ശിൽപ ഷെട്ടി വലിയൊരു ഭക്ഷണപ്രിയയാണെങ്കിലും കർശനമായ ചില ഭക്ഷണശീലങ്ങൾ നടിക്കുണ്ട്. താരത്തിന്റെ സൗന്ദര്യത്തിനും ഫിറ്റ്നസിനും പിന്നിലെ രഹസ്യം അതാണ്. പല അഭിമുഖങ്ങളിലും തന്റെ ദൈനംദിന ഭക്ഷണത്തെക്കുറിച്ചും വ്യായാമത്തെക്കുറിച്ചും നടി സംസാരിച്ചിട്ടുണ്ട്.
ശിൽപ ഷെട്ടിയുടെ ദിവസത്തിന്റെ തുടക്കം
നോനി ജ്യൂസും ഒന്നര ഗ്ലാസ് ചെറുചൂടുള്ള വെള്ളവും ഉപയോഗിച്ച് ശരീരം വൃത്തിയാക്കിയാണ് ശിൽപ ഷെട്ടി തന്റെ ദിവസം ആരംഭിക്കുന്നത്. വെള്ളം കുടിക്കുന്നതിനുമുമ്പ് ഊർജം വർധിപ്പിക്കുന്നതിനായി നാല് തുള്ളി ജ്യൂസ് കുടിക്കുന്നു. ഇതിനുശേഷം, അവർ ആയുർവേദ രീതിയായ ഓയിൽ പുള്ളിങ് ചെയ്യുന്നു. അതിരാവിലെ വെറും വയറ്റിൽ അര ടേബിൾ സ്പൂൺ വെളിച്ചെണ്ണ എടുത്ത് വായിലൊഴിച്ച് കവിൾ കൊള്ളുന്ന പ്രവൃത്തിയാണിത്. ഇത് വായുടെ ആരോഗ്യം വർധിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ശിൽപ ഷെട്ടി എല്ലാ ദിവസവും രാവിലെ ഏകദേശം 5-10 മിനിറ്റ് ഇത് ചെയ്യുന്നു.
പ്രഭാത ഭക്ഷണം
ചിലപ്പോഴൊക്കെ കറ്റാർ വാഴ ജ്യൂസ് കുടിച്ചാണ് തന്റെ ദിവസം ആരംഭിക്കുന്നതെന്ന് ശിൽപ പറഞ്ഞിട്ടുണ്ട്. പ്രഭാതഭക്ഷണത്തിന്, ശിൽപ ഷെട്ടി പഴങ്ങൾ, ഓട്‌സ്, മ്യൂസ്ലി തുടങ്ങിയ ലളിതമായ ഉയർന്ന ഫൈബർ ഭക്ഷണങ്ങൾ കഴിക്കുന്നു. പ്രഭാതഭക്ഷണം പതിവിലും നേരത്തെയാണെങ്കിൽ അവർ യാത്രയ്ക്കിടയിൽ കഴിക്കാനായി സ്മൂത്തി തയ്യാറാക്കി കൊണ്ടുപോകാറുണ്ട്. സാധാരണയായി ബദാം പാൽ, ഓട്‌സ്, തേൻ, വാഴപ്പഴം, മറ്റ് പഴങ്ങൾ എന്നിവ കൊണ്ടാണ് ഇത് തയ്യാറാക്കുന്നത്.
ഉച്ച ഭക്ഷണം
ഉച്ചഭക്ഷണത്തിനു മുൻപായി രണ്ടു മുട്ടയും അവോക്കാഡോയും വെണ്ണ പുരട്ടിയ ഗോതമ്പ് ടോസ്റ്റും കഴിക്കുന്നു. ഉച്ചഭക്ഷണത്തിൽ സാധാരണയായി ദാൽ റൈസ്, ചപ്പാത്തി, ചിക്കൻ കറി, പച്ചക്കറികൾ എന്നിവ ഉൾപ്പെടുന്നു. ചിക്കൻ അല്ലെങ്കിൽ, അവർ മത്സ്യം കഴിക്കും. എല്ലായ്പ്പോഴും പ്ലേറ്റിൽ പ്രോട്ടീൻ ഉണ്ടെന്ന് ഉറപ്പു വരുത്താറുണ്ട്. വെള്ളരിക്കയും കാരറ്റും ചേർത്ത സാലഡും കഴിക്കാറുണ്ട്. ഉച്ചയ്ക്ക് കഴിക്കുന്ന ഭക്ഷണത്തിൽ ഒരു ടേബിൾ സ്പൂൺ നെയ്യ് ഏതെങ്കിലും രൂപത്തിൽ ചേർക്കുന്ന ശീലവും ശിൽപ ഷെട്ടിക്കുണ്ട്.
അത്താഴം
വൈകുന്നേരം ചായയും സാൻഡ്‌വിച്ചും/അല്ലെങ്കിൽ മുട്ടയും കഴിക്കും. അത്താഴം നേരത്തെ കഴിക്കുന്നതാണ് പതിവ്. “ഒരു പാർട്ടിയിൽ പങ്കെടുക്കേണ്ടി വന്നാലും, വൈകുന്നേരം 7.30 ന് മുമ്പ് ഞാൻ ഭക്ഷണം കഴിക്കും,” അവർ പറയുന്നു. അത്താഴം വളരെ ലഘുവായതാണ്. സാധാരണയായി സൂപ്പും ഗ്രിൽ ചെയ്ത എന്തെങ്കിലും ഒരു ഐറ്റവും ഉണ്ടാകും. രാത്രിയിൽ കാർബോഹൈഡ്രേറ്റ് കഴിക്കുന്നത് പരിമിതപ്പെടുത്താൻ അവർ ശ്രമിക്കാറുണ്ട്.
















