവാരി എന്നിവരെ ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അടുത്തിടെ പുറത്തുവന്ന പോസ്റ്ററുകൾ വലിയ ശ്രദ്ധ നേടിയിരുന്നു.ചിത്രത്തിൽ പെപ്പെ തന്റെ യഥാർത്ഥ പേരായ “ആന്റണി വർഗീസ്” എന്ന പേരിലാണ് എത്തുന്നത്. ഓങ്-ബാക്ക് 2, ബാഹുബലി 2: ദി കൺക്ലൂഷൻ, ജവാൻ, ബാഗി 2, പൊന്നിയിൻ സെൽവൻ പാർട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ആക്ഷൻ ഒരുക്കിയ ലോകപ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫർ കെച്ച കെംബഡികെ ആണ് ഈ ചിത്രത്തിനും ആക്ഷൻ ഒരുക്കുന്നത്.
സംഗീത സംവിധായകൻ അജനീഷ് ലോക്നാഥാണ് സംഗീതമൊരുക്കുന്നത്. ‘കാന്താര ചാപ്റ്റർ 2’വിന് ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാട്ടാളനുണ്ട്. സിനിമയിലെ സംഭാഷണം ഒരുക്കുന്നത് ഉണ്ണി ആറാണ്. എഡിറ്റിംഗ് ഷമീർ മുഹമ്മദ് ആണ്. ഐഡൻറ് ലാബ്സ് ആണ് ടൈറ്റിൽ ഗ്രാഫിക്സ്. ശ്രദ്ധേയ ഛായാഗ്രാഹകൻ രെണദേവാണ് ഡിഒപി. എം.ആർ രാജാകൃഷ്ണനാണ് ഓഡിയോഗ്രഫി, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഡിപിൽ ദേവ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ: കിഷാൻ, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അമൽ സി സദർ, കോറിയോഗ്രാഫർ: ഷെരീഫ്, വിഎഫ്എക്സ്: ത്രീഡിഎസ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സിക്യൂറ എൻ്റർടെയ്ൻമെൻ്റ്സ്, പിആർഒ: ആതിര ദിൽജിത്ത്.
















