കല്യാണി നായികയായി എത്തിയ ഡൊമിനിക് അരുണ്‍ ചിത്രം ‘ലോക’ തിയേറ്ററില്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. സിനിമയിലെ നസ്ലെന്റെയും ചന്തുവിന്റെയും അഭിനയത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ഒരു ഹായ് പറഞ്ഞാണ് താന്‍ ഈ സിനിമയുടെ ഭാഗമായെതെന്ന് തുറന്ന് പറയുകയാണ് ചന്തു. ലോക സിനിമയുടെ കാസ്റ്റിംഗ് ഡയറക്ടറായ വിവേകുമായി അവിചാരിതമായി നടത്തിയ കൂടിക്കാഴ്ചയാണ് സിനിമയിലേക്ക് എത്തിച്ചതെന്നും ചന്തു പറഞ്ഞു. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം.
ചന്തുവിന്റെ വാക്കുകള്‍…..
‘ഈ സിനിമയിലേക്ക് ഏറ്റവും അവസാനം കാസ്റ്റ് ചെയ്തത് എന്നെയാണ്. ഞാന്‍ ഈ സിനിമയിലേക്ക് വരുന്നത് ഒരു ഹായ് പറഞ്ഞിട്ടാണ്. കാസ്റ്റിംഗ് ഡയറക്ടറായ വിവേക് ഏട്ടന്‍ മഞ്ഞുമ്മലില്‍ അഭിനയിച്ചിട്ടുണ്ട്. കണ്ട് കാണാന്‍ വഴി ഇല്ല, കാരണം ഞങ്ങളും കണ്ടിട്ടില്ല. അരുണ്‍ കുര്യന്റെ സഹോദരനായിട്ടായിരുന്നു അഭിനയിച്ചത്. യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങനെ ഒരു സഹോദരന്‍ ഉണ്ട്. വാഴൈ എന്നൊരു തമിഴ് പടമുണ്ട്. സിനിമയുടെ പ്രീമിയറിന് പോയപ്പോള്‍ വിവേക് ഏട്ടന്‍ അവിടെ ഉണ്ടായിരുന്നു. പുള്ളി എന്നെ കാണാത്ത പോലെ നടക്കുന്നുണ്ടായിരുന്നു. എന്നെ അറിയാലോ പിന്നെ ഇയാള്‍ എന്താ ജാഡ കാണിക്കുന്നതെന്ന് ഞാന്‍ ഓര്‍ത്തു. പുള്ളി വിചാരിച്ചു ഞാന്‍ മൈഡ് ചെയ്യില്ലെന്ന്. ഞാനും കരുതി അങ്ങനെ തന്നെ. പടം കഴിഞ്ഞപ്പോള്‍ ഞാന്‍ വിവേക് ഏട്ടാ എന്ന് പറഞ്ഞു കൈ കാണിച്ചു. നിനക്കു എന്നെ മനസിലായി കാണില്ല എന്നാണ് ഞാന്‍ കരുതിയതെന്ന് പുള്ളി എന്നോട് പറഞ്ഞു. നമ്മള്‍ കമ്പനിക്കാരല്ലേ എന്നാണ് ഞാന്‍ പുള്ളിയോട് പറഞ്ഞത്. അങ്ങോട്ട് ഇമോഷണല്‍ ആയി. അപ്പോള്‍ ഇവര്‍ക്ക് ലോകയിലെ ഞാന്‍ ചെയ്ത കഥാപാത്രമായ വേണുവിനെ ഫിക്‌സ് ചെയ്യാന്‍ കഴിയാതെ നില്‍ക്കുകയായിരുന്നു. വിവേക് ഏട്ടന്‍ ഡൊമിനിക് ഏട്ടനെ വിളിച്ച് ചോദിച്ചു, ചന്തു ആയാല്‍ എങ്ങനെ ഉണ്ടാകുമെന്ന്. അങ്ങനെ ഡൊമിനിക് ഏട്ടന്‍ എന്നോട് വന്ന് കഥ പറഞ്ഞു. നിമിഷും ഒപ്പം ഉണ്ടായിരുന്നു. അപ്പോള്‍ തന്നെ ഫിക്‌സ് ചെയ്തു ഞാന്‍ മതിയെന്ന്’.
രണ്ട് ദിവസം കൊണ്ട് ആഗോള ബോക്‌സ് ഓഫീസില്‍ ഞെട്ടിക്കുന്ന പ്രകടനമാണ് ലോക കാഴ്ചവെക്കുന്നത്. 18.86 കോടിയാണ് സിനിമ വാരികൂട്ടിയത്. ആദ്യ ദിവസം 6.66 കോടി നേടിയ സിനിമയ്ക്ക് രണ്ടാം ദിനം അതിലധികം നേടാനായി. 12.2 കോടിയാണ് ലോകയുടെ രണ്ടാം ദിവസത്തെ കളക്ഷന്‍. ആദ്യ ദിനം കേരളത്തില്‍ നിന്ന് മാത്രം 2.7 കോടി രൂപയാണ് നേടിയതെങ്കില്‍ രണ്ടാം ദിനത്തില്‍ 3.75 കോടിയിലധികം രൂപ നേടിയെന്നാണ് റിപ്പോര്‍ട്ട്.
ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ യൂണിവേഴ്സിന് തുടക്കം കുറിച്ചിരിക്കുകയാണ്. കേരളത്തില്‍ ചിത്രത്തിന്റെ പ്രദര്‍ശനം കൂടുതല്‍ തിയേറ്ററുകളിലേക്ക് വ്യാപിച്ചതിന് പിന്നാലെ ഇപ്പോള്‍ തെലുങ്ക് പതിപ്പിനും സ്വീകാര്യതയേറുകയാണ്. ചിത്രത്തിന്റെ തെലുങ്ക് വേര്‍ഷന്‍ ബുക്കിംഗ് ആപ്പുകളില്‍ ട്രെന്‍ഡിങ്ങായി കഴിഞ്ഞു.
















