ഒരായിരം ചോദ്യങ്ങളുമായി ഉരുട്ടിക്കൊലക്കേസില്‍ രക്തസാക്ഷിയായ ഉദയകുമാറിന്റെ അമ്മ കേരള ജനതയ്ക്കു മുമ്പില്‍ നിന്ന് കരയുകയാണ്. മറുപടി പറയേണ്ടത് ആരാണ്. ആര്‍ക്കാണ് ആ അമ്മയ്ക്ക് നീതി ലഭിച്ചിട്ടുണ്ടോ എന്ന് ചോദിക്കാനുള്ള ആര്‍ജ്ജവമുണ്ടാവുക. സമാന രീതിയില്‍ തന്നെയാണ് ഉദയകുമാറിന്റെ കൊലപാതകികള്‍ എന്ന് കോടതി കണ്ടെത്തി ശിക്ഷ വിധിച്ച്, ശിക്ഷ അനുഭവിച്ചവരുടെ മാനസിക അവസ്ഥയും. ഹൈക്കോടതി അവരെ വെറുതേ വിട്ടു എന്നു പറയുമ്പോള്‍, അവര്‍ കുറ്റക്കാര്‍ അല്ലെന്നാണ് വ്യക്തമാകുന്നത്. അതിനു പിന്നില്‍ എന്തൊക്കെ സാങ്കേതിക പ്രശ്‌നങ്ങള്‍ സംഭവിച്ചുവോ, അതെല്ലാം വെറും സാങ്കേതികത മാത്രമായി മാറുകയാണ്.
ഇരുപതു വര്‍ഷത്തിനു ശേഷം കൊലപാതകികളെ വെറുതേ വിടുമ്പോള്‍ മറ്റൊരു ചോദ്യത്തിന് ഉത്തരം നല്‍കേണ്ടതുണ്ട്. ഉദയകുമാറിന്റെ യഥാര്‍ഥ കൊലയാളികളെ കോടതി ശിക്ഷിച്ചോ. ആരാണ് കൊലയാളികളെ കണ്ടെത്തേണ്ടത്. ആരാണ് അവര്‍ക്ക് ശിക്ഷ ഉറപ്പാക്കേണ്ടത്. ഇതിന് മറുപടി കണ്ടെത്തിയേ മതിയാകൂ. ശിക്ഷിക്കപ്പെട്ടവര്‍ ജയില്‍ മോചിതരാകുന്നത്, കോടതിയുടെ വിധി പ്രകാരമാണ്. ആ വിധി ശരിയാണെങ്കില്‍ തെറ്റു ചെയ്തവര്‍ എവിടെ. ഇന്നും ഒരു സ്മാരകമായി തിരുവനന്തപുരത്തെ ഫോര്‍ട്ട് പോലീസ് സ്‌റ്റേഷന്‍ അവിടുണ്ട്. അവിടെ ഉരുട്ടാന്‍ ഉപയോഗിച്ച ബെഞ്ചും ഉരുളന്‍ ഇരുമ്പു ദണ്ഡും ഉണ്ടാകണം. അല്ലാതെ, ഉദയകുമാറിനെ മാത്രം ഉരുട്ടാനായി ഉരുളന്‍ കമ്പി വാങ്ങിക്കില്ലല്ലോ.
