നവാഗതനായ ഫൈസല്‍ ഫസലുദ്ദീന്‍ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് മേനെ പ്യാര്‍ കിയ. റൊമാന്റിക് ട്രാക്കില്‍ തുടങ്ങി ത്രില്ലര്‍ ഴോണറിലേക്ക് വഴി മാറുന്ന ആഖ്യാനമാണ് ഫൈസല്‍ മേനേ പ്യാര്‍ കിയയ്ക്ക് ഒരുക്കിയിരിക്കുന്നത്. പ്രണയം നിറയുന്ന ഈ മനോഹര ചിത്രം കുടുംബ പ്രേക്ഷകര്‍ക്കും യുവ പ്രേക്ഷകര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്.
ആര്യനാണ് കഥാ നായകന്‍. കോളേജില്‍ നിന്ന് പഠനത്തിന്റെ പാതിവഴിക്ക് ഇറങ്ങിയ കൗമാരക്കാരനായി ആര്യന്‍ സിനിമയില്‍ നിറയുന്നു. ആര്യന്റെ പ്രണയമാണ് സിനിമ പറയുന്നത്. ഒരു ജോലിയുടെ ആവശ്യത്തിനായി പ്ലസ്ടു, എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ആര്യന് ആവശ്യമായി വരുന്നു. അവ വാങ്ങിക്കാന്‍ കോളേജില്‍ എത്തുമ്പോഴാണ് തമിഴ്‌നാട്ടുകാരിയായ വിദ്യാര്‍ഥിനി നിധിയെ ആര്യന്‍ കാണുന്നത്. ആദ്യ കാഴ്ചയില്‍ തന്നെ ആര്യന് നിധിയോട് പ്രണയം തോന്നുന്നു. നിധിയെ ഇംപ്രസ് ചെയ്യാനുള്ള ആര്യന്റെ ശ്രമങ്ങളാണ് പിന്നീട് സിനിമയില്‍ കാണിക്കുന്നത്.
മാതാപിതാക്കളുടെ കര്‍ശന നിയന്ത്രണത്തില്‍ വളരുന്ന നിധിക്ക് ആര്യനോട് പ്രണയം തോന്നുമോ എന്നതാണ് പിന്നീട് സിനിമയെ ആസ്വാദ്യകരമാക്കുന്ന ഘടകം. ഒരു ഘട്ടത്തില്‍ ആര്യനും നിധിയും സൗഹൃദത്തിലാകുന്നുമുണ്ട്. അത്തരമൊരു സന്ദര്‍ഭത്തില്‍ നിധി ആര്യനൊത്ത് പുറത്ത് കറങ്ങാന്‍ പോകുന്നു. അത് കോളേജില്‍ വലിയ വിഷയമായി മാറുന്നു. തുടര്‍ന്നുള്ള സംഭവങ്ങള്‍ സിനിമയില്‍ വഴിത്തിരിവാകുന്നു.
ഹൃദു ഹാറൂണ്‍, പ്രീതി മുകുന്ദന്‍ എന്നിവരാണ് മേനേ പ്യാര്‍ കിയയില്‍ നായകനും നായികയുമായി എത്തിയിരിക്കുന്നത്. ആര്യന്‍ എന്ന യുവാവായി സിനിമയുടെ പ്രമേയത്തിനൊത്ത് ബിഹേവ് ചെയ്യാന്‍ ഹൃദു ഹാറൂണ് സാധിച്ചിട്ടുണ്ട്. മലയാള സിനിമയുടെ ഭാവി വാഗ്ദാനങ്ങളില്‍ ഒരാളായി വരവറിയിക്കുകയും ചെയ്യുന്നുണ്ട് ഹൃദു ഹാറൂണ്‍. രണ്ട് വിഭിന്നമായ ഗെറ്റപ്പുകളില്‍ ഈ ചിത്രത്തില്‍ പ്രീതി മുകുന്ദനും തിളങ്ങിയിരിക്കുന്നു. നിക്‌സണ്‍ എന്ന കഥാപാത്രമായി ചിത്രത്തില്‍ അസ്‌കര്‍ മിന്നിത്തിളങ്ങിയിരിക്കുന്നു. അസ്‌കര്‍ അലിയുടെ ഇന്നേ വരെയുള്ള കരിയറിലെ വേറിട്ട വേഷവുമാണ് നിക്‌സണ്‍. മിദൂട്ടി, അര്‍ജുന്‍, ജഗദീഷ് ജനാര്‍ദ്ദനന്‍, ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാര്‍, റിഡിന്‍ കിംഗ്‌സിലി എന്നിവരും ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നു.
















