ഫാന്റസി മാസ് ആക്ഷന്‍ ഴോണറില്‍ കല്യാണി പ്രിയദര്‍ശന്‍ നായികയായി എത്തിയ സൂപ്പര്‍ഹീറോ ചിത്രമാണ് ലോക-ചാപ്റ്റർ 1: ചന്ദ്ര. ചിത്രം ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് മുന്നേറുകയാണ്. നിരവധി താരങ്ങളാണ് ചിത്രത്തിന് അഭിനന്ദനം അറിയിച്ച് രംഗത്ത് വന്നത്. ഇപ്പോഴിതാ സിനിമാ താരം നൈല ഉഷ ലോകയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
ആവേശത്തിൽ ഫഹദ് അവതരിപ്പിച്ചതുപോലെയുള്ള കഥാപാത്രങ്ങൾ നടിമാർക്ക് ലഭിക്കുന്നില്ലെന്ന് ദർശന രാജേന്ദ്രൻ അടുത്തിടെ ഒരു അഭിമുഖത്തിൽ വിമർശനരൂപേണ പറഞ്ഞിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങൾ ഉയർന്നുവന്നിരുന്നു. ഇതിനിടെയാണ് ദർശനയുടെ അഭിപ്രായത്തിനെ പിന്തുണയ്ക്കുംവിധം നൈല ഉഷയുടെ പോസ്റ്റ് വന്നിരിക്കുന്നത്. ലോകയിലെ കല്യാണിയുടെ ലുക്കിനൊപ്പം നടിമാരായ പാർവതി തിരുവോത്തിന്റെയും ദർശന രാജേന്ദ്രന്റെയും ചിത്രങ്ങൾ അടങ്ങിയ ഒരു പോസ്റ്റ് ആണ് നൈല ഉഷ പങ്കുവച്ചിരിക്കുന്നത്.
അവളുടെ വിജയം അവരുടേത് കൂടിയാണ്. സ്ത്രീകളുടെ അസാന്നിധ്യം ചോദ്യം ചെയ്തതിന് നന്ദി എന്ന് എഴുതിയിരിക്കുന്ന കാർഡ് ആണ് നൈല ഷെയർ ചെയ്തിരിക്കുന്നത്. ഇതിനേക്കാൾ യോജിക്കാനാവില്ലെന്നും നൈല പറയുന്നു.
പാൻ ഇന്ത്യ തലത്തിൽ വലിയ പ്രശംസ നേടുന്ന ചിത്രം “ലോക” എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ്. ചന്ദ്ര എന്ന ടൈറ്റിൽ നസ്ലിൻ, സാൻഡി എന്നിവരും ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. കേരളത്തിന് അകത്തും പുറത്തും വമ്പൻ കുതിപ്പ് തുടരുന്ന ചിത്രം ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ചാണ് മുന്നേറുന്നത്.
















