കൊച്ചി: ലോകത്തിലെ പ്രമുഖ ഫിലിം ഫെസ്റ്റിവലുകളിലൊന്നായ 44ാ മത് വാന്‍കൂവര്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്ക് ഫോട്ടോ ജേര്‍ണലിസ്റ്റ് പി. അഭിജിത്ത് സംവിധാനം ചെയ്ത ‘ഞാന്‍ രേവതി’ തെരഞ്ഞെടുക്കപ്പെട്ടു. ദീപിക സുശീലന്‍ ക്യൂറേറ്റ് ചെയ്യുന്ന ‘എഡ്ജസ് ബിലോങ്ങിംഗ്: ടെയില്‍സ് ഓഫ് ഗ്രിറ്റ് ആന്‍ഡ് ഗ്രേസ് ഫ്രം ഇന്ത്യ എന്ന ഫോക്കസ് വിഭാഗത്തിലാണ് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നത്. 2025 ഒക്ടോബര്‍ 2 മുതല്‍ 12 വരെ കാനഡയില്‍ വച്ച് നടക്കുന്ന ഫെസ്റ്റിവലില്‍ 7 , 8 തീയ്യതികളിലായി ഞാന്‍ രേവതിയുടെ രണ്ട് പ്രദര്‍ശനങ്ങള്‍ നടക്കും.
എഴുത്തുകാരിയും ആക്ടിവിസ്റ്റും അഭിനേതാവുമായ ട്രാന്‍സ് വുമണ്‍ എ. രേവതിയുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തം. തിരുവനന്തപുരത്ത് നടന്ന ഐ.ഡി. എസ്. എഫ്. എഫ്. കെ യില്‍ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഞാന്‍ രേവതി മുംബൈയിലെ കാഷിഷ് പ്രൈഡ് ഫിലിം ഫെസ്റ്റിവല്‍ , റീല്‍ ഡിസയേഴ്‌സ് ചെന്നൈ ക്വിയര്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 5 മുതല്‍ 7 വരെ ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഷിംലയില്‍ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
കോഴിക്കോട് നടന്ന ഐ.ഇ. എഫ്. എഫ്. കെ സ്വതന്ത്ര ചലച്ചിത്ര മേളയില്‍ മികച്ച സിനിമക്കുള്ള ഓഡിയന്‍സ് പോള്‍ അവാര്‍ഡ് ഞാന്‍ രേവതിക്ക് ലഭിച്ചിട്ടുണ്ട്. പ്രപഞ്ചം ഫിലിംസിന്റെ ബാനറില്‍ എ . ശോഭിലയാണ് ഡോക്യുമെന്ററി നിര്‍മിച്ചിരിക്കുന്നത്. പി. ബാലകൃഷ്ണന്‍ , ടി.എം. ലക്ഷമിദേവി എന്നിവരാണ് സഹ നിര്‍മാതാക്കള്‍ .എ മുഹമ്മദ് ഛായാഗ്രഹണം , അമല്‍ജിത്ത് എഡിറ്റിങ് , വിഷ്ണു പ്രമോദ് സൗണ്ട് ഡിസൈന്‍ , സാജിദ് വി. പി കളറിസ്റ്റ് , രാജേഷ് വിജയ് സംഗീതം , ആസിഫ് കലാം സബ്‌ടൈറ്റില്‍സ് , അഡീ ക്യാമറ ചന്തു മേപ്പയൂര്‍ , ക്യാമറ അസി. കെ.വി. ശ്രീജേഷ് ,പി.ആര്‍ സുമേരന്‍ പി. ആര്‍. ഒ തുടങ്ങിയവരാണ് സാങ്കേതിക പ്രവര്‍ത്തകര്‍. ബാഡ് ഗേള്‍, സൈക്കിള്‍ മഹേഷ്, ഹിഡന്‍ ട്രെമോര്‍സ്, സീക്രട്ട്‌സ് ഓഫ് എ മൗണ്ടന്‍ സെര്‍പന്റ് തുടങ്ങിയ ചിത്രങ്ങളും ഫോക്കസ് വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
















