മോഹൻലാലിനൊപ്പമുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് നടി കല്യാണി പ്രിയദർശൻ. തനിക്കും മോഹൻലാലിനും ഇത്തവണ ഒരുമിച്ച് അഭിനയിക്കാൻ കഴിഞ്ഞില്ലെന്നും പക്ഷേ തൊട്ട് അടുത്തുള്ള സ്‌ക്രീനുകളിൽ നിന്ന് തങ്ങൾ പരസ്പരം ആഹ്ലാദിക്കുമെന്നും ചിത്രത്തിനൊപ്പം പങ്കുവെച്ച പോസ്റ്റിൽ താരം കുറിച്ചു.

കൂടാതെ #ലോകപൂർവ്വമൊടും എന്നൊരു പുതിയ ഹാഷ്ടാഗും കല്യാണി പോസ്റ്റിനൊപ്പം പങ്കുവെച്ചു. ‘ഇത്തവണ ഒരുമിച്ച് അഭിനയിക്കാൻ കഴിഞ്ഞില്ല, പക്ഷേ തൊട്ട് അടുത്തുള്ള സ്‌ക്രീനുകളിൽ നിന്ന് ഞങ്ങൾ പരസ്പരം ആഹ്ലാദിക്കും. ഈ ഓണം ആഘോഷിക്കാൻ തിയേറ്ററുകളിൽ ഈ സിനിമകൾ’, കല്യാണി പ്രിയദർശൻ കുറിച്ചു.കല്യാണി പ്രിയദർശൻ, നസ്‌ലെൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ലോക – ചാപ്റ്റർ വൺ:ചന്ദ്ര. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് സിനിമയുടെ നിർമാണം. സിനിമയുടെ അപ്ഡേറ്റുകൾക്കെല്ലാം വമ്പൻ പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്.
കൂടാതെ, മോഹൻലാൽ ചിത്രം ഹൃദയപൂർവവും ലോകയ്ക്ക് ഒപ്പമാണ് റിലീസിനൊരുങ്ങുന്നത്. ഒരു പക്കാ ഫൺ ഫാമിലി ചിത്രമാണ് ഹൃദയപൂർവ്വം എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ചിത്രത്തിൽ മോഹൻലാൽ-സംഗീത് പ്രതാപ് കോമ്പോ കയ്യടി നേടുമെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ട്രെയ്‌ലറിലെ ഗാനവും ശ്രദ്ധ നേടുന്നുണ്ട്. ആഗസ്റ്റ് 28 ന് ഓണം റിലീസായിട്ടാണ് ചിത്രം പുറത്തിറങ്ങുന്നത്. റിപ്പോർട്ടുകൾ പ്രകാരം 28 ന് രാവിലെ 9.30 മുതലാണ് ഹൃദയപൂർവ്വത്തിന്റെ ഷോ ആരംഭിക്കുന്നത്.
അതേസമയം, കല്യാണി നായികയായി അഭിനയിക്കുന്ന മറ്റൊരു ചിത്രവും ഓണത്തിന് എത്തുന്നുണ്ട്. അൽത്താഫ് സലിം സംവിധാനത്തിൽ ഫഹദ് ഫാസിൽ നായകനായി എത്തുന്ന ഓടും കുതിര ചാടും കുതിര. ഓഗസ്റ്റ് 29നാണ് ഓടും കുതിര ചാടും കുതിര തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. മികച്ച പ്രതികരണമാണ് സിനിമയുടെ ടീസറിനും ട്രെയിലറിനും ലഭിച്ചത്. പാട്ടുകളും ശ്രദ്ധ നേടിയിരുന്നു. രണ്ട് മണിക്കൂറും 34 മിനിറ്റുമുള്ള സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് യു എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്.
















