കൊറിയൻ യുവതികളുടെ ചർമ്മം ആരേയും കൊതിപ്പിക്കുന്നതാണ്. ചുളിവുകളോ പാടുകളെ ഇല്ലാത്ത തെളിച്ചമുള്ള ഈ ചർമ്മം സ്വന്തമാക്കാൻ പോക്കറ്റ് കാലിയാക്കുന്ന ട്രീറ്റ്‌മെൻ്റുകൾ വേണ്ട. ശരിയായ രീതിയിലുള്ള ചർമ്മ പരിചരണമാണ് ആവശ്യം. അതിന് കടയിൽ നിന്നും വിലകൊടുത്ത് ക്രീമുകൾ വാങ്ങേണ്ട. കാലങ്ങളായി ചർമ്മ സംരക്ഷണത്തിന് ഉപയോഗത്തിലിരിക്കുന്ന ധാരാളം പ്രകൃതിദത്ത ചേരുവകളുണ്ട്.
റൈസ് വാട്ടർ പോലെ തന്നെ ചർമ്മ പരിചരണത്തിനായി കൊറിയൻ സ്കിൻ കെയറിൽ സ്ഥിരമായി ഉപയോഗത്തിലുള്ള ചേരുവയാണ് ഫ്ലാക്സ് സീഡ് അഥവ ചണവിത്ത്. ചുളിവുകളും, വരകളും പാടുകളും നീക്കി ചർമ്മത്തിലെ അകാല വാർധക്യത്തിൻ്റെ ലക്ഷണങ്ങൾ ഇല്ലാതാക്കാൻ ഇത് ഗുണകരമാണ്.
ധാരാളം ആൻ്റി ഓക്സിഡൻ്റ് സവിശേഷതകളാണ് ചണവിത്തിനുള്ളത്. ചർമ്മത്തിൻ്റെ സെൻസിറ്റിവിറ്റി കുറയ്ക്കാൻ സഹായിക്കുന്നതിനൊപ്പം ഇതിൽ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകൾ ഹൈഡ്രേറ്റ് ചെയ്യും.
ചേരുവകൾ
ചണവിത്ത് (ഫ്ലാക്സ് സീഡ്)- 1/2 കപ്പ്, അരി- 1 കപ്പ്, മഞ്ഞൾപ്പൊടി- 1 നുള്ള്, തേൻ- 2 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
വെള്ളത്തിലേയ്ക്ക് ചണവിത്ത് ചേർത്ത് നന്നായി തിളപ്പിക്കാം. അതിലേയ്ക്ക് അരിയും, ഒരു നുള്ള് മഞ്ഞൾപ്പൊടിയും, ചേർത്ത് തിളപ്പിക്കാം. ജെൽ പരുവത്തിലാകുമ്പോൾ അടുപ്പണയ്ക്കാം. ഇത് തണുക്കാൻ മാറ്റി വയ്ക്കാം. തണുത്ത മിശ്രിതത്തിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ തേൻ ചേർത്തിളക്കി യോജിപ്പിക്കാം. വൃത്തിയാക്കിയ മുഖത്തും കഴുത്തിലും ഈ മിശ്രിതം പുരട്ടി 20 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
















