കേരളത്തിൽ പ്രൊഫഷണൽ മേഖലയിൽ വൻ മുന്നേറ്റം. ലിങ്ക്ഡ്ഇൻ ടാലൻ്റ് ഇൻസൈറ്റ്‌സ് പുറത്തിറക്കിയ പുതിയ റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേരളത്തിൽ പ്രൊഫഷണലുകളുടെ എണ്ണത്തിൽ 172 ശതമാനം വർധനവുണ്ടായതായി കണ്ടെത്തി. കേരള ഡെവലപ്‌മെൻ്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്) ആണ് ഇക്കാര്യം അറിയിച്ചത്.
കൊച്ചിയിൽ നടന്ന സ്‌കിൽ കേരള ഗ്ലോബൽ ഉച്ചകോടിയിലാണ് കണ്ടെത്തലുകൾ അവതരിപ്പിച്ചത്. ഡിജിറ്റൽ സാക്ഷരതയ്‌ക്കൊപ്പം എല്ലാവരെയും ഉൾക്കൊള്ളുന്ന പുരോഗതിയെ പ്രോത്സാഹിപ്പിക്കുന്ന അറിവ് അധിഷ്‌ഠിതമായ സമൂഹമായി സംസ്ഥാനത്തെ മാറ്റുകയാണ് ഇതിൻ്റെ ലക്ഷ്യമെന്ന് ഉച്ചകോടിക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു.
കേരളത്തിൻ്റെ മാനുഷിക മൂലധനത്തെക്കുറിച്ചുള്ള ഉൾക്കാഴ്‌ചകൾ നൽകുന്ന ഒരു സാമ്പത്തിക മാർഗരേഖയായി റിപ്പോർട്ടിനെ ധനമന്ത്രി കെ എൻ ബാലഗോപാൽ വിശേഷിപ്പിച്ചു. കെ-ഡിസ്‌കിൻ്റെ അഭിപ്രായമനുസരിച്ച് പ്രൊഫഷണൽ രംഗത്ത് മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം നിലവിൽ ഒമ്പതാം സ്ഥാനത്താണ്.
കൊച്ചി, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഏകദേശം 40 ശതമാനം പേരും തൊഴിൽ ചെയ്യുന്നത്. പ്രൊഫഷണലുകൾക്കിടയിൽ സാധാരണയായി കാണാവുന്ന റോളുകൾ സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ, അക്കൗണ്ടൻ്റുമാർ, അധ്യാപകർ എന്നിവയാണ്.
സാങ്കേതികവിദ്യ, ധനകാര്യം, വിദ്യാഭ്യാസം എന്നീ മേഖലയിൽ കേരളം ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും കേരളത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.വിദേശത്ത് നിന്ന്, പ്രത്യേകിച്ച് ഗൾഫ് മേഖലയിൽ നിന്ന് മടങ്ങിയെത്തുന്ന വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളുടെ ഗണ്യമായ ഒഴുക്കും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ലോകത്തിൻ്റെ പലയിടങ്ങളിൽ നിന്ന് കേരളത്തിൽ തിരിച്ചെത്തിയ 52 ശതമാനം പേരും യുഎഇയിൽ നിന്നുള്ളവരാണ്. ബിസിനസ് പ്രവർത്തനങ്ങൾ, ധനകാര്യം, സംരംഭകത്വം എന്നിവയിലാണ് മിക്കവരും വൈദഗ്‌ധ്യം നേടിയത്.
കർണാടകയിലെ പ്രാദേശിക കുടിയേറ്റത്തിലൂടെ കേരളത്തിൻ്റെ ഉൽപ്പന്ന മാനേജ്മെൻ്റ്, ഗവേഷണം, വിദ്യാഭ്യാസം എന്നീ മേഖലയിലുള്ള കേരളത്തിൻ്റെ സ്വാധീനം മെച്ചപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഡിജിറ്റൽ, പ്രൊഫഷണൽ രംഗത്തെ പരിശീലനത്തിൽ പങ്കാളിത്തം ഇരട്ടിയായി.
കൃത്രിമബുദ്ധി, ഡാറ്റ വിശകലനം, സാമ്പത്തിക ആസൂത്രണം തുടങ്ങിയവയ്‌ക്ക് പ്രാധാന്യം ലഭിച്ചു. 2030 ആകുമ്പോഴേക്കും പ്രധാന തൊഴിൽ വൈദഗ്ധ്യങ്ങളുടെ 39 ശതമാനം മാറകയോ കാലഹരണപ്പെടുകയോ ചെയ്തേക്കാമെന്നാണ് റിപ്പോർട്ട് അവകാശപ്പെടുന്നത്.
ഐടി, ധനകാര്യം, ആരോഗ്യ സംരക്ഷണം, നിർമ്മാണം എന്നിങ്ങനെ ഇന്ത്യയിലെ മുൻനിര മേഖലകളുമായി കേരളത്തിൻ്റെ പ്രതിഭാ സംഘം ഇടപെടുന്നുണ്ട്. അതേസമയം ബയോടെക്നോളജി, ഓട്ടോമേഷൻ, അഡ്വാൻസ്‌ഡ് അനലിറ്റിക്‌സ് എന്നിവയിലും സംസ്ഥാനത്തിന് സാധ്യതകളുണ്ട്.
പ്രൊഫഷണൽ തൊഴിൽ മേഖലയിൽ 37 ശതമാനവും സ്ത്രീകളാണ്, ദേശീയ ശരാശരിയേക്കാൾ 30ശതമാനം കൂടുതലാണ് ഇത്. ഇടത്തരം സ്ഥാനങ്ങൾ മുതൽ വലിയ സ്ഥാനങ്ങളിൽ വരെ ഇരിക്കുന്നവരാണ് ഇവരിൽ ഭൂരിഭാഗവും. ആഗോള മത്സരത്തിനായുള്ള പക്വതയും സന്നദ്ധതയുമാണ് ഇത് സൂചിപ്പിക്കുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
















