ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’യ്ക്ക് ശേഷം അല്‍ത്താഫ് സലിം സംവിധാനം ചെയ്ത ചിത്രമാണ് ഓടും കുതിര ചാടും കുതിര. ചിത്രത്തില്‍ എബി മാത്യു എന്ന കഥാപാത്രമായി ഫഹദ് ഫാസില്‍ എത്തിയപ്പോള്‍ നിധി എന്ന കഥാപാത്രമാണ് കല്യാണി പ്രിയദര്‍ശന്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്രധാന താരങ്ങളോടൊപ്പം ലാല്‍, വിനയ് ഫോര്‍ട്ട്, സുരേഷ് കൃഷ്ണ, രേവതി പിള്ള തുടങ്ങിയവരുടെ മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം.
സ്വപ്നവും യാഥാര്‍ത്ഥ്യവും തമ്മിലെ സാമ്യവും അന്തരവുമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. ഏതാണ് സ്വപ്നമെന്നും, ഏതാണ് യാഥാര്‍ത്ഥ്യമെന്നും തിരിച്ചറിയാനാവാത്ത എബിയും നിധിയും തമ്മിലെ പ്രണയവും അതേത്തുടര്‍ന്നുണ്ടാവുന്ന സംഘര്‍ഷങ്ങളും എങ്ങനെയാണ് ഇരുവരുടെയും ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നത് എന്നതാണ് റൊമാന്റിക്- കോമഡി ഴോണറില്‍ പുറത്തിറങ്ങിയ ഓടും കുതിര ചാടും കുതിരയുടെ കാതല്‍.
തങ്ങളുടെ കല്യാണത്തിന് കുതിരപ്പുറത്തേറി കല്ല്യാണപന്തലിലേക്ക് എത്തണമെന്ന നിധിയുടെ ആഗ്രഹം സാധിച്ചുകൊടുക്കുന്ന എബിയെ ആണ് ചിത്രത്തിന്റെ തുടക്കത്തില്‍ കാണാന്‍ കഴിയുന്നത്. എന്നാല്‍ ഈ കുതിര തന്റെ ജീവിതത്തില്‍ വരുത്തിവെക്കുന്ന ചില പ്രശ്‌നങ്ങളും അതിന്റെ പരിഹാരം തേടിയലയുമ്പോള്‍ ജീവിതത്തില്‍ വന്നുചേരുന്ന അപ്രതീക്ഷിതമായ മറ്റ് കാര്യങ്ങളുമാണ് സിനിമ മുന്നോട്ട് വെയ്ക്കുന്നത്.
ചിത്രത്തിലേക്ക് വരുമ്പോള്‍ എബി അടക്കമുള്ള എല്ലാ കഥാപാത്രങ്ങളും ‘ഓവര്‍ ദ ടോപ്’ ആയി പെരുമാറുന്നവരാണ് എന്ന് കാണാന്‍ കഴിയും. അവരുടെ ഓരോ സംഭാഷണവും പ്രവൃത്തികളും അതിശയോക്തി കലര്‍ന്നതായി തോന്നാം. സംവിധായകന്‍ അത്തരത്തിലുള്ള ഒരു പരിചരണമാണ് ഓരോ കഥാപാത്രങ്ങള്‍ക്കും നല്‍കിയിരിക്കുന്നത്, അത് തന്നെയാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നതും.
ചിത്രത്തില്‍ ഏറ്റവും സങ്കീര്‍ണ്ണമായതും പ്രേക്ഷകന് പിടി കൊടുക്കാത്തതുമായ കഥാപാത്രമായിരുന്നു ഫഹദ് ഫാസില്‍ അവതരിപ്പിച്ച എബി എന്ന കഥാപാത്രം. സ്വപ്നമേതാണ് സത്യമേതാണ് എന്ന തിരിച്ചറിവിലേക്ക് എത്താന്‍ അയാള്‍ക്ക് ഒരുപാട് ദൂരം സഞ്ചരിക്കേണ്ടി വരുന്നുണ്ട് ഒരുപാട് വേദനകളിലൂടെ, ഒരുപാട് മനുഷ്യരിലൂടെ. അതിന് ശേഷമാണ് അയാള്‍ തന്റെ പ്രണയം പോലും കണ്ടെത്തുന്നത്. മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്ന എബി, ഫഹദ് ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമാണ്.
ലാല്‍ അവതരിപ്പിച്ച റിട്ടയേര്‍ഡ് റയില്‍വേ ഉദ്യോഗസ്ഥനായിരുന്ന മാത്യു എന്ന കഥാപാത്രം, ചിത്രത്തില്‍ ഫഹദിന്റെയും വിനയ് ഫോര്‍ട്ടിന്റെയും അച്ഛനായാണ് വരുന്നത്. സിനിമയുടെ തുടക്കത്തില്‍ തന്നെ ‘അയാള്‍ ഒരു വട്ടനാണ്’ എന്നുള്ളൊരു ലേബല്‍ പ്രേക്ഷകരിലേക്ക് സിനിമ കൈമാറ്റം ചെയ്യുന്നുണ്ട്. ചിത്രത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്ന് തന്നെയായിരുന്നു ലാലിന്റേത്.
ഹിന്ദി ടെലിവിഷന്‍ സീരിയലുകളിലും മറ്റും സജീവമായിരുന്നു രേവതി പിള്ള എന്ന നടിയുടെ അരങ്ങേറ്റ ചിത്രം മോശമായില്ല എന്ന് തന്നെ പറയാവുന്നതാണ്. രേവതി എന്ന കഥാപാത്രമായി തന്നെ ചിത്രത്തില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. ആകെമൊത്തം മനസ് നിറയ്ക്കുന്ന സിനിമയാണ് ഓടും കുതിര ചാടും കുതിര. ഒരു കുതിരയെ പോലെ ജീവിതത്തില്‍ ഓടിയും ചാടിയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടുന്ന എബിയും കൂട്ടരും പ്രേക്ഷകരെ ചിരിപ്പിക്കുക മാത്രമല്ല കുറച്ച് വൈകാരികമായ തലങ്ങളിലൂടെ കടത്തികൊണ്ടുപോവാനും തീര്‍ച്ചയായും സാധ്യതയുണ്ട്.
ജസ്റ്റിന്‍ വര്‍ഗീസ് ഒരുക്കിയ സംഗീതവും ജിന്റോ ജോര്‍ജിന്റെ ഛായാഗ്രഹണവും മികവുറ്റതായിരുന്നു. സാമ്പ്രദായിക സിനിമാ ആഖ്യാനങ്ങളെ പിന്തുടരാതെ എപ്പോഴും വ്യത്യസ്ത വഴികള്‍ പിന്തുടരുന്ന അല്‍ത്താഫ് സലിം എന്ന പേര് എല്ലാകാലത്തും ധൈര്യമായി ടിക്കറ്റ് എടുക്കുവാന്‍ പ്രേരിപ്പിക്കുന്ന ഒന്ന് തന്നെയായിരിക്കുമെന്ന് തന്റെ രണ്ടാം ചിത്രത്തിലൂടെ വീണ്ടും തെളിയിച്ചിരിക്കുകയാണ് സംവിധായകന്‍. പ്രതീക്ഷകളില്ലാത്ത ശൂന്യമായ മനസുമായി തിയേറ്ററിലെത്തിയാല്‍ മനസ് നിറഞ്ഞുകൊണ്ട് പ്രേക്ഷകര്‍ക്ക് തീര്‍ച്ചയായും ഇറങ്ങിവരാം.
















