കേരളമാകെ ഓണം മൂഡിലാണ്. മലയാള സിനിമയും. ഓണക്കാലത്ത് തിയേറ്ററിൽ ആഘോഷപൂരമാക്കാൻ ഇത്തവണ ഒരുപിടി ചിത്രങ്ങളാണ് എത്തുന്നത്. സിനിമാ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന നാല് മലയാള ചിത്രങ്ങളാണ് തിയേറ്ററുകളില്‍ റിലീസിനൊരുങ്ങുന്നത്.
മോഹന്‍ലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കിയ ‘ഹൃദയപൂര്‍വ്വം’, കല്യാണി പ്രിയദര്‍ശന്‍ സൂപ്പര്‍ഹീറോ വേഷത്തില്‍ എത്തുന്ന ‘ലോക- ചാപ്റ്റര്‍ വണ്‍: ചന്ദ്ര’, ഫഹദ് ഫാസിലിനെ നായകനാക്കി അല്‍ത്താഫ് സലിം സംവിധാനം ചെയ്‌ത ‘ഓടും കുതിര ചാടും കുതിര’, ഹൃദു ഹാറൂണ്‍- പ്രീതി മുകുന്ദന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘മേനേ പ്യാര്‍ കിയ’ എന്നീ ചിത്രങ്ങളാണ് ഓണത്തിന് മാറ്റുരയ്ക്കുന്നത്.
മോഹന്‍ലാല്‍- മാളവിക മോഹനന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ഹൃദയപൂര്‍വ്വവും കല്യാണി പ്രിയദര്‍ശന്‍റെ ലോകയും ഓഗസ്റ്റ് 28 ന് തിയേറ്ററുകളില്‍ എത്തും. ‘ഓടും കുതിര ചാടും കുതിര’യും ‘മേനേ പ്യാര്‍ കിയ’യും വെള്ളിയാഴ്‌ചയാണ് റിലീസ്. ഇത്തവണ രണ്ടു ചിത്രങ്ങളാണ് ഓണം റിലീസായി കല്യാണിയുടേത് മാത്രമായി തിയേറ്ററുളില്‍ എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.ലോക സിനിമയില്‍ സൂപ്പര്‍ഹീറോ വേഷത്തിലാണ് കല്യാണി എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.
ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ഹൃദയപൂര്‍വ്വം നിര്‍മിക്കുന്നത്. സത്യൻ അന്തികാട് മോഹൻലാൽ കൂട്ട്കെട്ട് ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും ഈ ഓണക്കാലത്തിനുണ്ട്.ലാലു അലക്‌സ്, സംഗീത് പ്രതാപ്, സംഗീത സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. അഖില്‍ സത്യനാണ് ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്. നവാഗതനായ ടി.പി. സോനുവിന്‍റെതാണ് തിരക്കഥ. സിനിമയുടെ പ്രധാന സംവിധാന സഹായി അനൂപ് സത്യനാണ്. ജസ്റ്റിന്‍ പ്രഭാകര്‍ സംഗീതം നല്‍കുന്ന ചിത്രത്തില്‍ അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ. രാജഗോപാല്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
നസ്ലിനും കല്യാണി പ്രിയദര്‍ശനും പ്രധാനവേഷത്തിലെത്തുന്ന ലോക ചാപ്റ്റര്‍ :ചന്ദ്ര വണ്‍ ദുല്‍ഖര്‍ സല്‍മാന്‍റെ വേഫെറര്‍ ഫിലിംസാണ് നിര്‍മിക്കുന്നത്. ഡൊമിനിക് അരുണ്‍ ആണ് ചിത്രത്തിന്‍റെ തിരക്കഥ സംവിധാനം ഒരുക്കുന്നത്. ലോക എന്ന് പേരുള്ള ഒരു സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് ‘ചന്ദ്ര’.ഓഗസ്റ്റ് 28-നാണ് തീയേറ്ററിലെത്തുക. വ്യാഴാഴ്ച രാവിലെ 9.30-നാണ് ചിത്രത്തിന്റെ ആദ്യഷോ. ചിത്രത്തില്‍ ദുല്‍ഖര്‍ അതിഥിവേഷത്തില്‍ എത്തുമെന്ന അഭ്യൂഹ സാമൂഹികമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്.
മോഹന്‍ലാല്‍ ചിത്രം റിലീസ് ആവുന്ന അന്നു തന്നെ ലോകയും റിലീസിനെത്തുമ്പോള്‍ നസ്ലിന്‍റെ ഏറ്റവും ഒടുവിലിറങ്ങിയ മറ്റുചിത്രത്തെ കുറിച്ചും പ്രേക്ഷകര്‍ ഈ അവസരത്തില്‍ ഓര്‍ക്കുന്നുണ്ട്. ഖാലിദ് റഹ്മാന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ആഴപ്പുഴ ജിംഖാന വിഷു റിലീസായാണ് തിയേറ്ററുകളില്‍ എത്തിയിരുന്നത്. എന്നാല്‍ അന്ന് മമ്മൂട്ടി ചിത്രം ബസൂക്കയും എത്തിയിരുന്നു. അന്ന് മമ്മൂട്ടിയായിരുന്നെങ്കില്‍ ഇന്ന് മോഹന്‍ലാലാണ് നസ്ലിന്‍ ചിത്രത്തോടൊപ്പം റീലീസിനെത്തുന്നത്.
‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ എന്ന നിവിന്‍ പോളി ചിത്രത്തിന് ശേഷം സംവിധായകനും നടനുമായ അല്‍ത്താഫ് സലിം സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ഓടും കുതിര ചാടും കുതിര’. ഫഹദ് ഫാസിലിനും കല്യാണിക്കും പുറമെ ലാല്‍, സുരേഷ് കൃഷ്‌ണ, വിനയ് ഫോര്‍ട്ട് തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.സ്‌പൈര്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന്‍ നിര്‍മ്മിച്ച് നവാഗതനായ ഫൈസല്‍ രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മേനേ പ്യാര്‍ കിയ’. ചിത്രം റൊമാന്‍റിക് കോമഡി ത്രില്ലറാണെന്നാണ് റിപ്പോര്‍ട്ട്.ഓണത്തിന് പുറത്തിറങ്ങാനിരുന്ന ഷെയ്ന്‍ നിഗം ചിത്രം ‘ബള്‍ട്ടി’ പിന്നീട് റിലീസ് മാറ്റിവെക്കുകയായിരുന്നു.
















