ആഗസ്റ്റ് 28ന് ഓണം റിലീസായി പുറത്തിറങ്ങിയ ചിത്രമാണ് ‘ലോക- ചാപ്റ്റര്‍ വണ്‍: ചന്ദ്ര’. കല്യാണി പ്രിയദര്‍ശന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക അഭിപ്രായമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ഫസ്റ്റ് ഡേ കളക്ഷനും പുറത്തുവന്നിരിക്കുകയാണ്.
ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട് പ്രകാരം 2.65 കോടിയാണ് ആദ്യദിനം ലോക നേടിയിരിക്കുന്ന കളക്ഷന്‍. ഇത് മുന്‍കൂട്ടിയുള്ള കണക്കാണ്. വരും മണിക്കൂറില്‍ ഈ കളക്കില്‍ മാറ്റം വരാം. ബുക്ക് മൈ ഷോയില്‍ മികച്ച ബുക്കിംഗ് ആണ് ലോകയ്ക്ക് നടക്കുന്നത്. രണ്ടാം ദിനമായ ഇന്ന് മുതല്‍ ലോകയുടെ വലിയൊരു കളക്ഷന്‍ പ്രയാണം തന്നെ കാണാന്‍ സാധിക്കുമെന്നാണ് വിലയിരുത്തലുകള്‍.
അരുണ്‍ ഡൊമിനിക് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് ലോക. ദുല്‍ഖര്‍ സല്‍മാനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം തിയറ്ററുകളിലുണ്ട്. സൂപ്പര്‍ഹീറോ ആയ ‘ചന്ദ്ര’ എന്ന് പേരുള്ള കഥാപാത്രമായി കല്യാണി പ്രിയദര്‍ശന്‍ വേഷമിട്ടിരിക്കുന്ന ചിത്രത്തില്‍ ‘സണ്ണി’ എന്നാണ് നസ്ലന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
