ആ പോലീസ് സ്‌റ്റേഷനില്‍ ഉരുട്ടിക്കൊല നടന്നു എന്നതും, ഉദയകുമാറിനെ ലോക്കപ്പില്‍ വെച്ച് മരിച്ച നിലയില്‍ കണ്ടതും സത്യമാണ്. പിന്നീടെല്ലാം പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ടാണ് സംസാരിച്ചത്. ആ സംസാരത്തില്‍ തെളിഞ്ഞത്, എന്നോ നാടുകടത്തിയ പോലീസ് സ്‌റ്റേഷന്‍ ഉരുട്ടലിന്റെ ഞെട്ടിക്കുന്ന ഓര്‍മ്മപ്പെടുത്തലായിരുന്നു. അടിയന്തിരാവവസ്ഥക്കാലത്തെ രാജന്‍ കൊലക്കേസും ഉരുട്ടിക്കൊല ആയിരുന്നു. അതിന്റെ തനിയാവര്‍ത്തനം പോലെ ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനിലും നടന്നിരിക്കുന്നു. ഉദയകുമാറിനെ വാരിയെല്ലുകളും തുടയെന്നുകളും അസ്ഥികളുമെല്ലാം പൊടിഞ്ഞു തകര്‍ന്നിരിക്കുന്നു. രക്തക്കുഴലുകള്‍ പൊട്ടി. പേശികള്‍ ചുവന്നു നീലിച്ചു കിടന്നിരുന്നു.
ഇതെല്ലാം ഉരുട്ടിക്കൊലയെ സാധൂകരിക്കുന്നതായിരുന്നു. അപ്പോള്‍ ഉദയനെ ഉരുട്ടി തന്നെയാണ് കൊന്നതെന്ന് ഉറപ്പിച്ചു. പോലീസ് സ്‌റ്റേഷനില്‍ കയറി ഒരു പ്രതിയെ മറ്റാരും ഉപദ്രവിക്കില്ലെന്ന് അറിയാവുന്നതു കൊണ്ട് ഉരുട്ടിയതും ഉധയനെ കൊന്നതും പോലീസാണെന്ന് വ്യക്തമായി. അപ്പോള്‍, ഉദയനെ പിടിച്ചതാര്, അന്നത്തെ ദിവസം സ്റ്റേഷനില്‍ ഡ്യൂട്ടി ഉണ്ടായിരുന്ന പോലീസുകാര്‍ ആരൊക്കെ. ഉദയനെ മര്‍ദ്ദിച്ചതാരൊക്കെ. ഇതാണ് അറിയേണ്ടതും. പോലീസിനെതിരേ പോലീസ് അന്വേഷിച്ചാല്‍ പോലീസിനെ രക്ഷിക്കാനല്ലാതെ ശിക്ഷിക്കാന്‍ കിട്ടില്ലെന്നുറപ്പള്ളതു കൊണ്ടാണ് സി.ബി.ഐ വന്നത്. അന്വേഷണം ഊര്‍ജ്ജിതമായി. ഉദയകുമാറിന്റെ അമ്മയുടെ നടത്തം മുഖ്യമന്ത്രിയുടെ ഓഫീസുവരെ നീണ്ടു. പ്രതികളെന്ന് കണ്ടെത്തിയവരെ കോടതി മുറിയിലെത്തിച്ചു.
പലഘട്ടങ്ങളും കഴിഞ്ഞ് ഒടുവില്‍ രണ്ടു പേര്‍ക്ക് വധ ശിക്ഷ വിധിക്കുന്നു. തെളിവുകളും സാക്ഷിവിസ്താരവും, അന്വേഷണ റിപ്പോര്‍ട്ടും, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടുമെല്ലാം ചേര്‍ത്താണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. അതും തൂക്കു ശിക്ഷയാണ്. 2018 മുതല്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊലയാളികള്‍ ശിക്ഷാകാലാവധി അനുഭവിക്കുകയാണ്. ഇതിനിടയില്‍ ശ്രീകുമാര്‍ എന്ന പോലീസുകാരന്ന് ക്യാന്‍സര്‍ ബാധിച്ചു. പോലീസില്‍ നിന്നും ഇവരെ പിരിച്ചു വിടുകയും ചെയ്തു. രോഗം മൂര്‍ച്ഛിച്ച ശ്രീകുമാറിനെ വീട്ടിലേക്കു വിട്ടു. ജീവിക്കില്ല എന്നുറപ്പായതോടെയാണ് വിട്ടത്. ശ്രീകുമാര്‍ കുറച്ചു ദിവസത്തിനുള്ളില്‍ മരിക്കുകയും ചെയ്തു. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ജിതകുമാര്‍ ഇപ്പോഴും ജയിലിലുണ്ട്. മറ്റു രണ്ടു പേരും ജയിലില്‍ ഉണ്ട്.
