പ്രേമലു എന്ന ചിത്രത്തിലെ അമല്‍ ഡേവിസ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടനാണ് സംഗീത് പ്രതാപ്. മോഹന്‍ലാല്‍ നായകനായി എത്തുന്ന ഹൃദയപൂര്‍വ്വമാണ് ഇനി പുറത്തുവരാനുള്ള സംഗീത് ചിത്രം. ഇപ്പോഴിതാ ചിത്രത്തിലെ കഥാപാത്രത്തിനെക്കുറിച്ച് മനസുതുറക്കുകയാണ് സംഗീത്. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലായിരുന്നു സംഗീതിന്റെ പ്രതികരണം.
സംഗീതിന്റെ വാക്കുകള്‍…….
‘പ്രേമലുവില്‍ കണ്ട അമല്‍ ഡേവിസ് എങ്ങനെ ആയിരുന്നോ എന്നെ അതുപോലെ തന്നെ വേണമെന്ന ആവശ്യവുമായിട്ടാണ് സത്യന്‍ സാര്‍ വന്നത്. പ്രേമലുവില്‍ ഉണ്ടായിരുന്ന ചാം റീക്രിയേറ്റ് ചെയ്യാനാണ് അവര്‍ ശ്രമിച്ചത്. ഹൃദയപൂര്‍വ്വത്തില്‍ ലാലേട്ടന്‍ എന്നെ ഡ്രെസിന് കുത്തിപിടിക്കുന്ന സീന്‍ ഉണ്ട്. അതൊന്നും അവര്‍ പ്ലാന്‍ ചെയ്തത് ആയിരുന്നില്ല. ഞാന്‍ ആ സീന്‍ ചെയ്യുമ്പോള്‍ തന്നെ അതിന് പ്രേമലു റഫറന്‍സ് വരാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലായിരുന്നു. ഞാന്‍ കഥാപാത്രത്തിന് വേറെ രീതിയില്‍ ചെറിയ മാറ്റങ്ങള്‍ ഒക്കെ കൊണ്ടുവരാന്‍ നോക്കിയെങ്കിലും ഇവര്‍ക്ക് വേണ്ടത് എന്താണെന്ന് പറയുമ്പോള്‍ അത് കൃത്യം അമല്‍ ഡേവിസിലേക്ക് ആണ് പോകുന്നതെന്ന് മനസിലാകും’.
ആഗസ്റ്റ് 28 ന് ഓണം റിലീസായിട്ടാണ് ചിത്രം പുറത്തിറങ്ങുന്നത്. ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. സത്യന്‍ അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നു എന്ന പ്രത്യേകതയും ഹൃദയപൂര്‍വ്വത്തിനുണ്ട്.
ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖില്‍ സത്യനാണ്. അനൂപ് സത്യന്‍ സിനിമയില്‍ അസോസിയേറ്റ് ആയി പ്രവര്‍ത്തിക്കുന്നു. അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. എമ്പുരാന് ശേഷം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂര്‍വ്വം. ഫാര്‍സ് ഫിലിംസ് ആണ് സിനിമ ഓവര്‍സീസില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.
















