മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാട് ചിത്രം ഹൃദയപൂര്‍വ്വത്തിന്റെ ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. ആഗസ്റ്റ് 28ന് പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. 3.35 കോടി രൂപ ഇന്ത്യയില്‍ നിന്ന് നേടിയെന്നാണ് റിപ്പോര്‍ട്ട്. ഔദ്യോഗികമായ കണക്കുകള്‍ പുറത്തുവന്നിട്ടില്ലെങ്കിലും ഒപ്പം പുറത്തിറങ്ങിയ ‘ലോക’യെക്കാള്‍ മുന്‍പിലാണ് ഹൃദയപൂര്‍വ്വം.
ഓണത്തിന് മുന്‍പുള്ള ദിവസങ്ങളില്‍ ഹൃദയപൂര്‍വ്വം റിലീസ് ചെയ്തതിനാല്‍ ഇനിയും കളക്ഷന്‍ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കുടുംബ പ്രേക്ഷകരും യുവാക്കളും ഒരേപോലെ സ്വീകരിക്കുന്ന ഈ മോഹന്‍ലാല്‍ ചിത്രത്തിന് വരുന്ന ദിവസങ്ങളില്‍ ഇനിയും കളക്ഷന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
മോഹന്‍ലാല്‍-സംഗീത് പ്രതാപ് കോമ്പോ കലക്കിയെന്നാണ് ആദ്യ പ്രതികരണങ്ങള്‍. സംഗീതിന്റെ പ്രകടനത്തിന് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. തമാശകള്‍ എല്ലാം വര്‍ക്ക് ആയെന്നും ഒരു പക്കാ ഫീല്‍ ഗുഡ് സിനിമയാണ് ഹൃദയപൂര്‍വ്വം എന്നാണ് അഭിപ്രായങ്ങള്‍. എമ്പുരാനും തുടരുമിനും ശേഷം മോഹന്‍ലാലിന്റെ മൂന്നാമത്തെ വിജയചിത്രമാണ് ഇതെന്നാണ് പലരും കുറിക്കുന്നുണ്ട്.
ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. സത്യന്‍ അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നു എന്ന പ്രത്യേകതയും ഹൃദയപൂര്‍വ്വത്തിനുണ്ട്.
