ഇവരെയാണ് ഹൈക്കോടതി വെറുതേ വിടാന്‍ ഉത്തരവിട്ടിരിക്കുന്നത്. അതായത്, ഇവര്‍ തെറ്റു ചെയ്തിട്ടില്ല എന്നാണ് കോടതി പറയാതെ പറയുന്നത്. അപ്പോള്‍ തെറ്റു ചെയ്തവര്‍ക്ക് ശിക്ഷ കിട്ടിയോ. അഥോ തെറ്റുകാരെ ഇനി അന്വേഷിച്ചു കണ്ടെത്തുമോ. സി.ബി.ഐ അന്വേഷണത്തില്‍ പിഴവു വരുത്തിയെങ്കില്‍ അന്വേഷിച്ച സംവിധാനത്തെയാണ് കുറ്റം പറയേണ്ടത്. ആ സംവിധാനം വരുത്തിയ തെറ്റിന് കൊലപാതകം ചെയ്തവരെ വെറുതേ വിടുന്നതെങ്ങനെ എന്നാണ് ചോദ്യം. എന്താണ് ഉരുട്ടിക്കൊല എന്ന് പുതിയ കാലത്തുള്ളവര്‍ അറിയണം. പോലീസ് സ്‌റ്റേഷനുകളില്‍ മാത്രം നടത്താറുള്ള ഒരു പ്രക്രിയയാണ് ഉരുട്ടല്‍. പ്രതിയെ ബെഞ്ചില്‍ അടിവസ്ത്രം മാത്രം ഇട്ട് കൈ കാലുകള്‍ കെട്ടി കമിഴ്ത്തി കിടത്തും. എന്നിട്ട്. ഇരുമ്പ് ഉരുളന്‍ തടി കാലു മുതല്‍ കഴുത്തു വരെ ഉരുട്ടും. രക്തകക്കുഴലുകള്‍ പൊട്ടുമാറ് ആ ഉരുട്ടല്‍ നീളും. ഇങ്ങനെയാണ് സ്റ്റേഷന്‍ സെല്ലുകളില്‍ മരങ്ങള്‍ ഉണ്ടാകുന്നതെന്ന് പഴയകാല പോലീസുകാരും സമ്മതിക്കുന്നുണ്ട്. ആധുനിക പോലീസിംഗില്‍ ഇത്തരം കാടത്ത നടപടികള്‍ ഉണ്ടായിട്ടില്ല. മോഷണക്കുറ്റം ആരോപിച്ചാണ് 2005 സെപ്തംബര്‍ 27ന് പകല്‍ രണ്ടിനാണ് ഉദയകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ നിന്ന് അന്നത്തെ ഫോര്‍ട്ട് സി.ഐയായിരുന്ന ഇ.കെ സാബുവിന്റെ പ്രത്യേക സ്‌ക്വാഡിലുള്ള പൊലീസുകാരാണ് ഉദയകുമാറിനെ കസ്റ്റഡിയിലെടുത്തത്. ആക്രിക്കടയില്‍ ജോലിക്കാരനായിരുന്ന ഉദയകുമാറിന് പൊലീസ് കസ്റ്റഡിയില്‍ നേരിടേണ്ടിവന്നത് അതിഭീകരമായ മൂന്നാംമുറ. ഇരുമ്പുപൈപ്പുകൊണ്ട്. അടിച്ചും ഉരുട്ടിയുമാണ് കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കേസുപോലും ചാര്‍ജ് ചെയ്യാതെയാണ് ഉദയകുമാറിനെ കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തിയത്. ജിതകുമാര്‍, ശ്രീകുമാര്‍, സോമന്‍ എന്നീ പൊലീസുകാര്‍ ചേര്‍ന്നാണ് ഉദയകുമാറിനുമേല്‍ മൂന്നാംമുറ പ്രയോഗിച്ചത്. ജിതകുമാറും ശ്രീകുമാറും ചേര്‍ന്ന് ജി.ഐ പൈപ്പുകൊണ്ട് തുടയില്‍ മാരകമായി അടിച്ചു.
