നടൻ അലൻസിയർ ഗുരുതര രോഗം ബാധിച്ച് ക്ഷീണാവസ്ഥയിലാണെന്ന നിലയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ ഈ വാർത്തകളെയെല്ലാം തള്ളി താരം തന്നെ രംഗത്ത് വന്നിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ ഉയർന്ന വ്യാജപ്രചാരണം വേദനിപ്പിച്ചുവെന്നും ഒരു സിനിമയ്ക്ക് വേണ്ടി ശരീരഭാരം കുറച്ചതാണെന്നും ലൊക്കേഷനിലെ ഫോട്ടോകൾ പ്രചരിപ്പിച്ച് താൻ മരണാസന്നനാണെന്ന വാർത്തകൾ കൊടുത്തത് തീർത്തും മനുഷ്യത്വരഹിതമായ പ്രവൃത്തിയാണെന്നും അലൻസിയർ പറഞ്ഞു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
അലൻസിയർ പറയുന്നു:
ഒരു അഭിനേതാവിന്റെ ടൂൾ എന്ന് പറയുന്നത് അയാളുടെ ശരീരമാണ് കഥാപാത്രത്തിനനുസരിച്ച് ആ ടൂളിന് മാറ്റം വരുത്തി കൊണ്ടേയിരിക്കണം. അർപ്പണബോധമുള്ള ഒരു കലാകാരൻ ചെയ്യുന്നതാണ് അത്. ഞാൻ ഏറ്റെടുക്കുന്ന കഥാപാത്രത്തിന് വേണ്ടി എന്ത് ചെയ്യാനും ഞാൻ ഒരുക്കമാണ് അങ്ങനെയല്ലേ ഒരു അഭിനേതാവ് ചെയ്യേണ്ടത്.
ഇത്തരത്തിലുള്ള വാർത്തകൾ ആഘോഷിക്കുന്നവരുടെ മനസ്സാണ് എനിക്ക് മനസ്സിലാകാത്തത്. ഈ വാർത്തകൾ പരക്കെ പ്രചരിച്ചപ്പോൾ ഇൻഡസ്ട്രിയിൽ നിന്ന് ഒരുപാട് പേർ എന്നെ വിളിച്ചിരുന്നു. ചേട്ടാ എന്തെങ്കിലും അസുഖമുണ്ടോ എന്നൊക്കെ ചോദിച്ചു. ഈ വാർത്ത കണ്ടിട്ട് എന്റെ സുഹൃത്തുക്കളുടെ എല്ലാം ഒരുപാട് വിഷമിച്ചു. എന്തൊരു കഷ്ടമാണ് ഇത്. അസുഖം ഇല്ലാത്ത ഒരാളെ അസുഖക്കാരൻ ആക്കുകയും മരിച്ചു എന്നൊക്കെ വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്യുന്നത് വല്ലാത്ത മാനസിക നില തന്നെ. ഒന്നു വീണാൽ പോലും തിരിഞ്ഞു നോക്കാത്ത മനുഷ്യരാണ് ഇത്രയും ഉൽകണ്ഠപ്പെടുന്നത് എന്നതാണ് കോമഡി. നടൻ പൃഥ്വിരാജ് സുകുമാരൻ ‘ആട് ജീവിത’ത്തിനു വേണ്ടി ശരീരം മെലിഞ്ഞിരുന്നല്ലോ. അദ്ദേഹത്തിന്റെ സിനിമയോടുള്ള ഡെഡിക്കേഷൻ ആണ്.
പൃഥ്വിരാജിനു ചെയ്യാം എന്തുകൊണ്ട് എനിക്ക് ചെയ്യാൻ പാടില്ല. പൃഥ്വിരാജ് ചെയ്യുമ്പോൾ അത് സിനിമയ്ക്ക് വേണ്ടി ചെയ്യുന്നതും ഞാൻ ചെയ്യുമ്പോൾ മാരകരോഗം വന്നത് മൂലമാണെന്ന് പറയുന്നതും എന്തുകൊണ്ടാണ്. മനുഷ്യന്റെ ചാവു പോലും ആഘോഷമാക്കാൻ മടിക്കാത്ത മലയാളികളുടെ മാനസിക നിലയെ എങ്ങനെയാണ് വ്യാഖ്യാനിക്കേണ്ടത്. ഇത് ശരിക്കും ദ്രോഹം തന്നെയാണ് ഇത്തരത്തിലുള്ള പ്രവണതകൾ തുടരരുത് എന്നാണ് എനിക്ക് പറയാനുള്ളത്.
content highlight: Alencier
















