തെലുങ്ക് ഇതിഹാസ നടൻ അല്ലു രാമലിംഗയ്യയുടെ ഭാര്യയും നടന്മാരായ അല്ലു അര്‍ജുന്റേയും രാംചരണ്‍ തേജയുടേയും മുത്തശ്ശിയുമായ അല്ലു കനകരത്‌നം കഴിഞ്ഞദിവസമാണ് അന്തരിച്ചത്. വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു 94-കാരിയായ കനകരത്‌നത്തിന്റെ വിയോഗം.
അല്ലു അര്‍ജുന്റെ പിതാവ് അല്ലു അരവിന്ദിന്റേയും രാംചരണിന്റെ മാതാവ് സുരേഖാ കോനിഡേലയുടേയും അമ്മയായ കനകരത്‌നത്തിന്റെ മരുമകനാണ് തെലുങ്കിലെ സൂപ്പര്‍ താരം ചിരഞ്ജീവി. ഭാര്യാമാതാവിന്റെ മരണത്തിന് ശേഷം അദ്ദേഹം പറഞ്ഞ കാര്യമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കനകരത്‌നത്തിന്റെ അന്ത്യാഭിലാഷം താന്‍ സാധിച്ചുനല്‍കുമെന്നാണ് അവരുടെ മരണത്തിന് ശേഷം ചിരഞ്ജീവി അറിയിച്ചത്. താന്‍ മരിച്ചാല്‍ തന്റെ കണ്ണുകള്‍ ദാനം ചെയ്യണം എന്നായിരുന്നു അല്ലു കനകരത്‌നത്തിന്റെ അവസാനത്തെ ആഗ്രഹം. ഇതിനുള്ള എല്ലാ ഏര്‍പ്പാടുകളും ചെയ്തിട്ടുണ്ടെന്ന് ചിരഞ്ജീവി പറഞ്ഞു.
‘ദുഃഖവാര്‍ത്ത കേട്ടശേഷം അല്ലു അരവിന്ദിന്റെ വസതിയിലേക്ക് ആദ്യമെത്തിയത് ഞാനായിരുന്നു. അല്ലു അരവിന്ദ് അപ്പോള്‍ ബെംഗളൂരുവില്‍ നിന്ന് വീട്ടിലേക്ക് വന്നുകൊണ്ടിരിക്കുകയായിരുന്നു. ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു, അമ്മയുടെ കണ്ണുകള്‍ ദാനം ചെയ്യാന്‍ സമ്മതമാണോ എന്ന്. സമ്മതമാണ് എന്ന് അദ്ദേഹം പറഞ്ഞു.’ -ചിരഞ്ജീവി പറഞ്ഞു.’എന്റെ അമ്മയും ഭാര്യാമാതാവും ഞാനും സംസാരിക്കവെയാണ് കണ്ണുകള്‍ ദാനം ചെയ്യുന്ന കാര്യം വിഷയമായത്. മരണശേഷം കണ്ണുകള്‍ ദാനം ചെയ്യാന്‍ താത്പര്യമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അവര്‍ ഉടനടി സമ്മതമാണെന്ന് പറഞ്ഞു. ഇപ്പോള്‍ അവര്‍ മരിച്ചപ്പോള്‍ ഞാന്‍ ഈ സംഭാഷണം ഓര്‍ത്തു. ഉടന്‍ തന്നെ എന്റെ രക്തബാങ്കിന്റെ ആളുകളെ വിളിച്ച് അതിന് ഏര്‍പ്പാട് ചെയ്തു. അതിന്റെ എല്ലാ നടപടിക്രമങ്ങളും ഇന്ന് പൂര്‍ത്തിയായി.’ -ചിരഞ്ജീവി കൂട്ടിച്ചേര്‍ത്തു.കനകരത്‌നത്തിന്റെ കണ്ണുകള്‍ ദാനം ചെയ്യാന്‍ സന്നദ്ധരായ കുടുംബത്തേയും അതിന് മുന്‍കൈയെടുത്ത ചിരഞ്ജീവിയേയും അഭിനന്ദിച്ചുകൊണ്ട് ഒട്ടേറെ പേരാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളും കമന്റുകളുമിട്ടത്. കുടുംബം കാണിച്ചത് മികച്ച മാതൃകയാണെന്ന് ഒരാള്‍ കുറിച്ചു. മെഗാതാരം ചിരഞ്ജീവി സമൂഹത്തിന് നല്‍കുന്ന സംഭാവന എത്രത്തോളമാണെന്ന് ഇത് കാണിക്കുന്നു എന്ന് മറ്റൊരാള്‍ പറഞ്ഞു.
