രാത്രി എട്ടുമണിയോടെ ഉദയകുമാര്‍ മരിച്ചു. തുടര്‍ന്ന് എസ്.ഐ അജിത് കുമാറും സി.ഐ ഇ.കെ സാബുവുമായി ഗൂഢാലോചന നടത്തി കള്ളക്കേസ് ചാര്‍ജ് ചെയ്യുകയായിരുന്നു. കൈകള്‍ കെട്ടാന്‍ ഉപയോഗിച്ച തോര്‍ത്തും അടിച്ച ചൂരലും മാറ്റി. എ.സി.പി ടി.കെ ഹരിദാസും ഗൂഢാലോചനയില്‍ പങ്കാളിയായി. ഇതിനുശേഷം എ.എസ്.ഐ രവീന്ദ്രന്‍നായരും ഹെഡ്‌കോണ്‍സ്റ്റബിള്‍ ഹീരാലാലും മോഷണക്കുറ്റത്തിന് വ്യാജ എഫ്.ഐ.ആര്‍ ഉണ്ടാക്കി. പ്രതികള്‍ തയ്യാറാക്കിയ കരട് എഫ്.ഐ.ആര്‍ രവീന്ദ്രനായര്‍ക്കും ഹീരാലാലിനും കൈമാറുകയായിരുന്നു. കള്ളക്കേസ് ചാര്‍ജ് ചെയ്ത് ശേഷം ഡ്രാഫ്റ്റ് നശിപ്പിച്ചു. അസി. റൈറ്റര്‍ മധുസൂദനനെ ഭീഷണിപ്പെടുത്തി അറസ്റ്റ് കാര്‍ഡും തയ്യാറാക്കി.
തുടര്‍ന്ന് രണ്ട് കള്ളസാക്ഷികളെ സൃഷ്ടിച്ച് സംഭവദിവസം വൈകിട്ട് നാലിന് അറസ്റ്റ് ചെയ്തതായി വ്യാജ മഹസറുണ്ടാക്കി. മാപ്പുസാക്ഷികളായ ഹെഡ്‌കോണ്‍സ്റ്റബിള്‍മാരായ തങ്കമണി, എന്‍ രാമചന്ദ്രന്‍, ഷീജാകുമാരി, സജിത എന്നിവരെ പ്രതികള്‍ ഭീഷണിപ്പെടുത്തി. ഉദയകുമാറിനെ രാത്രി എട്ടിന് സ്റ്റേഷനില്‍ എത്തിച്ചു എന്ന് വ്യാജ രേഖയുണ്ടാക്കി. ആശുപത്രിയിലെത്തിക്കുമ്പോള്‍ പറഞ്ഞത് വഴിയരികില്‍ പരിക്കേറ്റ് കിടക്കുന്നതുകണ്ടു എന്നാണ്. പിന്നീട് പോസ്റ്റ് മോര്‍ട്ടത്തിലാണ് മര്‍ദനത്തിന്റെ ഭീകരത പുറത്തുവന്നത്. കാലിലെയും നെഞ്ചിലെയും അസ്ഥികള്‍ നിരവധി കഷണങ്ങളായി നുറുങ്ങിയിരുന്നു. ജനകീയ പ്രതിഷേധത്തെ തുടര്‍ന്നാണ് ആര്‍.ഡി.ഒയുടെ സാന്നിധ്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ തയ്യാറായത്.
CONTENT HIGH LIGHTS; Wasn’t Udayakumar rolled to death?: If those convicted are innocent, where are Udayakumar’s murderers?; Fort Police Station as a memorial to the rolling to death?
















