യുഎഇയിലെ സമുദ്ര പൈതൃകം സംരക്ഷിക്കാൻ അൽ മലേഹ് മത്സ്യോത്സവത്തിന്റെ പന്ത്രണ്ടാം പതിപ്പിന് വ്യാഴാഴ്ച തുടക്കമായി. ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും ദിബ്ബ അൽ ഹിസ്ൻ മുനിസിപ്പാലിറ്റിയും സംയുക്തമായി അൽ ഹിസ്ൻ ദ്വീപിലാണ് ഉത്സവം സംഘടിപ്പിക്കുന്നത്. യുഎഇയുടെ സമുദ്ര കരകൗശല വസ്തുക്കളും പൈതൃക വ്യവസായങ്ങളും സംരക്ഷിക്കാനും മത്സ്യബന്ധനത്തിന്റെ സാമ്പത്തിക, സാംസ്കാരിക പ്രാധാന്യം പ്രോത്സാഹിപ്പിക്കാനുമാണ് വാർഷിക പരിപാടി ലക്ഷ്യമിടുന്നത്.
ഞായറാഴ്ച വരെ രാവിലെ ഒൻപതു മുതൽ രാത്രി ഒൻപതുവരെ സന്ദർശകർക്ക് പ്രവേശനം അനുവദിക്കും. കൂടാതെ സന്ദർശകർക്ക് പരമ്പരാഗത ഇമിറാത്തി വിഭവങ്ങൾ ലഭ്യമാക്കാൻ പ്രത്യേക ഡൈനിങ്ങ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും പ്രാദേശിക സംരംഭകരും ഉത്സവത്തിന്റെ ഭാഗമാകും. ഇതിലൂടെ പരമ്പരാഗത കരകൗശല വിദഗ്ധരും നൂതന വ്യവസായങ്ങളും തമ്മിലുള്ള പങ്കാളിത്തവും പ്രോത്സാഹിപ്പിക്കും. സാംസ്കാരിക ആഘോഷം എന്നതിലുപരി ഭക്ഷ്യസുരക്ഷയ്ക്കും മികച്ചസംഭാവനകൾ നൽകുന്നു.
STORY HIGHLIGHT: Sharjah Fish Festival
















