വിവാഹത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടൻ അപ്പാനി ശരത്ത്. ബിഗ് ബോസ് സീസൺ 7 ലെ ടാസ്ക്കിനിടയിലായിരുന്നു താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
പോക്കിരി സൈമണിന്റെ ഷൂട്ട് കഴിയാറായ സമയത്താണ് വിവാഹം വേണമെന്ന ചിന്ത വന്നതെന്നും ഞാൻ ഇനി വലിയ നടനും സിനിമകളുമൊക്കെയായി പോയി കഴിയുമ്പോൾ വേറെ ആരെ എങ്കിലും ഞാൻ വിവാഹം കഴിക്കുമെന്ന തോന്നൽ അവൾക്ക് വന്ന് തുടങ്ങിയപ്പോഴാണ് നമുക്ക് വിവാഹം കഴിക്കാമെന്ന് പറഞ്ഞതെന്നും താരം പറയുന്നു. ജീവിതത്തിൽ ഏറെ കഷ്ടപ്പെട്ട് ഉയർന്നു വന്ന നടനാണ് അപ്പാനി. സാധാരണക്കാരനായി ജീവിച്ചു വന്ന താരം ബിഗ്ബോസിലും മികച്ച പ്രകടനമാണ് കാഴ്ച്ച വെക്കുന്നത്.
ശരത്തിന്റെ വാക്കുകൾ:
ഫുൾ ബിരിയാണി വാങ്ങി കഴിക്കാൻ പണമില്ലാത്തതുകൊണ്ട് ഹാഫ് ചിക്കൻ ബിരിയാണി പങ്കിട്ട് കഴിച്ച് തുടങ്ങിയ പ്രണയമാണ്. അവൾ ഡാൻസിനെ സ്നേഹിക്കുന്നയാളാണ്. വളരെ സാധാരണ കുടുംബത്തിലെ അംഗമാണ്. അതുകൊണ്ട് തന്നെ എന്റെ കഷ്ടപ്പാട് എന്താണെന്ന് അവൾക്ക് അറിയാം.
ഞാൻ സിനിമയിലേക്കും അതിന്റെ തിരക്കുകളിലേക്കും പോയപ്പോൾ കോളേജിൽ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു രേഷ്മ. പോക്കിരി സൈമണിന്റെ ഷൂട്ട് കഴിയാറായ സമയത്താണ് വിവാഹം വേണമെന്ന ചിന്ത വന്നത്. ഞാൻ ഇനി വലിയ നടനും സിനിമകളുമൊക്കെയായി പോയി കഴിയുമ്പോൾ വേറെ ആരെ എങ്കിലും ഞാൻ വിവാഹം കഴിക്കുമെന്ന തോന്നൽ അവൾക്ക് വന്ന് തുടങ്ങിയപ്പോഴാണ് നമുക്ക് വിവാഹം കഴിക്കാമെന്ന് രേഷ്മയോട് ഞാൻ പറഞ്ഞത്.
അന്ന് വീടൊന്നും വെച്ചിട്ടില്ല. വിവാഹം കഴിക്കാമെന്നത് എന്റേയും രേഷ്മയുടേയും തീരുമാനം. വലിയൊരു വരുമാനം ഒന്നും ഇല്ലാത്ത സമയമാണ്. എന്നിട്ടും വിവാഹം കഴിക്കാം ഒരുമിച്ച് മുന്നോട്ട് പോകാമെന്ന് രേഷ്മ പറഞ്ഞു. എന്നെ കാണാൻ അവൾ തിരുവനന്തപുരത്ത് വന്നിരുന്നു. പിറ്റേദിവസം രാവിലെ അമ്പലത്തിൽ വെച്ച് വിവാഹം നടന്നു. വളരെ കുറച്ച് ആളുകൾ മാത്രം പങ്കെടുത്ത വിവാഹമായിരുന്നു. ചടങ്ങിനുശേഷം ഞാൻ ഷൂട്ടിന് പോയി.
ഞങ്ങളുടെ വിവാഹത്തിന്റെ ഫോട്ടോ ആരോ ഫേസ്ബുക്കിലിട്ടു. അതോടെ രേഷ്മയുടെ വീട്ടുകാർ പ്രശ്നമുണ്ടാക്കി. തലേന്ന് വിവാഹം കഴിക്കാൻ പോവുകയാണെന്ന് ഞാൻ രേഷ്മയുടെ വീട്ടുകാരെ അറിയിച്ചിരുന്നു. പക്ഷെ അവർക്ക് എതിർപ്പായിരുന്നു.
content highlight: Appani Sarath
















