ചർമ്മസംരക്ഷണത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധ ചിലത്തുന്നവരാണ് സിനിമാക്കാർ. ഇപ്പോഴിതാ തന്റെ തിളക്കമാർന്ന ചർമ്മത്തിന്റെ രഹസ്യം ആരാധകരോട് പങ്കുവെച്ചിരിക്കുകയാണന് ബോളിവുഡ് താരം ജാക്വലിൻ ഫെർണാണ്ടസ്. ഇൻസ്റ്റഗ്രാമിലൂടെയാണ് ഫേഷ്യലിനെ പറ്റി താരം വിശദമാക്കിയത്.
മുഖം വൃത്തിയായി കഴുകിയ ശേഷം വാഴപ്പഴത്തിന്റെ തൊലിയുടെ ഉൾഭാഗം (നാരുകളുള്ള വെളുത്തഭാഗം) കൊണ്ട് മൃദുവായി വൃത്താകൃതിയിൽ മുഖത്ത് മസാജ് ചെയ്യുകയാണെങ്കിൽ ചർമത്തിലെ വരൾച്ച, മുഖക്കുരുവിന്റെ ചുവന്ന പാടുകൾ എന്നിവ കുറയുമെന്ന് ജാക്വലിൻ ഫെർണാണ്ടസ് പറയുന്നു. പഴത്തൊലി കൊണ്ട് മസാജ് ചെയ്ത ശേഷം പതിനഞ്ചോ ഇരുപതോ മിനിറ്റുകൾക്കു ശേഷം മുഖം ചെറുചൂടുവെള്ളത്തിൽ കഴുകണമെന്നും താരം ഓർമിപ്പിക്കുന്നു. ചർമത്തിന് വാഴപ്പഴത്തിന്റെ തൊലിയിലടങ്ങിയിരിക്കുന്ന പോഷകങ്ങൾ ആഗീരണം ചെയ്യാൻ അത്രത്തോളം സമയം ആവശ്യമാണെന്നും അവർ വിശദീകരിക്കുന്നു. പാച്ച് ടെസ്റ്റ് ചെയ്ത ശേഷം മാത്രമേ ഈ സൗന്ദര്യ പരീക്ഷണം ചെയ്യാൻ പാടുള്ളൂവെന്നും താരം ഓർമിപ്പിക്കുന്നു.
വാഴപ്പഴത്തിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ടെന്നും വാഴപ്പഴത്തിന്റെ തൊലിയിൽ ഫ്ലേവനോയ്ഡുകൾ, കരോട്ടിനോയിഡുകൾ, ല്യൂട്ടിൻ, ക്വെർസെറ്റിൻ, ഗാലോകാറ്റെച്ചിൻ തുടങ്ങിയ ഫിനോളിക് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ടെന്നും 2025-ൽ സ്പ്രിംഗർ നേച്ചറിൽ പ്രസിദ്ധീകരിച്ച പഠനങ്ങളിൽ വ്യക്തമായിട്ടുണ്ട്. ഇവയ്ക്ക് ചർമത്തെ പ്രായമാക്കുന്ന ഫ്രീ റാഡിക്കലുകളെ തടയാനുള്ള ശേഷിയുള്ളതുകൊണ്ട് വാഴപ്പഴത്തിന്റെ തൊലികൊണ്ടുള്ള ഫേഷ്യൽ ചർമത്തിന് പ്രായമാകുന്നത് വൈകിപ്പിക്കും. ട്രൈഗോനെലിൻ, ഫെറുലിക് ആസിഡ്, ഐസോവാനിലിക് ആസിഡ് എന്നിവയാൽ സമ്പുഷ്ടമായ വാഴപ്പഴത്തിന്റെ തൊലിയ്ക്ക് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇവ ചർമത്തിനുണ്ടാക്കുന്ന വീക്കത്തെ കുറയ്ക്കുകയും ചർമ കോശങ്ങളെ തണുപ്പിക്കുകയും ചെയ്യും. ഈ പ്രക്രിയയാണ് മുഖക്കുരുമൂലമുണ്ടാകുന്ന ചുവന്ന തിണർത്ത പാടുകളെ മായ്ക്കാൻ സഹായിക്കുന്നത്. അന്നൽസ് ഓഫ് മെഡിസിൻ & സർജറിയിൽ ഇതിനെക്കുറിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ചർമത്തിലെ മെലാനിൻ ഉൽപാദനം മന്ദഗതിയിലാക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ വാഴപ്പഴത്തിന്റെ തൊലിയിൽ അടങ്ങിയിട്ടുണ്ടെന്നും ചർമത്തിലെ കറുത്ത പാടുകളും ചർമത്തിലെ നിറവ്യത്യാസങ്ങളും പരിഹരിക്കാൻ ഇവ സഹായിക്കുമെന്നും ഇന്റർനാഷണൽ ജേണൽ ഓഫ് മെഡിക്കൽ സയൻസസിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെ ഗവേഷകർ വിശദീകരിക്കുന്നുണ്ട്.ഹെൽത്ത്‌ലൈൻ റിപ്പോർട്ട് പ്രകാരം വാഴപ്പഴത്തിന്റെ തൊലിയിലടങ്ങിരിക്കുന്ന ഫ്ലേവനോയ്ഡുകൾ, ടാനിനുകൾ, ആൽക്കലോയിഡുകൾ എന്നിവയ്ക്ക് ആൻറി ബാക്ടീരിയൽ ഗുണമുണ്ട്. മുഖക്കുരുവിനു കാരണമാകുന്ന ബാക്ടീരിയകളെ ചെറുക്കാനും സൂക്ഷ്മാണുക്കൾക്കെതിരെ പൊരുതാനും ആന്റിമൈക്രോബയൽ ഗുണങ്ങൾ സഹായിക്കും. ചർമത്തിന്റെ ആരോഗ്യത്തെ ത്വരിതപ്പെടുത്തുന്ന വൈറ്റമിൻ സി, ല്യൂട്ടിൻ, പൊട്ടാസ്യം തുടങ്ങിയ ഘടകങ്ങൾ ധാരാളമായി വാഴപ്പഴത്തിന്റെ തൊലിയിൽ അടങ്ങിയിട്ടുണ്ട്. വിവിധ തരത്തിലുള്ള ചർമ പ്രശ്നങ്ങൾ പരിഹരിക്കാനും ബാക്ടീരിയകളോട് പൊരുതാനും ശേഷിയുള്ള സംയുക്തങ്ങൾ വാഴപ്പഴത്തിന്റെ തൊലിയിൽ അടങ്ങിയിട്ടുണ്ടെന്ന് 2025 ൽ പ്രസിദ്ധീകരിച്ച ജേണൽ ഓഫ് അപ്ലൈഡ് സയൻസ് ആൻഡ് എൻജിനീയറിങ് മാനേജ്‌മെന്റ് റിസർച്ചിൽ വിശദീകരിക്കുന്നുണ്ട്.
















