ആരോഗ്യകരമായ ശീലങ്ങൾ, ക്ഷമ എന്നിവയാണ് തനിക്ക് ശരീര ഭാരം കുറയ്ക്കാൻ സഹായകരമായതെന്ന് ഭൂമി പട്നേക്കർ ഉറപ്പിച്ചു പറയുന്നു. 2021 ൽ വോഗ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ, പതിവ് വ്യായാമത്തിലൂടെയും സമീകൃതാഹാരത്തിലൂടെയും താൻ 35 കിലോയിലധികം കുറച്ചതെങ്ങനെയെന്ന് നടി വെളിപ്പെടുത്തിയിരുന്നു.
പൈലേറ്റ്സ്, ഓട്ടം, ശക്തി പരിശീലനം, ഭാരോദ്വഹനം എന്നിവ ഉൾപ്പെടുന്ന വ്യായാമ ദിനചര്യയാണ് ഭൂമി പട്നേക്കർ പിന്തുടർന്നത്. ഓട്ടത്തോടെയാണ് തന്റെ ദിവസം ആരംഭിച്ചതെന്നും നട്‌സും പഴങ്ങളും അടങ്ങിയ പോഷകസമൃദ്ധമായ പ്രഭാതഭക്ഷണമാണ് താൻ കഴിച്ചിരുന്നതെന്നും അവർ പറയുന്നു. ദിവസവും ഒരു മണിക്കൂർ വ്യായാമത്തിനായി നീക്കിവച്ചു. ദിവസം മുഴുവൻ ആക്ടീവായിരിക്കാൻ പ്രതിദിനം 7,000-8,000 ചുവടുകൾ നടന്നതായും അവർ അഭിപ്രായപ്പെട്ടു.
“ഒരു സിനിമയ്ക്കുവേണ്ടിയാണ് 30 കിലോ കൂട്ടിയത്, അതു കഴിഞ്ഞപ്പോൾ 35 കിലോയിലധികം ശരീര ഭാരം കുറച്ചു,” ഭൂമി പറഞ്ഞതായി വോഗ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ശരീര ഭാരം കുറയ്ക്കാനായി പട്ടിണി കിടന്നില്ലെന്ന് നടി പറയുന്നു. ”ഞാൻ ശരിക്കും കഠിനാധ്വാനം ചെയ്തു. അത് എന്റെ ദിനചര്യയുടെ ഭാഗമായി മാറി. പൈലേറ്റ്സ്, ഓട്ടം, ശക്തി, ഭാരോദ്വഹനം എന്നിവയെല്ലാം ഞാൻ ഇഷ്ടപ്പെട്ടു. പതിവായി ഓടുന്നതും ലഘുവായ വ്യായാമങ്ങളും സമീകൃതാഹാരവും നിങ്ങളെ ആക്ടീവായി നിലനിർത്താൻ സഹായിക്കും,” ഭൂമി പട്നേക്കർ പറഞ്ഞു.
”എന്റെ ദിവസം ആരംഭിക്കുന്നത് ഓട്ടത്തോടെയാണ്. അതിനുശേഷം ആരോഗ്യകരമായ പ്രഭാതഭക്ഷണം കഴിക്കും. അതിൽ നട്സ്, പഴങ്ങൾ തുടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുന്നു. എന്റെ ഊർജ നില നിലനിർത്താനും എന്റെ ദിവസം മുന്നോട്ട് കൊണ്ടുപോകാൻ ആവശ്യമായ പോഷകാഹാരം നൽകാനും പ്രഭാതഭക്ഷണം സഹായിക്കുന്നു. ഉച്ചകഴിഞ്ഞ് ഞാൻ വ്യായാമത്തിനായി ജിമ്മിൽ പോകും,” അവർ പറഞ്ഞു.
ദിവസവും ഒരു മണിക്കൂർ വ്യായാമത്തിനായി ഞാൻ മാറ്റിവയ്ക്കാറുണ്ട്, ഒരു ദിവസം 7,000-8,000 ചുവടുകൾ നടക്കുമെന്ന് ഞാൻ ദൃഢനിശ്ചയം എടുത്തിട്ടുണ്ട്. നിങ്ങൾ എത്ര കഴിക്കുന്നു എന്നല്ല, എന്ത് കഴിക്കുന്നു എന്നതിനെക്കുറിച്ച് ശ്രദ്ധാലുവായിരിക്കണമെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ ഇപ്പോൾ ഒരു സസ്യാഹാരിയാണ്, അത് എന്റെ ജീവിതത്തെ ശരിക്കും മാറ്റിമറിച്ചു. ആരോഗ്യകരമായ ഭക്ഷണ തിരഞ്ഞെടുപ്പുകളുടെ പ്രാധാന്യത്തിലേക്ക് എന്റെ കണ്ണുതുറപ്പിച്ചുവെന്ന് ഭൂമി പട്നേക്കർ പറഞ്ഞു.
















