‘ലോക ചാപ്റ്റര്‍ 1 : ചന്ദ്ര’യുടെ വിജയത്തില്‍ നന്ദി പ്രകടിപ്പിച്ച് സിനിമയുടെ നിര്‍മ്മാതാവ് ദുല്‍ഖര്‍ സല്‍മാന്‍. ലോകയുടെ വിജയത്തില്‍ താന്‍ സന്തോഷവാനാണെന്നും സിനിമയുടെ വിജയത്തിന്റെ ക്രെഡിറ്റ് മുഴുവന്‍ ലോക ടീമിനുള്ളതാണെന്നും ഇന്നലെ നടന്ന വിജയാഘോഷത്തിനിടെ ദുല്‍ഖര്‍ പറഞ്ഞു.
ദുല്‍ഖറിന്റെ വാക്കുകള്‍…..
‘ഞാന്‍ വളരെ സന്തോഷവാനാണ്. നിങ്ങള്‍ക്കെല്ലാവര്‍ക്കും പടം ഇത്രയും ഇഷ്ടപ്പെടുമെന്ന് വിചാരിച്ചില്ല. ചെറിയ സ്വപ്നം വെച്ച് തുടങ്ങിയതാണ്, പക്ഷേ മുഴുവന്‍ ക്രെഡിറ്റും ഈ ടീമിനുള്ളതാണ്. ഞാന്‍ വെറുമൊരു ലക്കി പ്രൊഡ്യൂസര്‍ മാത്രമാണ്.’
‘ലോക’ എന്ന് പേരുള്ള ഒരു സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് ‘ചന്ദ്ര’. ഡൊമിനിക് അരുണ്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സൂപ്പര്‍ഹീറോ ആയ ‘ചന്ദ്ര’ എന്ന് പേരുള്ള കഥാപാത്രമായി കല്യാണി പ്രിയദര്‍ശന്‍ വേഷമിട്ടിരിക്കുന്ന ചിത്രത്തില്‍ ‘സണ്ണി’ എന്നാണ് നസ്ലന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഫാന്റസി ഴോണറില്‍ പുറത്തിറങ്ങിയ ചിത്രത്തിന് ആദ്യ ദിവസം മുതല്‍ മികച്ച പ്രതികരണമാണ് എല്ലായിടത്ത് നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.
മലയാളത്തിലെ ആദ്യ ലേഡി സൂപ്പര്‍ഹീറോ ചിത്രമാണ് ലോക. മലയാളത്തിന്റെ മാര്‍വല്‍ എന്നാണ് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. കല്യാണി പ്രിയദര്‍ശന്റെ മികച്ച പ്രകടനം തന്നെയാണ് ലോകയുടെ ആകര്‍ഷണം. മലയാളം ഇന്നുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ചിത്രമാണ് എന്നും മികച്ച ഇന്റര്‍വെല്‍ ബ്ലോക്കാണെന്നും അഭിപ്രായങ്ങള്‍ വരുന്നു.
ഛായാഗ്രഹണം – നിമിഷ് രവി, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റര്‍ – ചമന്‍ ചാക്കോ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്-ജോം വര്‍ഗീസ്, ബിബിന്‍ പെരുമ്പള്ളി, അഡീഷണല്‍ തിരക്കഥ-ശാന്തി ബാലചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍-ബംഗ്ലാന്‍ , കലാസംവിധായകന്‍-ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ് – റൊണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍-മെല്‍വി ജെ, അര്‍ച്ചന റാവു, സ്റ്റില്‍സ്- രോഹിത് കെ സുരേഷ്, അമല്‍ കെ സദര്‍, ആക്ഷന്‍ കൊറിയോഗ്രാഫര്‍- യാനിക്ക് ബെന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – റിനി ദിവാകര്‍, വിനോഷ് കൈമള്‍, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്.
















